വൈപ്പിന്‍: വിവാഹ വീടുകളില്‍ അത്താഴ വിരുന്നിനു ക്ഷണിച്ചവരില്‍ ആവശ്യക്കാര്‍ക്ക് അല്പം മദ്യം വിളമ്പുന്ന പഴയ തലമുറശൈലിയില്‍ നിന്നും വ്യത്യസ്ഥമായി പുത്തന്‍ തലമുറക്കിടയില്‍ ലഹരി ഗുളിക വിതരണം വ്യാപകമാകുന്നുവെന്ന് പോലീസ് സൂചന നല്‍കുന്നു. വിവാഹ സല്‍ക്കാരങ്ങളിലും മറ്റും സംബന്ധിക്കുന്ന സുഹൃത്തുക്കള്‍ക്കും മറ്റും നൈട്രോ സെഫാന്‍ പോലുള്ള വേദന സംഹാരികളാണ് വിതരണം ചെയ്യുന്നത്. പടയപ്പ എന്ന പേരിലാണ് ഇത്തരം ഗുളികള്‍ അറിയപ്പെടുന്നത്. ന്യൂ ജെന്‍ വാഴുന്ന വീടുകളിലെ വിശേഷ പരിപാടികള്‍ക്കാണ് ഇത് കണ്ടു വരുന്നത്.
മദ്യപിച്ചാല്‍ ഗന്ധമുണ്ടാകും. എന്നാല്‍ ഗുളിക ഉപയോഗിച്ചാല്‍ പിന്നെ ആ പ്രശ്‌നം ഉണ്ടാകില്ല. ഇതുമൂലമാണ് ചെറുപ്പക്കാര്‍ പലരും ഗുളികയിലേക്ക് തിരിഞ്ഞിരിക്കുന്നത്. മാത്രമല്ല ഡ്രൈവ് ചെയ്യുമ്പോള്‍ മെഷ്യനില്‍ ഊതിച്ചാലും കുഴപ്പമുണ്ടാകില്ല. ഗുളിക നാവിനടിയില്‍ ഇട്ട് അലിയിപ്പിച്ചു കഴിക്കുകയാണു ചെയ്യുന്നത്. ലഹരി നുരയുന്നതോടെ എന്തിനും ഉല്‍സാഹമുണ്ടാകും. ഡ്രൈവ് ചെയ്യുകയാണെങ്കില്‍ സ്പീഡ് താനെ കൂടും. ഇതൊക്കെയാണ് അനുഭവമത്രേ.
ഈ മാസം ആദ്യം ഞാറക്കല്‍ പുതുവല്‍ റോഡില്‍ നിന്നും ഒരു യുവാവിനെ ഞാറക്കല്‍ എസ്‌ഐ ആര്‍. രഗീഷ്കുമാര്‍ പത്തു ഗുളികളുമായി കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ അറിഞ്ഞത്. മുന്‍കൂട്ടി ബുക്ക് ചെയ്താല്‍ ആവശ്യത്തിനുള്ള ഗുളികള്‍ സ്ഥലത്തെത്തിച്ചു കൊടുക്കാന്‍ ഈ സംഘങ്ങള്‍ക്ക് ആളുകളുണ്ട്. ബംഗ്ലൂരില്‍ നിന്നാണ് ഇത്തരം ഗുളികള്‍ വ്യാപകമായി കേരളത്തിലെത്തുന്നത്. വിദ്യാര്‍ഥികളാണ് പലപ്പോഴും കാരിയര്‍മാര്‍. എന്നാല്‍ പിടികൂടാന്‍ കഴിയുന്നില്ലെന്ന് പോലീസ് പറയുന്നു.