എന്തിനാ ചേട്ടാ വെറുതേ വായില്‍ തോന്നുന്നതൊക്കെ വിളിച്ചു പറയുന്നത്? മാധ്യമപ്രവര്‍ത്തകരോട് ദിലീപ് ചോദിച്ച അതേ ചോദ്യം ഉള്‍പ്പെടുത്തിയ പുതിയ ചിത്രത്തിന്റെ ടീസര്‍ വൈറല്‍; ഇത് ദിലീപിന്റെ കഥ പറയുന്ന ചിത്രമെന്നും റിപ്പോര്‍ട്ടുകള്‍

ജനപ്രിയ നായകനായി തിളങ്ങി നിന്ന ദിലീപ് ഏറെ പരീക്ഷണങ്ങള്‍ക്ക് വിധേയനായ വര്‍ഷമായിരുന്നു 2017. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലാവുകയും പിന്നീട് മൂന്നുമാസത്തിലധികം നീണ്ട ജയില്‍ വാസത്തിനുശേഷം ജാമ്യത്തിലിറങ്ങുകയും ചെയ്ത വര്‍ഷം. കേസില്‍ ദിലീപിന് പങ്കുണ്ടെന്ന് വാദിച്ചവരും അദ്ദേഹം നിരപരാധിയാണെന്ന് വാദിച്ചവരും തമ്മിലുള്ള യുദ്ധമായിരുന്നു സോഷ്യല്‍മീഡിയയിലും മറ്റ് മാധ്യമങ്ങളിലും എന്തിന് പൊതുനിരത്തില്‍ വരെ.

യഥാര്‍ത്ഥ സത്യം എന്താണെന്ന് ഇനിയും പുറത്തുവരാനിരിക്കേ, കേസില്‍ വിചാരണ ആരംഭിക്കാനിരിക്കുന്ന ഈ സമയത്ത്, ഉണ്ണി മുകുന്ദനെ നായകനാക്കി സൈജു എസ്എസ് സംവിധാനം ചെയ്യുന്ന ഇര എന്ന സിനിമയുടെ ടീസറാണ് ചര്‍ച്ചയായിരിക്കുന്നത്. ചിത്രത്തിന് ദിലീപിന്റെ ജീവിതവുമായി ബന്ധമുണ്ടെന്നാണ് പറയപ്പെടുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങിയത് മുതല്‍ ഈ സംശയം ബലപ്പെടുകയും ചെയ്തു. ഇപ്പോള്‍ ഇറങ്ങിയ ടീസര്‍ അക്കാര്യം ഒന്നുകൂടി ഊട്ടിയുറപ്പിച്ചിരിക്കുകയാണ്.

‘എന്തിനാ ചേട്ടാ വെറുതെ വായില്‍ തോന്നിയത് വിളിച്ചു പറയുന്നേ’- നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് അറസ്റ്റിലായതിന് ശേഷം കോടതിയിലേക്ക് കൊണ്ടുവരുന്നതിനിടയില്‍ തന്നെ വളഞ്ഞ മാധ്യമപ്രവര്‍ത്തകനോട് ദിലീപ് ചോദിച്ച ചോദ്യമായിരുന്നു ഇത്. ഇതേ ഡയലോഗാണ് ഇരയുടെ ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗോകുല്‍ സുരേഷ് ആണ് ഈ ഡയലോഗ് പറയുന്നത്. ഇതോടെയാണ് ഇര ദിലീപിന്റെ കഥയല്ലേയെന്ന തരത്തിലുള്ള ചര്‍ച്ചയ്ക്ക് വഴിതെളിഞ്ഞത്.

മിയ ജോര്‍ജും നിരഞ്ജനയുമാണ് ചിത്രത്തിലെ നായികമാര്‍. ഇര മാര്‍ച്ച് 16നാണ് തിയേറ്ററുകളിലേക്കെത്തുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ ടീസര്‍ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. ഇര എന്ന സിനിമയെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടന്നപ്പോള്‍ തന്നെ ഈ സിനിമ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ദിലീപിന്റെ ജീവിതത്തിലെ ആ സംഭവമാണ് ചിത്രത്തിന്റെ പ്രമേയമെന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുള്ള സ്ഥിരീകരണവും അണിയറപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുമില്ല.

 

 

 

Related posts