കറന്‍സി റദ്ദാക്കല്‍: ജനം ബാങ്കില്‍ ആവര്‍ത്തിക്കുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരം

rupees

500 രൂപ, 1000 രൂപ കറന്‍സികള്‍ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ബാങ്കുകളില്‍ എത്തിയ സാധാരണക്കാര്‍ക്കു സംശയങ്ങള്‍ നിരവധിയായിരുന്നു. പൊതുവേ ഉയര്‍ന്ന ചില സംശയങ്ങളും അവയ്ക്കുള്ള മറുപടിയും .

1.തിരിച്ചറിയല്‍ രേഖകള്‍ ഏതൊക്കെ?

പാന്‍കാര്‍ഡ്, ആധാര്‍, വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡ്, തൊഴിലുറപ്പ് കാര്‍ഡ്, െ്രെഡവിംഗ് ലൈസന്‍സ്, പാസ്‌പോര്‍ട്ട് തുടങ്ങിയവ. ഇവയുടെ ഒറിജിനല്‍ കാണിക്കണം. കോപ്പി നല്കണം.

2. അക്കൗണ്ടില്‍ എത്ര രൂപ നിക്ഷേപിക്കാം?

എത്ര വേണമെങ്കിലും ആകാം. 50,000 രൂപയോ അതിനു മുകളിലോ നിക്ഷേപിക്കുമ്പോള്‍ പാന്‍ കാര്‍ഡ് വേണം. അക്കൗണ്ട് തുടങ്ങിയപ്പോള്‍ പാന്‍ കാര്‍ഡ് വിവരം നല്കിയിട്ടുണ്ടെങ്കില്‍ പുതുതായി വേണ്ട.

3. അക്കൗണ്ടില്‍ നിന്ന് എത്ര രൂപ എടുക്കാം?

ഒരു ദിവസം ചലാന്‍ നല്കി 10,000 രൂപ. ആഴ്ചയില്‍ പരമാവധി 20,000 രൂപ. എടിഎമ്മില്‍നിന്ന് പ്രതിദിനം 2000 രൂപ. ഏതാനും ദിവസത്തിനു ശേഷം ഈ പരിധി പുനര്‍നിശ്ചയിക്കും.

4. മറ്റേതെങ്കിലും വിധത്തില്‍ കൂടുതല്‍ തുക എടുക്കാനാകുമോ?

എടുക്കാനാവില്ല; കൊടുക്കാനാകും. ചെക്കും ഡിഡിയും വഴി മറ്റാരുടെയെങ്കിലും അക്കൗണ്ടിലേക്കു നല്കാം. ഇലക്ട്രോണിക്, മൊബൈല്‍ ട്രാന്‍സ്ഫറുകളും ആകാം. വ്യാപാരസ്ഥാപനങ്ങളിലേക്കു ക്രെഡിറ്റ് കാര്‍ഡ് വഴിയും ഡെബിറ്റ് കാര്‍ഡ് വഴിയും പണം നല്കാം.

5. ഫിക്‌സഡ് ഡിപ്പോസിറ്റ് കാലാവധിയായാല്‍ തുക മുഴുവന്‍ എടുക്കാമോ?

നിയന്ത്രണം നിലനില്‍ക്കുമ്പോള്‍ അനുവദിക്കില്ല. തുക നിങ്ങളുടെ എസ്ബി അക്കൗണ്ടിലേക്കു മാറ്റും. അവിടെനിന്നു നിയന്ത്രണപരിധി പാലിച്ചു പിന്‍വലിക്കാം. കാലാവധിയായവ പുതുക്കിയിടാം.

6. ജോയിന്റ് അക്കൗണ്ടില്‍ നിന്നു കൂടുതല്‍ തുക പിന്‍വലിക്കാമോ?

ഇല്ല. അക്കൗണ്ടിലെ പിന്‍വലിക്കല്‍ പരിധി മൊത്തമാണ്. ഒരാളോ രണ്ടാളോ എന്നു നോക്കിയല്ല.

7. പതിനായിരം രൂപയില്‍ കൂടുതല്‍ തുക ട്രാന്‍സ്ഫര്‍ ചെയ്യാമോ?
ചെയ്യാം.

8. രണ്ടരലക്ഷത്തിനു മുകളില്‍ പണം നിക്ഷേപിച്ചാല്‍ എത്രയാണു നികുതി?

നിക്ഷേപിച്ചയാള്‍ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട സമയത്തു നികുതി അടയ്ക്കുകയാണെങ്കില്‍ സാധാരണ ആദായനികുതി നിരക്ക് നല്കിയാല്‍ മതി. നിങ്ങളുടെ മൊത്തം നിക്ഷേപവും മൊത്തം കാണിക്കുന്ന വരുമാനവും തമ്മില്‍ പൊരുത്തപ്പെടുന്നുണ്ടെങ്കില്‍ സാധാരണ നികുതി നിരക്ക് മാത്രം. പിഴ ഇല്ല. വരുമാനത്തില്‍ കവിഞ്ഞ നികുതി ഉണ്ടെന്നു വരുമ്പോഴാണു നികുതി വെട്ടിപ്പിന്റെ പേരില്‍ ആദായനികുതി നിയമം 270 (എ) പ്രകാരമുള്ള പിഴ ചുമത്തുക. 100 ശതമാനം മുതല്‍ 300 ശതമാനം വരെ പിഴ ചുമത്താമെന്നാണു വ്യവസ്ഥ. ഇത് 200 ശതമാനമായി ഇപ്പോഴത്തെ നിക്ഷേപ കാലാവധിയിലേക്കു നിശ്ചയിച്ചിട്ടുണ്ട്.

