സോഫിയയും അരുണും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നില്ലെന്ന വാദം പൊളിച്ചടുക്കി പ്രോസിക്യൂഷന്‍; ഇരുവരുടെയും സംയുക്ത ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ലഭിച്ചു; സാം ഏബ്രഹാം വധക്കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്

 

മെല്‍ബണ്‍: ഭാര്യയും കാമുകനും ചേര്‍ന്ന് ഓസ്‌ട്രേലിയയില്‍ വച്ചു യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായകമാകാവുന്ന വിവരങ്ങള്‍ പുറത്ത്. കേസില്‍ വിചാരണ തുടങ്ങിയതോടെയാണ് കുറ്റവാളികളും അവിഹിത ബന്ധത്തിലേര്‍പ്പെട്ടിരുന്നവരുമായ സോഫിയയ്ക്കും അരുണ്‍ കമലാസനനും എതിരായ തെളിവുകള്‍ പുറത്തു വന്നത്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ ഇരുവരെയും വെട്ടിലാക്കുന്നതാണ്. ജൂറി വിചാരണയുടെ രണ്ടാം ദിവസമാണ് നിര്‍ണായകമായ പല തെളിവുകളും പ്രോസിക്യൂഷന്‍ കോടതി മുമ്പാകെ ഹാജരാക്കിയത്.

സിസിടിവി ദൃശ്യങ്ങളും കോള്‍ ലിസ്റ്റും ഇവരുടെ ബന്ധങ്ങള്‍ വ്യക്തമാക്കുകയാണ്. ഭര്‍ത്താവിനെ ഒഴിവാക്കി അരുണിനൊപ്പം പോകാന്‍ സോഫിയ പദ്ധതിയിട്ടിരുന്നതായി തെളിയിക്കുന്നതാണ് പുതിയ വിവരങ്ങള്‍. 2014 ജനുവരിയില്‍ കോമണ്‍വെല്‍ത്ത് ബാങ്കില്‍ സോഫിയയും അരുണും ജോയിന്റ് അക്കൗണ്ട് തുറന്നിരുന്നു എന്നാണ് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയ തെളിവുകള്‍. അരുണ്‍ കമലാസനന്റെ വിലാസം ഉപയോഗിച്ച് സോഫിയ ഇന്ത്യയിലേക്ക് പണമയച്ചതിന്റെ രേഖകളും ഹാജരാക്കിയിട്ടുണ്ട്. ഈ തെളിവുകള്‍ ശരിയാണെന്ന് സോഫിയ സമ്മതിച്ചതായാണ് പ്രോസിക്യൂഷന്‍ ജൂറിക്ക് മുന്നില്‍ വ്യക്തമാക്കിയിരിക്കുന്നത്. പ്രത്യേക സിം കാര്‍ഡ് ഉപയോഗിച്ചാണ് ഇരുവരും തമ്മില്‍ സംസാരിച്ചിരുന്നത്. സാമിന്റെ മരണ ശേഷം 2016 മാര്‍ച്ചില്‍ സാമിന്റെ പേരിലുള്ള കാര്‍ അരുണിന്റെ പേരിലേക്ക് മാറ്റിയതിന്റെ തെളിവുകളും ജൂറി പരിശോധിച്ചു. പ്രതികള്‍ രണ്ടു പേരും ഒരുമിച്ചു കാറില്‍ സഞ്ചരിക്കുന്നതിന്റെയും ലേലോര്‍ ട്രെയിന്‍ സ്റ്റേഷനില്‍ കാര്‍ പാര്‍ക്ക് ചെയ്ത ശേഷം ട്രെയിന്‍ കയറാനായി പോകുന്നതിന്റെ സി സി ടി വി ദൃശ്യങ്ങളും ജൂറിക്ക് മുന്നില്‍ ഹാജരാക്കി.

ഓറഞ്ച് ജ്യൂസില്‍ സയനൈഡ് കലര്‍ത്തിയാണ് ഇരുവരും സാം എബ്രഹാമിനെ വകവരുത്തിയത്. ഇത് സംബന്ധിച്ച നിര്‍ണായക തെളിവുകളും പുറത്തുവന്നു. 2015 ഒക്ടോബര്‍ 14 നു രാവിലെ എപ്പിംഗിലെ വസതിയില്‍ സാം ചലനമറ്റു കിടക്കുന്നതിന്റെ ദൃശ്യങ്ങളാണ് കോടതിയില്‍ ഹാജരാക്കിയത്. ഇതിന്റെ സമീപത്തും നിന്നും ഒരു പാത്രത്തില്‍ ഓറഞ്ച് ജ്യൂസ് ഇരിക്കുന്നതും ചിത്രങ്ങളില്‍ വ്യക്തമാണെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. സംഭവദിവസം സാമും സോഫിയയും ആറര വയസുകാരനായ മകനും ഒരേ കട്ടിലിലാണ് കിടന്നുറങ്ങിയതെന്നും, സോഫിയ അല്ല വിഷം കൊടുത്തതെങ്കില്‍ പോലും എന്താണ് സംഭവിക്കുന്നത് എന്ന കാര്യം അവര്‍ അറിഞ്ഞിരിക്കുമെന്നും പ്രോസിക്യൂട്ടര്‍ വാദിച്ചു.

