ഉപഭോക്താക്കളെ പിടിക്കാന്‍ പുതിയ പദ്ധതികളുമായി ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ.
അംഗങ്ങള്‍ക്കായി പ്രീമിയം പ്ലാന്‍ അവതരിപ്പിക്കാന്‍ ഇരിക്കേ, നിലവില്‍ വ്യാപകമായി ഉപയോഗിക്കുന്ന പ്ലാനായ സൊമാറ്റോ പ്രോയിലേക്കുള്ള പുതിയ ഉപയോക്താക്കളുടെ സൈനിങ് അപ്പും പഴയ സബ്സ്ക്രിപ്ഷന് പുതുക്കലും കമ്പനി നിര്‍ത്തിവച്ചിരിക്കുകയാണ്.
രാജ്യത്ത് കോവിഡ് ഭീതി ഏറെക്കുറെ ഒഴിഞ്ഞ സാഹചര്യത്തില്‍ ഹോട്ടലുകളിലും മറ്റ് ഭക്ഷണശാലകളിലും പോയി ഭക്ഷണം കഴിക്കുന്ന രീതിയിലേക്ക് കുറെയധികം ആളുകള്‍ മാറിയിരിക്കുന്ന സാഹചര്യമാണുള്ളത്.
ഇതെല്ലാം കണക്കിലെടുത്ത് ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കാന്‍ വേണ്ടിയാണ് പ്രീമിയം പ്ലാന്‍ അവതരിപ്പിക്കാന്‍ സൊമാറ്റോ തയ്യാറെടുക്കുന്നത്.
ഡെലിവറിയില്‍ മുന്‍ഗണന നല്‍കുക, മണിബാക്ക് ഗ്യാരണ്ടി തുടങ്ങി ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കാനുള്ള പരിശ്രമത്തിലാണ് കമ്പനി.
2020ലാണ് സൊമാറ്റോ പ്രോ അവതരിപ്പിച്ചത്. 2021ല്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സേവനം എന്ന മട്ടില്‍ അവതരിപ്പിച്ച സൊമാറ്റോ പ്രോ പ്ലസ് ഇതിനോടകം തന്നെ കമ്പനി നിര്‍ത്തി.
പുതിയ പ്രീമിയം പ്ലാന്‍ വരുന്ന പശ്ചാത്തലത്തില്‍ സൊമാറ്റോ പ്രോയിലേക്കുള്ള പുതിയ ഉപയോക്താക്കളുടെ സൈനിങ് അപ്പും പഴയ സബ്സ്ക്രിപ്ഷന് പുതുക്കലും നിര്‍ത്തിവെയ്ക്കാനാണ് കമ്പനി തീരുമാനിച്ചത്.
ഉപയോക്താക്കളുടെയും റസ്റ്ററന്റ് പങ്കാളികളുടെയും അഭിപ്രായം അനുസരിച്ച് പുതിയ പ്ലാനിന് രൂപം നല്‍കാനാണ് കമ്പനി പദ്ധതിയിടുന്നത്.
നിലവില്‍ സൊമാറ്റോയുടെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നവര്‍ക്ക് തുടര്‍ന്നും സേവനം ലഭിക്കുമെന്നും കമ്പനി അറിയിച്ചു.