9. ഭൂമി വിറ്റു കിട്ടിയ പണത്തില്‍ കുറേ ഭാഗം പ്രമാണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. അതു ബാങ്കില്‍ നിക്ഷേപിക്കുമ്പോള്‍ നികുതി നല്കി ക്രമപ്പെടുത്താമോ?

പ്രമാണഫീസും മുദ്രപത്രവിലയും വെട്ടിച്ച വിഷയത്തിനു രജിസ്‌ട്രേഷന്‍ വകുപ്പിലുള്ള നടപടിക്രമം പൂര്‍ത്തിയാക്കിയശേഷം വേണം ബാങ്കില്‍ അടയ്ക്കാന്‍. അവിടത്തെ പിഴയും നികുതിയും ഫീസും അടച്ചശേഷം ബാങ്കിലേക്കു നീങ്ങുമ്പോള്‍ കുറച്ചു തുകയേ ഉണ്ടാകൂ. മാത്രമല്ല അപ്പോള്‍ നിങ്ങളുടെ പണം നിയമവിധേയമായതാവുകയും ചെയ്യും. അതിനുശേഷം നിങ്ങള്‍ക്കു മൂലധനാദായത്തിനു നിയമം അനുശാസിക്കുന്ന ഇന്‍ഡെക്‌സേഷന്‍ ആനുകൂല്യം (നവംബര്‍ ഏഴിലെ ദീപിക ബിസിനസ് പേജില്‍ നികുതിലോകം പംക്തിയില്‍ ഇതു വിശദീകരിച്ചിട്ടുണ്ട്)ലഭിക്കുകയും ചെയ്യും.

10. അക്കൗണ്ട് ഇല്ലാത്ത ബാങ്കില്‍ നിന്നു കറന്‍സി മാറ്റിവാങ്ങാമോ?

ദിവസം 4000 രൂപ വരെ. തിരിച്ചറിയല്‍ കാര്‍ഡുമായി സമീപിക്കണം.

11. പാന്‍ കാര്‍ഡ് ഇപ്പോള്‍ എടുക്കാമോ?

എടുക്കാം. അതിനു സഹായിക്കുന്ന ഏജന്‍സികളെ സമീപിക്കുക.

12. വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും കറന്റ് അക്കൗണ്ടില്‍നിന്ന് ഉയര്‍ന്ന തുക പിന്‍വലിക്കാനോ നിക്ഷേപിക്കാനോ കഴിയുമോ?

പിന്‍വലിക്കാന്‍ നിലവിലുള്ള പരിധി പാലിക്കണം. നിക്ഷേപിക്കാന്‍ പരിധിയില്ല.

13. വിദേശത്തുള്ളവരുടെ കൈവശമുള്ള റദ്ദായ കറന്‍സി എന്തു ചെയ്യും?

നാട്ടിലെ ബാങ്കില്‍ ആര്‍ക്കെങ്കിലും അധികാരപത്രം നല്കി (പവര്‍ ഓഫ് അറ്റോര്‍ണി) ബാങ്കില്‍ കൊടുത്തു മാറ്റിയെടുക്കാം. പോകുന്നയാള്‍ തിരിച്ചറിയല്‍ രേഖകളും മറ്റും കരുതിയിരിക്കണം.

14. ഒരുദിവസം ഒന്നിലേറെ തവണ എടിഎം ഉപയോഗിക്കാമോ?
ആകാം. പക്ഷേ പരമാവധി തുക ദിവസം 2000 രൂപ വരെ മാത്രം.

15. സംസ്ഥാനത്തിനു പുറത്തു പഠിക്കുന്ന കുട്ടിയുടെ അക്കൗണ്ടില്‍ പണം നിക്ഷേപിക്കാമോ?

നിക്ഷേപിക്കാം. അതിന് തടസമില്ല. പക്ഷേ അവിടെ പിന്‍വലിക്കുമ്പോള്‍ നിയന്ത്രിത പരിധി ബാധകമാണ്. ഫീസും മറ്റും കോളജ് അക്കൗണ്ടിലേക്ക് അടയ്ക്കുകയോ ട്രാന്‍സ്ഫര്‍ ചെയ്യുകയോ ആകാം.

ആദായനികുതി ബാധ്യത ഇപ്രകാരം

ന്യൂഡല്‍ഹി: പഴയ കറന്‍സി ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിനോട് അനുബന്ധിച്ച് ആദായ നികുതി വകുപ്പുമായി ബന്ധപ്പെട്ട നടപടികള്‍ സംബന്ധിച്ച സംശയങ്ങള്‍ക്ക് കേന്ദ്ര റവന്യൂ സെക്രട്ടറി ഹസ്മുഖ് ആധ്യ നല്‍കിയ മറുപടികള്‍.

