സംക്രാന്തി: സംക്രാന്തി-പേരൂർ റോഡിൽ നിന്നു പഴയ എംസി റോഡിലേക്കു പ്രവേശിക്കുന്ന റോഡിന്റെ കവാടത്തിലെ വീതിക്കുറവ് വാഹനയാത്രക്കാർക്കു ബുദ്ധിമുട്ടു സൃഷ്ടിക്കുന്നു.
എംസി റോഡിൽ വലിയ ഗതാഗതത്തിരക്ക് അനുഭവപ്പെടുന്നതിനാൽ നിരവധി വാഹനങ്ങളാണ് സംക്രാന്തി ജംഗ്ഷനിൽ നിന്നും പേരൂർ റോഡിലുടെ തിരിഞ്ഞു പഴയ എംസി റോഡിലുടെ ഏറ്റുമാനൂർ ഭാഗത്തേക്കു സഞ്ചരിക്കുന്നത്.
നാളുകൾക്കു മുന്പ് ഇവിടുത്തെ ഗതാഗത തിരക്ക് പരിഗണിച്ചു എംസി റോഡിൽനിന്നു സംക്രാന്തി റോഡിലേക്കു പ്രവേശിക്കുന്നതു വണ്വേയാക്കി മാറ്റി.
ഇപ്പോൾ സംക്രാന്തി – പേരൂർ റോഡിലുടെ എംസി റോഡിലേക്ക് എത്തുന്നവർ സംക്രാന്തി ജംഗ്ഷനിൽ നിന്നും പഴയ എംസി റോഡിൽ പ്രവേശിച്ചു സംക്രാന്തി ലിറ്റിൽ ഫ്ളവർ പള്ളിക്കു മുന്നിലുള്ള വീതി കുറഞ്ഞ വഴിയിലുടെ എംസി റോഡിലേക്ക് പ്രവേശിക്കുകയാണ്. ഇവിടുത്തെ വീതിക്കുറവാണ് വാഹനയാത്രക്കാർ ബുദ്ധിമുട്ടുണ്ടാക്കുന്നത്.
ഏറ്റുമാനൂർ ഭാഗത്തുനിന്നു ധാരാളം വാഹനങ്ങൾ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി പഴയ എംസി റോഡിലുടെ സംക്രാന്തി ഭാഗത്തേക്കും എത്തുന്നുണ്ട്. പേരൂർ ഭാഗത്തേക്കു പോകേണ്ട യാത്രക്കാർക്കും റോഡിലെ വീതിക്കുറവു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
റോഡിന്റെ വീതിക്കുറവുള്ള സ്ഥലത്ത് കാലപ്പഴക്കം ചെന്ന കെട്ടിടമാണ് സ്ഥിതി ചെയ്യുന്നത്. ഈ കെട്ടിടം സർക്കാർ ഏറ്റെടുത്തു പൊളിച്ചു നീക്കി റോഡിനു വീതികൂട്ടിയാൽ പ്രശ്നത്തിനു പരിഹാരമാകും.
അടിയന്തരമായി ഈ കെട്ടിടം സർക്കാർ ഏറ്റെടുത്തു റോഡിനു വീതി കൂട്ടി വാഹനയാത്ര സൗകര്യപ്രദമാക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.
കാലപ്പഴക്കം ചെന്ന കെട്ടിടം സംക്രാന്തി ലിറ്റിൽ ഫ്ളവർ പള്ളിയുടെ ഉടമസ്ഥതയിലുള്ളതാണെന്നും നഷ്ടപരിഹാരം ലഭിച്ചാൽ സ്ഥലം സർക്കാരിനു നല്കാൻ തയാറാണെന്നും പള്ളി അധികൃതർ അറിയിച്ചു.