കടലിനടിത്തട്ടിൽ മാത്രം കാണപ്പെടുന്ന അപൂർവ മത്സ്യയിനങ്ങളെ കണ്ടെത്തി ശാസ്ത്രജ്ഞർ. പസഫിക് സമുദ്രത്തിലെ അറ്റ്കാമ ട്രൻജിൽ ഏകദേശം 7,500 മീറ്റർ ആഴത്തിലായാണ് മൂന്ന് അപൂർവ മത്സ്യയിനങ്ങളെ ന്യൂകാസിൽ സർവകലാശാലയിലെ ശാസ്ത്രജ്ഞർ കണ്ടെത്തിയത്.
മനുഷ്യർക്കോ മറ്റു സമുദ്രജീവികൾക്കോ അല്പസമയം പോലും ചെലവഴിക്കാൻ സാധ്യമല്ലാത്ത ചുറ്റുപാടിൽ ജീവിക്കുന്നവയാണ് ഇവയെന്നു ശാസ്ത്രജ്ഞർ പറഞ്ഞു. അതിശൈത്യവും അതിമർദവുമാണ് മറ്റു ജീവികളെ ഇത്ര അഴത്തിൽ ജീവിക്കുന്നതിൽനിന്ന് അകറ്റുന്നത്. പിങ്ക്, പർപ്പിൾ, ബ്ലൂ അറ്റ്കാമ എന്നീ മൂന്നു താത്കാലിക നാമങ്ങളാണ് പുതുതായി കണ്ടെത്തിയ മീനുകൾക്കു ശാസ്ത്രജ്ഞർ നല്കിയിരിക്കുന്നത്.
ഇവയെല്ലാംതന്നെ ലിപ്റൈഡ് കുടുംബത്തിൽപ്പെട്ടവയാണെന്നാണ് ശാസ്ത്രജ്ഞരുടെ പ്രാഥമിക നിഗമനം. അതിമർദവും അതിശൈത്യവുമൊക്കെയുള്ള പ്രതികൂല സാഹചര്യങ്ങളിൽ ജീവിക്കാൻ കഴിവുണ്ടെങ്കിലും കടലിന്റെ മുകൾഭാഗത്തേക്ക് അടുക്കുംതോറും ഇവ ഉരുകിയില്ലാതാകുന്നവയാണെന്നും ശാസ്ത്രജ്ഞർ പറഞ്ഞു.
പ്രത്യക ഉപകരണത്തിന്റെ സഹായത്തോടെ കടലിന്റെ അടിത്തട്ടിൽനിന്നു പിടിച്ച ഒരു മത്സ്യം കരയിലെത്തിയപ്പോഴേക്കും ഉരുകി അപ്രത്യക്ഷമായെന്നും ശാസ്ത്രജ്ഞർ അറിയിച്ചു. കടലിന്നടിത്തട്ടിനു സമാനമായ സാഹചര്യം കൃത്യമായി ഒരുക്കിയ ശേഷം ഉരുകുംമത്സ്യങ്ങളെ വലയിലാക്കാനാണ് ശാസ്ത്രജ്ഞരുടെ പദ്ധതി.