മുംബൈ: കറന്‍സി പിന്‍വലിക്കല്‍ നടപടി രാജ്യത്തെ ഫാക്ടറി ഉത്പാദനത്തില്‍ കുറവുവരുത്തിയതായി സൂചന. വ്യാവസായിക പ്രവര്‍ത്തനങ്ങളുടെ വേഗം കണക്കാക്കുന്ന പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡെക്‌സ് (പിഎംഐ) നവംബറില്‍ 54.4ല്‍നിന്ന് 52.3 ലേക്കു താണു. 2013 മാര്‍ച്ചിനു ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്.
സൂചിക 50നു മുകളിലായതിനാല്‍ വ്യവസായമേഖലയില്‍ മാന്ദ്യമില്ല. പകരം ഉത്പാദന വളര്‍ച്ചയുടെ തോത് താഴോട്ടു പോവുകയാണു ചെയ്തത്.കറന്‍സി പ്രശ്‌നം വാഹനവിപണിയെ ബാധിച്ചു. കാര്‍വില്പനയില്‍ വലിയ ഇടിവുണ്ടായില്ലെങ്കിലും മിനി ട്രക്കുകള്‍, ട്രാക്ടറുകള്‍ തുടങ്ങിയവയ്ക്കു വലിയ തിരിച്ചടി നേരിട്ടു.
കാര്‍ വിപണിയിലെ ഒന്നാമനായ മാരുതി സുസുകിക്ക് നവംബറിലെ ആഭ്യന്തര വില്പന 14.2 ശതമാനം വര്‍ധിച്ചു. 1,10,599ല്‍നിന്ന് 1,26,325 ലേക്ക്. തലേവര്‍ഷം നവംബറിനെ അപേക്ഷിച്ചാണ് ഈ വര്‍ധന. എന്നാല്‍ തലേ മാസത്തെ അപേക്ഷിച്ചു 2.1 ശതമാനം വര്‍ധനയേ ഉള്ളൂ.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയ്ക്ക് 24.89 ശതമാനം കുറവായി വില്പന. ആഭ്യന്തരവില്പന 39,383ല്‍നിന്ന് 29,814 ആയി താണു. സ്‌കോര്‍പിയോ, എക്‌സ്യുവി, സൈലോ, ബൊലേറോ, വേറിറ്റോ എന്നിവയുള്‍പ്പെട്ട യാത്രാവാഹനങ്ങളുടെ വില്പന 33 ശതമാനം ഇടിഞ്ഞു. 19,662ല്‍നിന്ന് 13,217ലേക്ക്. വാണിജ്യവാഹന വില്പനയില്‍ 15 ശതമാനമാണ് ഇടിവ്.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ട്രാക്ടര്‍ വില്പന 24 ശതമാനമാണു താണത്. 20,819ല്‍നിന്ന് 15,918 ലേക്ക്.
ഫോക്‌സ്വാഗണ് വില്പന ഇരട്ടിയിലേറെയായി. തലേ നവംബറിലെ 1,942ല്‍നിന്ന് 4,014ലേക്ക്. കഴിഞ്ഞവര്‍ഷം പുകത്തട്ടിപ്പിനെ തുടര്‍ന്നു വില്പന കുത്തനേ ഇടിഞ്ഞിരുന്നു.ടൊയോട്ട കിര്‍ലോസ്കര്‍ 10 ശതമാനം വളര്‍ച്ച നേടി. ഫോര്‍ഡ് 22.19 ശതമാനം കൂടി.വാണിജ്യ വാഹന നിര്‍മാതാക്കളായ ഐഷറിനു വില്പന 12.7 ശതമാനം കുറഞ്ഞു. 3,639ല്‍നിന്ന് 3,176ലേക്ക്.അശോക് ലേലന്‍ഡിന് മൊത്തം വില്പന ഏഴു ശതമാനം കൂടിയപ്പോള്‍ മിനിട്രക്കുകളുടെ (എല്‍സിവി) വില്പന ഒരുശതമാനം കുറഞ്ഞു.റെനോയ്ക്കു വില്പന 23 ശതമാനം കൂടി. ക്വിഡ് ആണു വില്പനയില്‍ മുന്നില്‍നിന്നത്.