ചോദ്യം 1: ഒട്ടേറെ ചെറുകിട ബിസിനസുകാര്‍, വീട്ടമ്മമാര്‍, കൈതൊഴിലുകാര്‍, തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് ചെറിയ ഒരു തുക വീടുകളില്‍ നിക്ഷേപമായി കാണും. ഇത് ബാങ്കില്‍ നിക്ഷേപിച്ചാല്‍ ആദായ നികുതി വകുപ്പില്‍ നിന്ന് ചോദ്യങ്ങളുണ്ടാകുമോ ?

ഉത്തരം: ചോദ്യത്തില്‍ ഉന്നയിച്ചിരുക്കുന്ന വിഭാഗത്തില്‍പ്പെടുന്നവര്‍ ഒന്നര മുതല്‍ രണ്ടു ലക്ഷം രൂപ വരെയുള്ള ചെറിയ തുക നിക്ഷേപിക്കുന്നതില്‍ യാതൊന്നും ആശങ്കപെടേണ്ടതില്ല. കാരണം ആദായ നികുതി കണക്കാക്കുന്നതില്‍ താഴെയാണ് അത്. അത്തരം ചെറിയ നിക്ഷേപങ്ങളുടെ പേരില്‍ ആദായ നികുതി വകുപ്പില്‍ നിന്ന് യാതൊരു ബുദ്ധിമുട്ടിക്കലും ഉണ്ടാവില്ല.

ചോദ്യം 2: ഈ കാലയളവില്‍ നടത്തുന്ന പണ നിക്ഷേപങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ആദായ നികുതി വകുപ്പിന് ലഭിക്കുമോ ? അങ്ങനെയാണെങ്കില്‍ 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ക്യാഷ് ഡിപ്പോസിറ്റുകള്‍ സംബന്ധിച്ച വിവരം മാത്രം ആദായ നികുതി വകുപ്പിനെ അറിയിച്ചാല്‍ മതി എന്ന നിബന്ധന തുടരുമോ ?

ഉത്തരം: നവംബര്‍ പത്തിനു ഡിസംബര്‍ 30നും ഓരോ അക്കൗണ്ടിലും രണ്ടര ലക്ഷം രൂപയിലധികമുള്ള എല്ലാ നിക്ഷേപങ്ങള്‍ സംബന്ധിച്ച് ഞങ്ങള്‍ക്ക് റിപ്പോര്‍ട്ട് ലഭിക്കും. നിക്ഷേപകര്‍ ഫയല്‍ ചെയ്തിട്ടുള്ള ആദായ നികുതി റിട്ടേണുമായി ഇവ പൊരുത്തപ്പെടുന്നുണ്ടോയെന്ന് വകുപ്പ് പരിശോധിക്കും. അതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികള്‍.

ചോദ്യം 3: ഒരു ബാങ്ക് അക്കൗണ്ടില്‍ 10 ലക്ഷം രൂപയിലധികം നിക്ഷേപം ആദായ നികുതി വകുപ്പ് കണ്ടുവെന്ന് ഇരിക്കട്ടെ. അതാകട്ടെ വെളിപ്പെടുത്തപ്പെട്ട ആദായവുമായി പൊരുത്തപ്പെടുന്നില്ലെന്നുമിരിക്കട്ടെ. അതിന്‍മേല്‍ ചുമത്തുന്ന നികുതിയും പിഴയും എത്രയായിരിക്കും ?

ഉത്തരം: ഇതിനെ നികുതി വെട്ടിപ്പായി കണക്കാക്കി നികുതിയും കൂടാതെ ആദായ നികുതി വകുപ്പിലെ 220 എ പ്രകാരമുള്ള 200 ശതമാനം പിഴയും ചുമത്തും.

ചോദ്യം 4: ഒട്ടേറെ പേര്‍ ഇപ്പോള്‍ ആഭരണങ്ങള്‍ വാങ്ങി കൂട്ടുന്നു. ആദായ നികുതി വകുപ്പ് ഇതിനെ എങ്ങനെയാണ് കാണുന്നത്. ?

ഉത്തരം: ആഭരണം വാങ്ങിക്കുന്നയാള്‍ തന്റെ പാന്‍ നമ്പര്‍ നല്‍കേണ്ടതുണ്ട്. ഇത് പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആഭരണം വാങ്ങുന്നയാളില്‍ നിന്ന് പാന്‍ നമ്പര്‍ രേഖപ്പെടുത്താന്‍ മറക്കുന്ന ജ്വല്ലറിക്കെതിരെ നടപടി കൈക്കൊള്ളും. ജ്വല്ലറികളിലെ ക്യാഷ് ഡിപ്പോസിറ്റുകള്‍ വില്‍പ്പനയുമായി ഒത്തുപോകുന്നുണ്ടോ എന്ന് നോക്കും.

Related posts