കടുത്ത മതനിയമങ്ങള് നിലനില്ക്കുന്ന രാജ്യമാണ് ഇറാന്. ഇപ്പോഴിതാ ഇറാനിലെ രണ്ടാമത്തെ വലിയ നഗരമായ മഷാദില് തല മറയ്ക്കാത്ത സ്ത്രീകള്ക്കു മെട്രോയില് വിലക്കേര്പ്പെടുത്തിയിരിക്കുകയാണ്.
1979ലെ ഇസ്ലാമിക് റവല്യൂഷന് മുതല്, ഇറാനിയന് നിയമപ്രകാരം, എല്ലാ സ്ത്രീകളും തലയും കഴുത്തും തലമുടിയും മറയ്ക്കുന്ന രീതിയിലുള്ള ഹിജാബ് ധരിച്ചിരിക്കണം.
മതമേതായാലും ദേശീയതയേതായാലും ഇത് ബാധകമാണ്. എന്നാല് ടെഹ്റാനിലും മറ്റു പ്രധാന നഗരങ്ങളിലും കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിലേറെയായി പലരും മുടി പുറത്തു കാണുന്ന രീതിയില് ഹിജാബ് ധരിക്കാറുണ്ട്.
ഇപ്പോള് മഷാദിന്റെ ഡെപ്യുട്ടി പ്രോസിക്യൂട്ടര് സിറ്റി ഗവര്ണര്ക്കയച്ച കത്തുപ്രകാരം, ഹിജാബ് ധരിക്കാത്ത സ്ത്രീകള്ക്കു മെട്രോ പ്രവേശനം നിരോധിച്ചിരിക്കുകയാണ്.
അധികാരപ്പെട്ടവര് ഈ നിയമം നടപ്പാക്കിയില്ലെങ്കില് വിചാരണ നേരിടേണ്ടിവരും. ഷിയാ വിഭാഗക്കാരുടെ ആദരണീയ വ്യക്തികളിലൊരാളായ ഇമാം റെസയുടെ ആരാധനാലയം സ്ഥിതി ചെയ്യുന്നത് മഷാദിലാണ്. 30 ലക്ഷത്തോളമാളുകള് ഈ നഗരത്തില് ജീവിക്കുന്നുണ്ട്.
”നിയമപ്രകാരമുള്ള കത്താണ് മഷാദിന്റെ ഡെപ്യുട്ടി പ്രോസിക്യൂട്ടറുടേത്”,കത്തിന്റെ ആധികാരികത ഉറപ്പുവരുത്തിക്കൊണ്ട് ഇറാന് അറ്റോര്ണി ജനറല് മുഹമ്മദ് ജാഫര് മൊണ്ടസെറി പറഞ്ഞു.
പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്ട്ട് പ്രകാരം അടുത്തിടെ ഹിജാബ് ധരിക്കാതെ എത്തിയ സ്ത്രീകള്ക്കു സേവനം നല്കിയതിനു കോം നഗരത്തിലെ മൂന്ന് കോഫി ഷോപ്പുകള് അധികൃതര് അടച്ചിട്ടു.
ഷിറോസ് നഗരത്തിലെ സ്കേറ്റ് ബോര്ഡ് പരിപാടിക്കിടെ സ്ത്രീകള് ഹിജാബ് നീക്കം ചെയ്തതിനു സംഘാടകര്ക്കൊപ്പം അവരെ അറസ്റ്റ് ചെയ്തതും കഴിഞ്ഞ മാസമാണ്.
ഏതാനും വര്ഷങ്ങള്ക്കു മുമ്പ് പുരുഷന്മാരുടെ ഫുട്ബോള് മത്സരം കണ്ടതിന് ഗൊഞ്ചെ ഗവാമി എന്ന യുവതിയ്ക്ക് അഞ്ചു മാസമാണ് ജയിലില് കഴിയേണ്ടി വന്നത്.