തൊടുപുഴ: ബൈക്കുകളിൽ രൂപമാറ്റം വരുത്തി അമിത വേഗത്തിൽ പായുന്ന ന്യൂജെൻ യുവാക്കൾ അപകടത്തിൽപ്പെടുന്നതു പതിവ് കാഴ്ചയാകുന്നു. ബൈക്കുകളുടെ ഘടനമാറ്റി സുരക്ഷാ സംവിധാനങ്ങൾ ഒഴിവാക്കിയാണ് ഇവരുടെ ചീറിപ്പാച്ചിൽ. തൊടുപുഴ ടൗണിൽ ഇത്തരത്തിൽ അമിത വേഗതയിൽ വൻ ശബ്ദത്തോടെ ബൈക്കുകളിൽ യുവാക്കൾ ചീറിപ്പായുന്നത് പതിവു കാഴ്ച്ചയാണ്.
ടൗണിലെ കാൽനടയാത്രക്കാർക്കും യുവാക്കളുടെ അമിതവേഗത തലവേദന സൃഷ്ടിക്കുന്നു. കഴിഞ്ഞ ദിവസം സ്വകാര്യ ബസ്റ്റാൻഡിൽ അപകടകരമായ രീതിയിൽ ബൈക്ക് പായിച്ച യുവാക്കളെ തടയാൻ പോലീസ് ശ്രമിച്ചെങ്കിലും ഇവർ പോലീസുകാരുടെ കൈ തട്ടിമാറ്റി കടന്നു കളയുകയായിരുന്നു. പിന്നാലെ പോയി പുലിവാലു പിടിക്കാനില്ലാ എന്ന നിലപാടിൽ പോലീസ് നിൽക്കുന്നതിനാൽ ചെത്തുബൈക്കിൽ ചീറിപായുന്നവർക്ക് പോലീസ് പരിശോധനകൾക്കെല്ലാം പുല്ലു വിലയാണ്.
ഏതാനും ദിവസം ആഴ്ചകൾക്കു മുൻപ് മുനിസിപ്പൽ പാർക്കിനു മുന്നിൽ പാഞ്ഞെത്തിയ ബൈക്കിടിച്ച് പെണ്കുട്ടി റോഡിൽ വീണിരുന്നു. ബൈക്കോടിച്ചിരുന്ന യുവാക്കളും തെറിച്ച് റോഡിൽ വീണു. സമീപത്തുണ്ടായിരുന്നവരും ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരും ഓടിയെത്തിയപ്പോഴേക്കും വാഹനം നേരെയാക്കി യുവാക്കൾ വീണ്ടും അതിവേഗതയിൽ പാഞ്ഞുപോയി. കുടുംബാംഗങ്ങൾക്കൊപ്പം പാർക്കിലെത്തിയശേഷം സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്പോഴായിരുന്നു അപകടം.
ഭാഗ്യം കൊണ്ടാണ് പരിക്കേൽക്കാതെ പെണ്കുട്ടിയും ബൈക്കിലെത്തിയ യുവാക്കളും രക്ഷപെട്ടത്. സീബ്രാ ലൈനുകൾ ഉള്ള ഭാഗത്തു പോലും വേഗം കുറക്കാതെയാണു ചെത്തുയുവാക്കളുടെ പരക്കം പാച്ചിൽ. അമിത വേഗത്തിൽ പോകുന്പോഴും ഇവർ ഹെൽമറ്റും ഉപയോഗിക്കാറില്ല. കന്പനികൾ നിർമിച്ച ബൈക്കുകളിൽ രൂപമാറ്റം വരുത്തി സുരക്ഷാ സംവിധാനങ്ങൾ ഒഴിവാക്കുന്നവർ നിരവിധിയാണ്.
