പുതിയ കൊറോണ വൈറസ് രാജ്യത്ത് കൂടുതല്‍ പേരില്‍ കണ്ടെത്തി ! പുതിയ വൈറസ് ബാധിച്ച എല്ലാവരും സിംഗിള്‍ റൂം ഐസൊലേഷനില്‍;കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാകുന്നു…

ന്യൂഡല്‍ഹി: ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ഇന്ത്യയില്‍ 14 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നുരാവിലെയാണ് ഇക്കാര്യം അറിയിച്ചത്.

ഇതോടെ രാജ്യത്ത് കോവിഡിന്റെ വകഭേദം സ്ഥിരീകരിച്ചവരുടെ എണ്ണം 20 ആയി.എന്‍സിഡിസി ഡല്‍ഹിയില്‍ നടത്തിയ പരിശോധനയില്‍ എട്ട് പേര്‍ക്കും ബംഗളൂരു നിംഹാന്‍സില്‍ നടത്തിയ പരിശോധനയില്‍ ഏഴ് പേര്‍ക്കും ഹൈദരാബാദ് സിസിഎംബിയില്‍ നടത്തിയ പരിശോധനയില്‍ രണ്ട് പേര്‍ക്കും എന്‍ഐജിബി കൊല്‍ക്കത്ത, എന്‍ഐവി പൂന, ഐജിഐബി ഡല്‍ഹി എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനകളില്‍ ഒരാള്‍ക്ക് വീതവും ജനിതകമാറ്റം വന്ന കോവിഡ് സ്ഥിരീകരിച്ചു.


വൈറസ് ബാധിതരായി കണ്ടെത്തിയ എല്ലാവരെയും സിംഗിള്‍ റൂം ഐസൊലേഷനിലാക്കി. ഇവരുമായി സന്പര്‍ക്കത്തിലേര്‍പ്പെട്ടവരെയെല്ലാം ക്വാറന്റൈനിലുമാക്കി. പുതിയ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍ അതത് സംസ്ഥാന സര്‍ക്കാരുകളെ അറിയിച്ചിട്ടുണ്ട്.


ഇവര്‍ക്കൊപ്പം യാത്ര ചെയ്തിരുന്നവരെയും അവരുമായി സന്പര്‍ക്കത്തിലായിരുന്നവരെയും കണ്ടെത്തുന്നതിനുള്ള നടപടികള്‍ തുടരുകയാണെന്നും സര്‍ക്കാര്‍ പറയുന്നു.

നവംബര്‍ 25നും ഡിസംബര്‍ 23നും ഇടയില്‍ 33,000 ഓളം ആളുകള്‍ ബ്രിട്ടനില്‍ നിന്ന് രാജ്യത്തെത്തിയിട്ടുണ്ടെന്നാണ് കണക്കുകള്‍. ഇതില്‍ 114 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇവരുടെ സ്രവ സാന്പിളുകള്‍ രാജ്യത്തെ 10 പ്രധാന ലാബുകളിലേക്ക് അയച്ചിരുന്നു.അതേസമയം, ബ്രിട്ടനില്‍നിന്നെത്തിയ ആറു പേര്‍ക്ക് അതിവേഗ വ്യാപന ശേഷിയുള്ള വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ബ്രിട്ടനില്‍നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് നീട്ടിയേക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.


ഡിസംബര്‍ 31 വരെയാണ് വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. പുതിയ വൈറസ് വകഭേദം ബ്രിട്ടനുപുറമേ ഇന്ത്യ, ഡെന്‍മാര്‍ക്ക്, നെതര്‍ലാന്‍ഡ്‌സ്, ഓസ്‌ട്രേലിയ, ഇറ്റലി, സ്വീഡന്‍, ഫ്രാന്‍സ്, സ്പെയിന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ജര്‍മനി, കാനഡ, ജപ്പാന്‍, ലെബനന്‍, സിംഗപ്പൂര്‍,യു.എ.ഇ എന്നീ രാജ്യങ്ങളിലാണ് ഇതുവരെ കണ്ടെത്തിയത്.

Related posts

Leave a Comment