പയ്യന്നൂര്‍: സ്വാതന്ത്ര്യ സമരത്തിന്റെ ബാക്കിപത്രമായ പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ ഇടംപിടിക്കാന്‍ പുതിയ ഗാന്ധി വരുന്നു. വടിയും കുത്തി നില്ക്കുന്ന പ്രായമുള്ള ഗാന്ധിയെക്കാള്‍ കുറച്ചുകൂടി ചെറുപ്പമായ, പുഞ്ചിരിയോടെ ഫയലുമായി മുന്നോട്ടു നടക്കുന്ന രീതിയിലുള്ള ഗാന്ധിപ്രതിമയാണ് യുവശില്പി ഉണ്ണി കാനായിയുടെ പണിപ്പുരയില്‍ അണിഞ്ഞൊരുങ്ങുന്നത്.
പഴയകാല സ്വാതന്ത്ര്യസമര സേനാനികളുടെ സംഭാവനയായ ഗാന്ധിമൈതാനിയാണ് സംസ്ഥാന ടൂറിസം വകുപ്പ് മോടിപിടിപ്പിച്ച് ഗാന്ധിപാര്ക്കായി മാറ്റിയത്. 2006 ഫെബ്രവരി 27ന് ടൂറിസം മന്ത്രി കെ.സി. വേണുഗോപാലാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഇതിനുമുമ്പ് സ്ഥാപിച്ച ഗാന്ധിപ്രതിമ 1994 എപ്രില്‍ 13ന് അന്നത്തെ കേന്ദ്രമന്ത്രി എ.കെ.ആന്റണിയാണ് നാടിന് സമര്‍പ്പിച്ചത്.
ഗാന്ധിപ്രതിമയുടെ കടുത്ത കറുപ്പുനിറം അക്കാലത്ത് ആക്ഷേപങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു. പിന്നീട് ഗാന്ധിപ്രതിമയ്ക്ക് സ്വര്‍ണവര്‍ണം നൽകി. രണ്ടരപതിറ്റാണ്ട് പിന്നിടുമ്പോഴേക്കും ഈ ഗാന്ധിപ്രതിമ കാലപ്പഴക്കത്താല്‍ തകരാന്‍ തുടങ്ങിയതിനാലാണ് പയ്യന്നൂര്‍ നഗരസഭ പുതിയ പ്രതിമ സ്ഥാപിക്കാന്‍ തീരുമാനിച്ചത്.
പത്തടി ഉയരമുള്ള പ്രതിമ നിര്‍മാണത്തിന് പ്രമുഖ ഗാന്ധിയന്‍ പി.അപ്പുക്കുട്ട പൊതുവാളും നഗരസഭ ചെയര്മാന് ശശി വട്ടക്കൊവ്വലും കൗണ്‍സിലര്‍മാരും സന്ദര്‍ശിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. കളിമണ്ണില്‍ നിര്‍മിച്ച പ്രതിമയുടെ മോള്ഡെടുത്ത ശേഷം ഫൈബര്‍ ഗ്ലാസിലാണ് പ്രതിമ പൂര്‍ത്തിയാക്കുന്നത്. ഉണ്ണി കാനായിയെ സഹായിക്കാനായി രതീഷ്,സുരേഷ്, വിനേഷ് എന്നിവരുമുണ്ട്.
കേരള സര്‍ക്കാര്‍ മഹാത്മജിയുടെ എഴുപതാം രക്തസാക്ഷിത്വം വിപുലമായ പരിപടികളോടെ 2018 ജനുവരി മുതല്‍ കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലായി നടത്തി വരുന്നുണ്ട്. അതിന്റെ ഭാഗമായി ഈ മാസം അവസാന ആഴ്ച മുതൽ ഒക്ടോബര്‍ ആദ്യ ആഴ്ച വരെ നീളുന്ന വിവിധ പരിപാടികള്‍ പയ്യന്നൂരില്‍ നടത്തുന്നുണ്ട്. ഈ പരിപാടിയോടനുബന്ധിച്ച് പുതിയ ഗാന്ധിശില്പം ഗാന്ധിപാര്‍ക്കില്‍ സ്ഥാപിക്കും.