ക്രിസ്മസ് സമ്മാനമായി നിര്‍ധന കുടുംബത്തിന് വീട്; പുതിയ വീട് ലഭിച്ചതിന്റെ ആഹ്ലാദത്തില്‍ കുഞ്ഞുമോളും മൂന്നു മക്കളും.

ktm-housefbപത്തനംതിട്ട: സാമൂഹ്യപ്രവര്‍ത്തക ഡോ.എം.എസ്. സുനിലിന്റെ നേതൃത്വത്തില്‍ പണിത 65 –ാമതു വീട് ക്രിസ്മസ് സമ്മാനമായി മണ്ണടി കന്നിമല ക്വാറിയുടെ പാറയിടുക്കില്‍ മൂന്നു മക്കളോടൊപ്പം പ്ലാസ്റ്റിക് ഷെഡിനുള്ളില്‍ കഴിഞ്ഞുവന്ന കുഞ്ഞുമോള്‍ക്കും കുടുംബത്തിനും കൈമാറി. ജില്ലാ കളക്ടര്‍ ആര്‍. ഗിരിജയാണ് താക്കോല്‍ദാനം നിര്‍വഹിച്ചത്.

സുഹൃത്തായ ഡോ.വര്‍ഗീസിന്റെ സഹായത്തോടെ ഇത്തവണ ഭവനം നിര്‍മിച്ചതെന്ന് ഡോ.സുനില്‍ പറഞ്ഞു. ക്ഷയരോഗിയായ കുഞ്ഞുമോള്‍ വിഭിന്നശേഷിക്കാരായ മൂന്നു കുട്ടികള്‍ക്കൊപ്പം യാതൊരു സൗകര്യങ്ങളുമില്ലാതെ പട്ടിണിയില്‍ കഴിഞ്ഞുവരികയായിരുന്നു. ക്വാറിയിലെ വെള്ളം ചുണ്ണാമ്പ് ഉപയോഗിച്ച് ശുദ്ധീകരിച്ചാണ് ഇവര്‍ കുടിച്ചിരുന്നത്. ഇവിടെനിന്നു പിടിക്കുന്ന ചെറുമീനുകളായിരുന്നു പ്രധാന ആഹാരം.

മാധ്യമപ്രവര്‍ത്തകരാണ് കുഞ്ഞുമോളുടെ ദയനീയാവസ്ഥ ഡോ.എം.എസ്. സുനിലിന്റെ ശ്രദ്ധയില്‍പെടുത്തിയത്. പുതിയ വീട് ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് കുഞ്ഞുമോളും മൂന്നു മക്കളും. ചടങ്ങില്‍ ഡോ.എം.എസ്. സുനില്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ആര്‍. അജീഷ് കുമാര്‍, മെംബര്‍ സി. കൃഷ്ണകുമാര്‍, പി.ബിജു, ടി.ഡി. ബൈജു, ഉഷാകുമാരി, കെ.പി. ജയലാല്‍, ഡോ.എം. ഉദയകുമാര്‍, സുമയ്യറഹ്്മാന്‍, പി. പ്രവീണ്‍, ഷീബ സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.

Related posts