കൊച്ചി: ഫിലിപ്പിനോ യുവതിയില്‍ നിന്ന് 25 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവവുമായി കൊച്ചിയിലുള്ള ന്യൂജെന്‍ സിനിമാ നിര്‍മാതാവിന് അടുത്ത ബന്ധമെന്ന് സൂചന. നടി ആക്രമിക്കപ്പെട്ട കേസിലും ഇയാളുടെ പേര് ഉയര്‍ന്നു കേട്ടിരുന്നു. സംസ്ഥാന-കേന്ദ്ര ഭരണത്തില്‍ പിടിപാടുള്ള ഈ ഉന്നതനെ തൊടാന്‍ നാര്‍ക്കോട്ടിക് സെല്ലിനു പോലും മടിയാണെന്നാണ് വിവരം. പല ന്യൂജന്‍ പടങ്ങളും നിര്‍മിച്ചിട്ടുള്ള ഇയാളാണ് കൊച്ചിയില്‍ നടക്കുന്ന ഡിജെ പാര്‍ട്ടികളുടെ മുഖ്യ ആസൂത്രകന്‍.
പള്‍സര്‍ സുനിയുമായും ഈ നിര്‍മ്മാതാവിന് ബന്ധമുണ്ടെന്ന് മുമ്പ് വാര്‍ത്തകള്‍ വന്നിരുന്നു. നേരത്തെ സിനിമാ ലോകത്ത് ചര്‍ച്ചയായ കൊക്കെയ്ന്‍ കേസിലും ഈ വമ്പന്‍ സ്രാവിന്റെ കൈകളുണ്ടെന്ന ആരോപണം ശക്തമാണ്. കൊച്ചയിലെ മയക്കുമരുന്ന് മാഫിയയ്ക്ക് അന്താരാഷ്ട്ര തലത്തിലുള്ള ബന്ധങ്ങളാണ് യുവതിയുടെ അറസ്റ്റിലൂടെ വ്യക്തമാകുന്നത്. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് യുവതിയെ പിടികൂടിയത്. ബ്രസീലിലെ സാവോപോളോയില്‍ നിന്ന് കൊണ്ടുവന്ന മയക്കുമരുന്ന് കൊച്ചിയിലെ പ്രമുഖ ഹോട്ടലിലേക്ക് വേണ്ടിയാണ് കടത്തിയതെന്ന് യുവതി പറഞ്ഞു. കൊച്ചിയിലെ ഹോട്ടലില്‍ ഓണ്‍ലൈന്‍ വഴി റൂം ബുക്ക് ചെയ്ത ശേഷമാണ് യുവതി എത്തിയത്. വാട്‌സ്ആപ്പ് വഴി ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് യുവതി പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ കേരളത്തിലെ ഇടനിലക്കാരെ അറിയില്ലെന്നാണ് യുവതി പറയുന്നത്. എന്നാല്‍ ഈ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.
നഗരത്തില്‍ മയക്കുമരുന്ന് മാഫിയാ ബന്ധമുള്ളവരെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. ഫിലിപ്പിനോ യുവതിയെ വീണ്ടും ചോദ്യം ചെയ്യും. സംശയിക്കുന്നവരുടെ മൊബൈല്‍, ഇമെയില്‍ വിശദാംശങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. പുതുവത്സരാഘോഷത്തിന് വേണ്ടിയാണ് കഴിഞ്ഞ ദിവസം മയക്കുമരുന്ന് എത്തിച്ചത്. എന്നാല്‍ ഇത്തരം അവസരങ്ങള്‍ക്ക് പുറമെ കൊച്ചിയില്‍ അടിക്കടി മയക്കുമരുന്ന് പാര്‍ട്ടികള്‍ നടക്കുന്നുണ്ടെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. നടിമാരുള്‍പ്പെടെ സിനിമാ രംഗത്തെ പല പ്രമുഖരും മയക്കുമരുന്ന് റാക്കറ്റിന്റെ കണ്ണികളാണ്. മയക്കുമരുന്ന് ഉപയോഗിക്കുന്ന താരങ്ങളും കുറവല്ല.