കോവിഡിനെ ഫലപ്രദമായി നിയന്ത്രിച്ചതിലൂടെ ലോകത്തിന്റെ അഭിനന്ദനം പിടിച്ചു പറ്റുമ്പോഴും പുറത്തു വരുന്ന വിവരങ്ങള്‍ രാജ്യത്തിനൊന്നാകെ ആശങ്കയാകുകയാണ്.
മഹാരാഷ്ട്രയില്‍ തിരിച്ചറിഞ്ഞ പുതിയ കൊറോണ വൈറസ് വകഭേദമാണ് ഈ ആശങ്കയേറ്റുന്നത്. ഈ വകഭേദം കൂടുതല്‍ അപകടകാരിയാന്‍ ഇടയുണ്ടെന്ന് എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ വ്യക്തമാക്കി.
നിലവില്‍ പ്രതിരോധ ശേഷി നേടിയവരെയും ഈ വൈറസ് ബാധിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ആര്‍ജിത പ്രതിരോധ ശേഷി എന്നത് ഒരു ‘മിത്ത്’ ആണ്. കോവിഡില്‍നിന്ന് മോചനം വേണമെങ്കില്‍ 80 ശതമാനം പേരിലെങ്കിലും ആന്റിബോഡി രൂപപ്പെടണം.
കൂടുതല്‍ വ്യാപനശേഷിയുള്ള പുതിയ വൈറസ് വകഭേദം വ്യാപിച്ചാല്‍ ഇത് അസാധ്യമായിരിക്കും. പുതിയ വൈറസ് വകഭേദങ്ങള്‍ക്ക് പ്രതിരോധ ശേഷി നേടിയ ആളില്‍ വീണ്ടും രോഗബാധയുണ്ടാക്കാന്‍ സാധിച്ചേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇപ്പോഴുള്ള വാക്സിനുകള്‍ പുതിയ വകഭേദങ്ങള്‍ക്കെതിരേ ഫലപ്രദമായേക്കാം. എന്നാല്‍ അവയുടെ കാര്യക്ഷമത കുറവാകാനാണ് സാധ്യത. അതായത്, വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ഉണ്ടാകുന്ന രോഗബാധയുടെ തീവ്രത കുറവായിരിക്കാന്‍ ഇടയുണ്ട്.
പുതിയ വകഭേദങ്ങളെ പ്രതിരോധിക്കുന്നതിന് വാക്സിനുകളില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടോ എന്ന കാര്യം വരും മാസങ്ങളില്‍ രോഗബാധയുടെ സ്വഭാവം നോക്കിയേ നിശ്ചയിക്കാനാകൂ എന്നും ഗുലേറിയ പറഞ്ഞു.
വ്യാപകമായ പരിശോധന, ക്വാറന്റീന്‍ തുടങ്ങിയ നടപടികള്‍ ഇന്ത്യയില്‍ തിരികെ കൊണ്ടുവരേണ്ടതുണ്ട്. പ്രതിരോധ കുത്തിവെപ്പ് എടുക്കേണ്ടത് അത്യാവശ്യമാണെന്നും ഗുലേറിയ പറയുന്നു. രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗത്തിന് സാധ്യതയുണ്ടെന്നാണ് പല വിദഗ്ധരും പറയുന്നത്.