കോഴിക്കോട്: എത്രയും വേഗം പണമടച്ചില്ലെങ്കില്‍, ആധാര്‍ നമ്പര്‍ വൈദ്യുതി കണക്ഷനുമായി ബന്ധപ്പെടുത്തിയില്ലെങ്കില്‍ വൈദ്യുതി വിച്ഛേദിക്കും എന്ന തരത്തില്‍ ചില വ്യാജ മൊബൈല്‍ സന്ദേശങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് കേരള പോലീസ്.
സന്ദേശത്തിലെ മൊബൈല്‍ നമ്പരില്‍ ബന്ധപ്പെട്ടാല്‍ കെഎസ്ഇബിയുടെ ഉദ്യോഗസ്ഥന് എന്ന വ്യാജേന സംസാരിച്ച് ഒരു പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് ഉപഭോക്താവിന്റെ ബാങ്ക് വിവരങ്ങള്‍ കൈക്കലാക്കി പണം കവരുകയും ചെയ്യുന്ന ശൈലിയാണ് ഇത്തരം തട്ടിപ്പുകാര്‍ക്കുള്ളത്.
വൈദ്യുതി ഉപഭോക്താക്കള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തേണ്ടതാണ്. ഇത്തരം വ്യാജ സന്ദേശങ്ങളോട് യാതൊരു കാരണവശാലും പ്രതികരിക്കരുതെന്നും പോലീസ് പറയുന്നു.
കെഎസ്ഇബി അയയ്ക്കുന്ന സന്ദേശങ്ങളില്‍ അടയ്ക്കേണ്ട ബില്‍ തുക, 13 അക്ക കണ്‍സ്യൂമര്‍ നമ്പര്‍, സെക്ഷന്റെ പേര്, പണമടയ്ക്കേണ്ട അവസാന തീയതി, പണമടയ്ക്കാനുള്ള ഉപഭോക്തൃ സേവന വെബ്സൈറ്റ് ലിങ്ക് തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കും.
ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള വ്യക്തിഗത വിവരങ്ങള്‍ ഒരു ഘട്ടത്തിലും കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നതല്ല.
മൊബൈല്‍ ഫോണ്‍, കംപ്യൂട്ടര്‍ തുടങ്ങിയവയിലേക്ക് കടന്നു കയറുവാന്‍ അനുവദിക്കുന്ന യാതൊരു വിവരങ്ങളും അപരിചിതരുമായി പങ്കുവയ്ക്കരുത്. കെഎസ്ഇബിയുടെ വൈദ്യുതി ബില്‍ അടയ്ക്കാന്‍ സുരക്ഷിതമായ നിരവധി ഓണ്‍ലൈന്‍ മാര്‍ഗങ്ങളുണ്ട്.
ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഇന്‍സ്റ്റാള്‍ ചെയ്യാവുന്നആന്ഡ്രോയ്ഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ വിവിധ ബാങ്കുകളുടെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ ലഭ്യമായ ഇലക്ട്രിസിറ്റി ബില്‍ പെയ്മെന്റ് സൗകര്യം ഉപയോഗിച്ചോ, അംഗീകൃത മൊബൈല്‍ പെയ്മെന്റ് ആപ്ലിക്കേഷനുകള്‍ വഴിയോ അനായാസം വൈദ്യുതി ബില്‍ അടയ്ക്കാവുന്നതാണ്.
ബില്‍ പെയ്മെന്റ് സംബന്ധിച്ച് സംശയം ജനിപ്പിക്കുന്ന കോളുകളോ സന്ദേശങ്ങളോ ലഭിക്കുകയാണെങ്കില്‍ എത്രയും വേഗം 1912 എന്ന ടോള്‍ഫ്രീ കസ്റ്റമര്‍ കെയര്‍ നമ്പരിലോ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലോ വിളിച്ച് വ്യക്തത വരുത്തേണ്ടതാണ്.