കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തേത്തുടര്‍ന്നാണ് സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നത്.
ഞായറാഴ്ചവരെ ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യുനമര്‍ദ്ദം നിലവില്‍ കോമറിന്‍ ഭാഗത്തും സമീപ പ്രദേശങ്ങളിലുമായാണ് സ്ഥിതി ചെയ്യുന്നത്.
അടുത്ത 12 മണിക്കൂറിനുള്ളില്‍ തെക്ക് കിഴക്കന്‍ അറബിക്കടലില്‍ പ്രവേശിക്കുന്ന ന്യൂനമര്‍ദം തുടര്‍ന്നുള്ള 24 മണിക്കൂറില്‍ വടക്ക് – വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് ശക്തി പ്രാപിക്കാനാണ് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ന്യുനമര്‍ദ്ദത്തിന്റെ ഫലമായി തെക്കേ ഇന്ത്യക്ക് മുകളില്‍ കിഴക്കന്‍ കാറ്റ് ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.
അതേസമയം വൃഷ്ടിപ്രദേശത്ത് കനത്ത മഴ പെയ്ത് നീരൊഴുക്ക് ശക്തമായപിന്നാലെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ എട്ട് ഷട്ടറുകള്‍ തുറന്നു.
ചൊവ്വാഴ്ച്ച അര്‍ധ രാത്രിയോടെ തേക്കടി വനപ്രദേശത്ത് ശക്തമായ മഴയുണ്ടായതാണ് നീരൊഴുക്ക് വര്‍ധിക്കാന്‍ കാരണമായത്. മണിക്കൂറുകള്‍ക്കുള്ളില്‍ ജലനിരപ്പ് ഒരടിയോളം കുതിച്ചുയര്‍ന്നു.
മഴ മുന്നറിയിപ്പിനെത്തുടര്‍ന്ന് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍…
ഇന്ന് : കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം
നാളെ: പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, കാസര്‍ഗോഡ്
ശനി: പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, കാസര്‍ഗോഡ്
ഞായര്‍: പത്തനംതിട്ട, കോട്ടയം, ഇടുക്കി