കോലുമിട്ടായി ഇടുക്കിയെ മത്തു പിടിപ്പിക്കുന്നു;ലഹരിയുടെ പുതുരൂപമായ കോലുമിട്ടായിയ്ക്ക് ആവശ്യക്കാരേറെ; മായം കലര്‍ത്തിയ കഞ്ചാവും സുലഭം

കട്ടപ്പന: ഇടുക്കിയില്‍ കഞ്ചാവുള്‍പ്പെടെയുള്ള മയക്കുമരുന്നുകളുടെ വ്യാപാരം പൊടിപൊടിക്കുന്നു. കുന്തളംപാറ മാര്‍ക്കറ്റ് റോഡിനു സമീപം, മാര്‍ക്കറ്റ് ജങ്ഷന്‍, സെന്‍ട്രല്‍ ജങ്ഷന്‍, സബ് ട്രഷറിയുടെ പരിസരം, പുതിയ ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലെ ഇടവഴികളാണ് വില്‍പ്പനക്കാര്‍ താവളമാക്കിയിരിക്കുന്നത്. ഒരു പൊതി കഞ്ചാവിനു 250 മുതലാണ് ഇപ്പോഴത്തെ വില. കമ്പത്തു നിന്നു ഒരു കിലോ കഞ്ചാവ് 5000 രൂപയ്ക്കാണ് വാങ്ങുന്നത്. ഇതു വണ്ടന്‍മേട് പഞ്ചായത്തിലെ തമിഴ് ഭൂരിപക്ഷ മേഖലയായ മാലിയില്‍ എത്തിച്ച് സംഭരിക്കുന്നു.

സ്കൂള്‍,കോളജ് വിദ്യാര്‍ഥികള്‍ പതിവായി മാലിയില്‍ എത്താറുണ്ട്. എട്ടു മുതല്‍ പത്തുവരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളാണ് മുഖ്യ ഉപഭോക്താക്കള്‍.
സ്കൂള്‍ ദിവസങ്ങളില്‍ സബ് ട്രഷറിക്ക് സമീപമുള്ള കുറ്റിക്കാട്ടില്‍ വിദ്യാര്‍ഥികള്‍ എത്തി കഞ്ചാവ് ഉപയോഗിക്കുന്നു. കൂടാതെ ബ്രൗണ്‍ ഷുഗര്‍ ഉള്‍പ്പെടെയുള്ളവ ആവശ്യക്കാര്‍ക്കു എത്തിച്ചു നല്‍കുന്ന സംഘങ്ങളും നഗരത്തില്‍ പ്രവര്‍ത്തിക്കുന്നു. മയക്കുമരുന്നിന്റെ ലഹരിയില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടുന്നതു പതിവായിട്ടുണ്ട്.

ഹൈറേഞ്ച് കേന്ദ്രീകരിച്ച് കഞ്ചാവ് ഉപയോഗിച്ചുവരുന്നവരുടെ ഫേസ്ബുക്ക്, വാട്‌സ് ആപ് കൂട്ടായ്മകളും നിലവിലുള്ളതായി രഹസ്യ റിപ്പോര്‍ട്ട് ഉണ്ട്. കഞ്ചാവ് വില്‍ക്കുന്നവരും വാങ്ങുന്നവരും ഉപയോക്താക്കളുമെല്ലാം അംഗമായ കൂട്ടായ്മയെക്കുറിച്ച് അടുത്തിടെയാണ് സ്‌പെഷല്‍ ബ്രാഞ്ചിനു വിവരം ലഭിച്ചത്. എന്നാല്‍ കഞ്ചാവിന്റെ ഉറവിടം കണ്ടെത്താന്‍ ഇതുവരെ ധികൃതര്‍ക്കു കഴിഞ്ഞിട്ടില്ല. കഞ്ചാവ് കടത്താന്‍ സന്നദ്ധരായി വിദ്യാര്‍ഥികളും യുവാക്കളുമടങ്ങുന്ന സംഘം എത്തിയതോടെയാണ് സമൂഹ മാധ്യമ കൂട്ടായ്മകള്‍ രൂപപ്പെട്ടത്.

തമിഴ്‌നാട്ടില്‍ നിന്നു കഞ്ചാവ് കൊണ്ടുവരാന്‍ ഇടനിലക്കാരായി വിദ്യാര്‍ഥികള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയതോടെ വിദ്യാലയങ്ങളില്‍ കഞ്ചാവിന്റെ തേരോട്ടമായി. കഞ്ചാവ് ബാഗിനുള്ളിലാക്കി ബസിനുള്ളില്‍ എവിടെയെങ്കിലും നിക്ഷേപിക്കും. പലപ്പോഴും വലിയ പരിശോധനയില്ലാത്തതിനാല്‍ ഇവര്‍ക്കു സുഗമമായി കഞ്ചാവ് കടത്താന്‍ സാധിക്കുന്നു.കഞ്ചാവിനുള്ളില്‍ ഉറുമ്പ്‌പൊടിയും പുകയിലയും ചേര്‍ത്ത് അളവു കൂട്ടി വില്‍ക്കുന്നതായും വിവരമുണ്ട്. ഇതിനിടയില്‍ സ്കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ചു ലഹരി മിഠായിയുടെ വില്‍പ്പനയും വ്യാപകമായി. പല നിറങ്ങളിലുള്ള ഇവ കോലു മിഠായിയുടെ രൂപത്തിലാണ് വിപണിയില്‍ എത്തിയിട്ടുള്ളത്. സ്ഥിരം ഉപഭോക്താക്കളിലൂടെയാണ് ഇതിന്റെ വില്‍പന.

 

Related posts