ആ രാത്രിയില്‍ അരുണ്‍ കമലാസനന്‍ സാമിന്റെ വീട്ടില്‍ എത്തിയിരുന്നതായും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് കേസില്‍ നിര്‍ണായകമാകുമെന്നാണ് കരുതുന്നത്. സോഫിയയും അരുണും തമ്മിലുള്ള അവിഹിത ബന്ധം തെളിയിക്കാന്‍ പോന്നതാണ് ഈ തെളിവുകള്‍. സാമിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ടോക്സിക്കോളജി റിപ്പോര്‍ട്ടിലാണ് മരണകാരണം സയനൈഡ് ആണെന്ന് കണ്ടെത്തിയത്. ഇതിന്റെ അംശം അപകടകരമായ അളവില്‍ സാമിന്റെ ശരീരത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഉറങ്ങും മുന്‍പ് സോഫിയ സാമിന് ഒരു ഗ്ലാസ് ഓറഞ്ച് ജോസ് നല്‍കിയിരുന്നതായി സമ്മതിച്ചിട്ടുണ്ട്. കൂടാതെ ഒരു ഗ്ലാസ് പിനീട് സാമിന് കുടിക്കാനായി അടുക്കളയില്‍ തന്നെ വച്ചിരുന്നതായും സോഫിയ പറഞ്ഞതായി പ്രോസിക്യൂഷന്‍ ജൂറിയെ അറിയിച്ചു. ഇതോടെ അരുണും സോഫിയയും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നില്ലെന്ന വാദിച്ച അരുണിന്റെ അഭിഭാഷകന്റെ വാദം പൊളിയുകയും ചെയ്തു.

കേസില്‍ വില്ലനായത് സോഫിയയുടെ ഇരട്ടപ്രണയമായിരുന്നു. കോളേജ് കാലത്ത് അടിച്ചുപൊളി ജീവിതം നയിച്ച സോഫി ഒരേസമയം രണ്ട് പേരെയാണ് പ്രണയിച്ചത്. സ്‌കൂള്‍ കാലം തൊട്ട് പരിചയമുണ്ടായിരുന്ന സാമിനെ പ്രേമിച്ചപ്പോള്‍ തന്നെ കോളേജ് കാലത്ത് പരിചയപ്പെട്ട അരുണ്‍ കമലാസനനുമായി അടുക്കുകയും ചെയ്തു. കോളേജ് കാലത്ത ഇവരുടെ പ്രണയം അന്നത്തെ സഹപാഠികള്‍ക്ക് അറിയുകയും ചെയ്യുമായിരുന്നു. എന്നാല്‍, വ്യത്യസ്ത മതക്കാരായതിനാല്‍ പ്രതിബന്ധങ്ങളെ ഭേദിച്ച് വിവാഹത്തിലൂടെ ഒരുമിക്കാന്‍ ഇവര്‍ക്ക് സാധിച്ചില്ല. അതേസമയം സാം എബ്രഹാമുമായുള്ള പ്രണയം വീട്ടുകാര്‍ ഇടപെട്ട് കല്യാണത്തില്‍ കലാശിക്കുകയും ചെയ്തു. എന്നാല്‍, അരുണുമായുള്ള ബന്ധം ഇതേസമയം തന്നെ സോഫി തുടരുകയും ചെയ്തു. ഈ പ്രണയമാണ് ഒടുവില്‍ സാമിന്റെ ജീവനെടുത്തത്.

2016 ഒക്ടോബറിലായിരുന്നു മെല്‍ബണിലെ യുഎഇ എക്‌സ്‌ചേഞ്ച് ജീവനക്കാരനായ സാം മാത്യൂസ് കൊല്ലപ്പെടുന്നത്. ഹൃദയാഘാതമയിരുന്നു മരണ കാരണം എന്നു ഭാര്യ സേഫിയ എല്ലാവരേയും വിശ്വസിപ്പിച്ചു. എന്നാല്‍ തന്റെ കാമുകന്‍ അരുണ്‍ കമലാസനൊപ്പം ജീവിക്കാന്‍ ഇരുവരും ചേര്‍ന്നു സാമിനെ കൊലപ്പെടുത്തുകയായിരുന്നു. അപ്പോഴാണ് പൊലീസിന് അജ്ഞാത ഫോണ്‍ വിളി എത്തിയത്. ഇതോടെ കള്ളി പൊളിഞ്ഞു. സാമിന്റെ ഭാര്യയും കാമുകനും പിടിക്കപ്പെട്ടു. സാം എബ്രഹാം കൊല്ലപ്പെട്ട് ഏതാനും ദിവസങ്ങള്‍ക്കുശേഷമാണ് ഓസ്ട്രേലിയന്‍ പൊലീസിന് അജ്ഞാത ഫോണ്‍സന്ദേശം ലഭിക്കുന്നത്. സോഫിയയുടെ ചെയ്തികള്‍ നിരീക്ഷിച്ചാല്‍ കൊലയ്ക്ക് ഉത്തരം കണ്ടെത്താമെന്നായിരുന്നു സന്ദേശം. അരുണിന്റെ മറ്റൊരു കാമുകിയാണ് ഈ സന്ദേശം അയച്ചത്.

ഭര്‍ത്താവ് മരിച്ചു ദിവസങ്ങള്‍ കഴിയും മുന്‍പേ കാമുകനുമൊത്തുള്ള കറക്കവും മറ്റും ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഭര്‍ത്താവ് മരിച്ച ഒരു യുവതിയുടെ ശരീരഭാഷയും മാനസിക ഭാഷയും ആയിരുന്നില്ല സോഫിയില്‍ കണ്ടത്. ഈ സാഹചര്യത്തിലായിരുന്നു അജ്ഞാത യുവതിയുടെ ഫോണ്‍ സംഭാഷണമെത്തിയത്. ഭര്‍ത്താവിനെ കൊലപ്പെടുത്തിയശേഷം സുഖംജീവിതം നയിക്കാമെന്ന സോഫിയയുടെയും അരുണിന്റെയും മോഹങ്ങള്‍ക്കും അതോടെ വിരാമമായി.

Related posts