ഒരു ഹായ് അല്ലെങ്കില്‍ ഹലോ പറയൂ എന്നുള്ള പോസ്റ്റുകള്‍ കൊണ്ട് ഫേസ്ബുക്ക് നിറഞ്ഞിരിക്കുകയാണ്. ഫേസ്ബുക്ക് അല്‍ഗോരിതത്തിന്റെ പേരില്‍ പ്രചരിക്കുന്ന ഒരു സന്ദേശമാണ് ആളുകളെ വിളറി പിടിപ്പിച്ചിരിക്കുന്നത്. ഫേസ്ബുക്ക് അല്‍ഗോരിതം മാറ്റിയെന്നും അതിനാല്‍ പരസ്പരം ആശയ വിനിമയം നടത്താത്തവര്‍ക്ക് തങ്ങളുടെ പോസ്റ്റുകള്‍ പരസ്പരം കാണാന്‍ കഴിയില്ലെന്നുമുള്ള തരത്തിലാണ് സന്ദേശം കൊണ്ടു പിടിച്ചു പ്രചരിക്കുന്നത്.
ഇതോടെയാണ് ഫേസ്ബുക്കില്‍ ‘ഹായ്’ ക്യാമ്പെയ്ന് ഉടലെടുത്തത്. കേട്ടപാതി കേള്‍ക്കാത്ത പാതി ആളുകള്‍ ഹായ് യാചിച്ച് പോസ്്റ്റുകള്‍ വാരി വിതറാന്‍ തുടങ്ങി. എന്നാല്‍ ഇതില്‍ വലിയ കാര്യമൊന്നുമില്ലെന്നതാണ് വാസ്തവം. എന്നാല്‍ ഫേസ്ബുക്കിനെക്കുറിച്ചും അല്‍ഗോരിതത്തെക്കുറിച്ചും അറിയാവുന്നവര്പ്പോലും ഇതില്‍ വീണു പോയെന്നതാണ് യാഥാര്‍ഥ്യം.
എന്നാല്‍ ഇതിനു പിന്നിലുള്ള വാസ്തവം പ്രചരിക്കുന്ന കാര്യങ്ങളില്‍ നിന്നും ഏറെ അകലെയാണ്. നിങ്ങള്‍ക്ക് പ്രാധാന്യമുള്ള പോസ്റ്റുകള്‍ കാണിക്കുക എന്നതാണ് ന്യൂസ് ഫീഡിന്റെ ലക്ഷ്യം. അതുവഴി കൂടുതല്‍ ആസ്വാദ്യകരമായ അനുഭവം ലഭ്യമാകും. അതേസമയം നിങ്ങളുടെ എല്ലാ സുഹൃത്തുക്കളില്‍ നിന്നുമുള്ള എല്ലാ സന്ദേശങ്ങളും ഫെയ്സ്ബുക് കാണിക്കില്ലെന്നതും ശരിയാണ്. കാരണം ഹായ് അയയ്ക്കാത്തതു കൊണ്ടല്ല സൈറ്റില്‍ ഇടമില്ലാത്തതു കൊണ്ടാണ്.
മാത്രമല്ല നിങ്ങള്‍ക്ക് ഏറെ താല്പര്യമുള്ള സുഹൃത്തുക്കളുടെ പോസ്റ്റുകള്‍ ഫില്‍റ്റര്‍ ചെയ്താണ് ഫേസ്ബുക്ക് നിങ്ങളുടെ മുമ്പില്‍ എത്തിക്കുന്നത്. നിങ്ങള്‍ സ്ഥിരമായും വായിക്കുകയും സംവദിക്കുകയും ചെയ്യുന്ന പോസ്റ്റുകള്‍ ഏതൊക്കെയാണെന്ന് കൃത്യമായി പരിശോധിച്ചാണ് ഇങ്ങനെ ചെയ്യുന്നത്. അതുകൊണ്ട് നിങ്ങളുടെ ഫീഡിന് മുകളില്‍ സ്ഥിരം പ്രത്യക്ഷപ്പെടുന്ന 25 പേര് അല്ലെങ്കില്‍ അതില്‍ കുറവോ അതില്‍ കൂടുതലോ ആളുകള്‍ ഉണ്ടായിരിക്കാം.
നിങ്ങള്‍ ആരുടെയെങ്കിലും പോസ്റ്റുമായി കൂടുതല്‍ അടുപ്പം പുലര്‍ത്തുകയാണെങ്കില്‍ അവരും ആ ഗ്രൂപ്പിന്റെ ഭാഗമാകാന്‍ സാധ്യതയുണ്ട്. ഇവിടെ ആളുകളെ അവരിഷ്ടപ്പെടുന്ന പോസ്റ്റുകളുമായി സംവദിക്കാന്‍ പ്രോത്സാഹനം നല്‍കുകയാണ് ഫെയ്സ്ബുക്. നിങ്ങള്‍ക്ക് അറിയാനും കേള്‍ക്കാനും ഇഷ്ടമുള്ളവരുടെ പോസ്റ്റുകള്‍ സ്വാഭാവികമായും ഫീഡിന്റെ മുകളിലേക്ക് ഉയര്‍ത്തുകയും ചെയ്യുന്നു. ഇനിയും പരിഭ്രാന്തി തീര്‍ന്നില്ലെങ്കില്‍ സുഹൃത്തുക്കളുടെ പ്രൊഫൈലില്‍ കയറി ഫോളോ ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ പ്രശ്നം പൂര്‍ണമായും പരിഹരിക്കപ്പെടും. അല്ലാതെ രാവിലെ മുതല്‍ ഫേസ്ബുക്കില്‍ കയറി ഹായ് യാചന നടത്തുകയല്ല വേണ്ടത്.