ന്യൂഡൽഹി: മഹാത്മാഗാന്ധി സീരീസിലുള്ള പുതിയ 100 രൂപ നോട്ട് പുറത്തിറക്കാനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. വയലറ്റ് (ലാവൻഡർ) നിറത്തിലുള്ള നോട്ടിന്റെ പിൻവശത്തു ഗുജറാത്തിലെ സരസ്വതി നദിയുടെ തീരത്തുള്ള റാണി കീ വാവ് എന്ന സ്മാരകത്തിന്റെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്. ഇപ്പോഴുള്ള 100 രൂപ നോട്ടിനെ അപേക്ഷിച്ചു ചെറുതായിരിക്കും പുതിയ 100 രൂപ നോട്ടുകൾ.
പുതിയ നോട്ടുകൾ പുറത്തിറങ്ങിയാലും പഴയ നോട്ടുകൾ ഉപയോഗിക്കാൻ കഴിയുമെന്നു റിസർവ് ബാങ്ക് അറിയിച്ചു. പുതിയ നോട്ടിന്റെ മധ്യഭാഗത്തായാണ് മാഹാത്മാഗാന്ധിയുടെ ചിത്രം.
റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേലിന്റെ ഒപ്പ്, ദേവനാഗിരി ലിപിയിലുള്ള എഴുത്ത്, അശോക സ്തംഭചിഹ്നം, കാഴ്ച പരിമിതിയുള്ളവർക്കുവേണ്ടിയുള്ള ബ്ലീഡ് ലൈനുകൾ തുടങ്ങിയവ പുതിയ നോട്ടിന്റെ മുൻവശത്തുണ്ടാകും. സ്വച്ഛ് ഭാരത് ചിഹ്നം, നോട്ട് പ്രിന്റ് ചെയ്ത വർഷം തുടങ്ങിയവയാണ് പിൻവശത്ത്.