മൂന്നാർ: തുമ്പപ്പൂ ചെടികൾക്ക് ഏറെ പേരുകേട്ട മൂന്നാർ ഭൂപ്രദേശത്തുനിന്നും പുതിയ ഇനം തുമ്പപ്പൂ കണ്ടെത്തി. ഇംപേഷ്യൻസ് ട്രാവൻകൂറിക്ക എന്ന ചെറു ബാൾസം ചെടിയോട് ഏറെ സാമ്യമുളള ഈ പുതിയ ചെടി പെട്ടിമുടി ഭാഗത്തുനിന്നുമാണ് കണ്ടെത്തിയിട്ടുള്ളത്. സസ്യത്തിന് പുതിയ പേരും ലഭിച്ചു. ഇംപേഷ്യൻസ് പാണ്ടുരംഗാനി.
മൂന്നാറിൽ തുമ്പപ്പൂ ഇനത്തിൽപെട്ട ചെടികളെക്കുറിച്ച് ഗവേഷണം നടത്തുന്ന മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ ജി. പ്രസാദാണ് ഈ ചെടി ആദ്യമായി ശ്രദ്ധിച്ചത്. ഇരവികുളം ദേശീയോധ്യാനത്തിലുൾപെട്ട രാജമലയിലെ പെട്ടിമുടിയിൽനിന്നും ഇടമലക്കുടിയിലേക്കു പോകുന്ന വഴിക്കു സമീപമാണ് ഈ ചെടികളെ കണ്ടെത്തിയത്.
ചെടി കണ്ടെത്തിയതോടെ ഈ രംഗത്തെ പ്രഗത്ഭരായ ഡോ. കെ.എം. പ്രഭുകുമാർ, ജഗദീഷ് തുടങ്ങിയവരെ മൂന്നാറിലെത്തിച്ച് പഠനം നടത്തുകയായിരുന്നു. ഇവരുടെ പഠനത്തിന്റെ അടിസ്ഥാനത്തിൽ ഇത് പുതിയ സസ്യമാണെന്ന് സ്ഥിരീകരിച്ചു.
ഇന്റർ നാഷണൽ യൂണിയൻ കൺസർവേഷൻ ഓഫ് നേച്വർ എന്ന സംഘടനയുടെ സംരക്ഷണ പദവി പ്രകാരം ഇതിന് ക്രിട്ടിക്കലി എൻഡേഞ്ചേർഡ് എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതുകൂടാതെ മാങ്കുളം പ്രദേശത്തുനിന്നും ഇംപേഷ്യൻസ് മാങ്കുളമൻസിസ് എന്ന പേരിൽ മാങ്കുളം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ബി.എൻ. നാഗരാജിന്റെ നേതൃത്വത്തിൽ മറ്റൊരു സസ്യംകൂടി കണ്ടെത്തിയിട്ടുണ്ട്. ഇരവികുളം ദേശീയോദ്യാനത്തിന്റെ അതിർത്തി പ്രദേശങ്ങളായ ഷോലവനങ്ങളിൽ ഇവയെ അപൂർവമായി കണ്ടുവരുന്നുണ്ട്.