ഇരിങ്ങാലക്കുട: വനാന്തരങ്ങളിൽ നിന്നു സസ്യ ലോകത്തേയ്ക്കു രണ്ടു പുതിയ ഇഞ്ചിയിനങ്ങൾ കൂടി. സിഞ്ചിബർ കോർണിജിറം, സിഞ്ചിബർ കംപാനുലേറ്റം എന്നിങ്ങനെ പേരു നൽകിയിരിക്കുന്ന സസ്യങ്ങളെ അരുണാചൽ പ്രദേശിൽ നിന്നാണു കണ്ടെത്തിയത്.
പട്ടാന്പി ശ്രീനീലകണ്ഠ ഗവ. സംസ്കൃത കോളജിലെ ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രഫസറും കാലിക്കട്ട് സർവകലാശാല ഗവേഷകനുമായ ടി. ജയകൃഷ്ണൻ, ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജിലെ ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രഫ. ഡോ. ആൽഫ്രഡ് ജോ, കോഴിക്കോട് മലബാർ ബൊട്ടാണിക്കൽ ഗാർഡനിലെ ശാസ്ത്രജ്ഞരായ ഡോ. വി.എസ്. ഹരിഷ്, ഡോ. എം. സാബു എന്നിവരടങ്ങുന്ന ഗവേഷക സംഘമാണു സസ്യങ്ങളെ കണ്ടെത്തിയത്.
വെളുപ്പിൽ പിങ്ക് നിറം കലർന്ന പൂക്കളും ഇലകളുടെ അടിവശത്തെ പിങ്കു നിറവുമാണു സിഞ്ചിബർ കോർണിജിറത്തെ മറ്റു ഇഞ്ചിയിനങ്ങളിൽ നിന്നു വ്യത്യസ്തമാക്കുന്നത്.
ബെൽ ആകൃതിയിലുള്ള പുഷ്പങ്ങളാണു സിഞ്ചിബർ കംപാനുലേറ്റത്തെ വ്യത്യസ്തമാക്കുന്നത്. ലാറ്റിൻ ഭാഷയിൽ ബേൽ എന്നർഥം വരുന്ന കംപാനുലേറ്റം എന്ന പേരു നൽകിയതും ഈ കാരണത്താലാണ്. സിഞ്ചിബർ ജനുസിൽപ്പെട്ട സസ്യങ്ങൾ പൊതുവെ ജൂണ്‍, ജൂലൈ മാസങ്ങളിലാണു പുഷ്പ്പിക്കുന്നത്.
ഒരു ദിവസം മാത്രമാണു പൂക്കളുടെ ആയുസ്. ഓഗസ്റ്റ്, സെപ്റ്റംബർ മാസത്തോടു കൂടി കായ്ക്കുന്ന ഇവ ഡിസംബർ, ജനുവരി മാസങ്ങളോടു കൂടി മണ്ണിനടിയിലെ കിഴങ്ങുകൾ മാത്രം ബാക്കിയാക്കി നശിക്കുകയും അടുത്ത മണ്‍സൂണ്‍ കാലത്തു വീണ്ടും മുളപൊട്ടുകയും ചെയ്യുന്നു.
ഇന്ത്യയിൽ ഏറ്റവും അധികം ഇഞ്ചിയിനങ്ങൾ കണ്ടുവരുന്നതു നോർത്ത് ഇന്ത്യൻ വനാന്തരങ്ങളിലാണ്. തുടർച്ചയായുള്ള ഉരുൾപ്പൊട്ടലുകളും വെള്ളപ്പൊക്കവുമാണു ഇവയുടെ നിലനിൽപ്പിനു പ്രധാന ഭീഷണി.