ബൈക്കിന്റെ ഹാന്റിലിന് രൂപമാറ്റം വരുത്തുക, സൈലൻസറുകൾ നീക്കംചെയ്ത് വൻതോതിൽ ശബ്ദമലിനീകരണം സൃഷ്ടിക്കുക, പിൻസീറ്റ് യാത്രക്കാരുടെ സുരക്ഷയ്ക്കായി നിർബന്ധമാക്കിയിരിക്കുന്ന സാരിഗാർഡുകൾ ഒഴിവാക്കുക, ബൈക്കുകളിലെ വെളിച്ചത്തിന് വേണ്ടി ഉയർന്ന കപ്പാസിറ്റിയുള്ള എൽഇഡി ബൾബുകൾ പിടിപ്പിക്കുക തുടങ്ങിയവാണ് ന്യൂജെൻ ശൈലി.
ഒരു ഹോണിന് പകരം പല ഹോണുകൾ സ്ഥാപിക്കുന്നവരും നിരവധിയാണ്. ബൈക്കുകളുടെ കളറുകൾ മറ്റ് വാഹനയാത്രക്കാരുടെ അമിത ശ്രദ്ധ ആകർഷിക്കത്തക്ക വിധത്തിൽ രൂപപ്പെടുത്തുകയും ഇതുമൂലം അപകടംസംഭവിക്കുകയും ചെയ്താൽ ഉടമസ്ഥനെതിരെ നടപടിയെടുക്കാൻ നിയമമുണ്ട്.
എന്നാൽ അധികൃതർ വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. സ്കൂൾ കോളജ് വിദ്യാർഥികളാണ് ഇത്തരം ചെത്തു ബൈക്കുകൾക്ക് രൂപമാറ്റം വരുത്തുന്നതിന് മുൻപന്തിയിൽ നിൽക്കുന്നത്. ലക്ഷങ്ങൾ വിലമതിപ്പുള്ള ഇത്തരം ബൈക്കുകൾ നിരത്തുകളിലെ താരമാണിപ്പോൾ.
ബൈക്കുകൾ ഉണ്ടാക്കുന്ന അപകടങ്ങൾ അടുത്ത കാലത്ത് ക്രമാതീതമായി വർധിച്ചിട്ടുണ്ട്. ബൈക്ക് ഓടിക്കുന്ന യുവാക്കളുടെ ജീവൻ മാത്രമല്ല അമിത വേഗതമൂലം നഷ്ടപ്പെടുന്നത്. റോഡ് നിയമങ്ങൾ പാലിച്ച് വാഹനമോടിക്കുന്നവരുടെ ജീവനും യുവാക്കളുടെ അഭ്യാസങ്ങളിൽപ്പെട്ട് ഷ്ടമാകുന്നുണ്ട്.
ബൈക്ക് അപക ത്തിൽപ്പെട്ട് ജീവിതം കിടക്കയിലായ യുവാക്കളുടെ എണ്ണവും ചെറുതല്ല. കേരളത്തിലിറങ്ങിയിട്ടുള്ള സൂപ്പർബൈക്കുകളിൽ പലതും അപകടത്തിൽപ്പെട്ടിട്ടുണ്ടെന്നു മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇതിൽ ഭൂരിഭാഗവും മരണത്തിലാണ് കലാശിച്ചിരിക്കുന്നത്. ഗുരുതര പരിക്കേറ്റ് കിടപ്പിലായിപ്പോയവരും ഏറെയുണ്ട്.
എന്നാൽ നിലവിലുള്ള നിയമം അനുസരിച്ച് ഇത്തരം വാഹനം വിൽക്കുന്നത് തടയാനോ നിയന്ത്രിക്കുവാനോ സർക്കാരിനും സാധിക്കില്ല. അമിത വേഗതയിൽ ഓടിക്കുന്ന ബൈക്ക് ഓടിച്ച് ആളുകൾ മരിച്ചാൽ വാഹനമോടിക്കുന്നയാളുടെ ലൈസൻസ് റദ്ദാക്കുമെന്നാണ് മോട്ടോർവാഹന വകുപ്പ് പറയുന്നത്. എന്നാൽ ഇത് പലപ്പോഴും നടപ്പാകാറില്ലാത്തതിനാൽ റോഡിലൂടെയുള്ള കസർത്ത് തുടരുകയാണ് പതിവ്.