തായ് മസാജിംഗിനെക്കുറിച്ച് പറയേണ്ടതില്ലല്ലോ… മസാജിംഗിന് പേരുകേട്ട തായ്‌വാനിലെ ഒരു പുതിയ മസാജിംഗ് രീതിയാണ് ഏവരെയും ഞെട്ടിക്കുന്നത്.
ഇറച്ചിക്കത്തി മസാജിംഗ് ആണ് ഇവിടെ മെയിന്‍. നല്ല ധൈര്യമുള്ളവര്‍ക്കു മാത്രമേ ഈ മസാജിംഗ് അനുഭവിക്കാനാവൂ എന്നതാണ് യാഥാര്‍ഥ്യം.
2,000 വര്‍ഷത്തിലേറെ പഴക്കമുള്ള അക്യുപങ്ച്വര്‍ പോലുള്ള ഒരു ചൈനീസ് ചികിത്സാരീതിയാണ് ഇതെന്നാണ് ഇവിടെയുള്ളവര്‍ പറയുന്നത്. എന്നാല്‍ മസാജ് ചെയ്യുന്ന തെറാപ്പിസ്റ്റുകള്‍ ചില നിയമങ്ങള്‍ പാലിക്കണം.
തെറാപ്പിസ്റ്റുകള്‍ മോശം മാനസികാവസ്ഥയിലാണെങ്കില്‍, കത്തിയെടുക്കാന്‍ പാടില്ല. കാരണം അവരുടെ നെഗറ്റീവ് എനര്‍ജി ഈ മസാജിങ്ങിലൂടെ വരുന്നവരിലേയ്ക്ക് പകരുമെന്നാണ് അവര്‍ വിശ്വസിക്കുന്നത്.
അതുകൊണ്ട് തന്നെ മോശം മൂഡിലായിരിക്കുമ്പോള്‍ അവര്‍ മസാജ് ചെയ്യാറില്ല. എല്ലാ പരിശീലകരും അവരുടെ പോസിറ്റീവ് എനര്‍ജി നിലനിറുത്താന്‍, സസ്യാഹാരം മാത്രമേ കഴിക്കൂ.
എല്ലാ ദിവസവും രാവിലെ 05:00 ന് മുന്‍പ് ഉണരുന്ന അവര്‍, പുലര്‍ച്ചെ ശാരീരിക വ്യായാമങ്ങളില്‍ മുഴുകുന്നു. കൂടാതെ ദിവസവും 30 മിനിറ്റ് കത്തി ഉപയോഗിച്ച് ഒരു തലയിണയില്‍ അവര്‍ മസാജ് പരിശീലിക്കാറുമുണ്ട്.
ആളുകളുടെ ശാരീരിക അസ്വാസ്ഥ്യങ്ങള്‍ പരിഹരിക്കുന്നതിനും ഉറക്കം മെച്ചപ്പെടുത്തുന്നതിനും ശരീര വേദന കുറക്കുന്നതിനും ഈ കത്തി മസാജ് സഹായിക്കും.
ഈ ഇറച്ചിക്കത്തി മസാജിംഗിന് ശാരീരികവും വൈകാരികവുമായ രോഗശാന്തി പ്രദാനം ചെയ്യാന്‍ കഴിയുമെന്നാണ് ഇവര്‍ പറയുന്നത്.
കത്തികള്‍ ശരീരത്തിലെ ചില ഭാഗങ്ങളില്‍ ശക്തിയായി അടിക്കുന്നു. അവയില്‍ സമ്മര്‍ദ്ദം ചെലുത്തി ശരീരത്തിലെ പേശികളുടെ പിരിമുറുക്കം കുറക്കുന്നു.
സ്റ്റീല്‍ കത്തികള്‍ക്ക് രോഗം ശമിപ്പിക്കാന്‍ അദൃശ്യമായ ഒരു ശക്തിയുണ്ടെന്നാണ് ഇവിടുത്തുകാര്‍ വിശ്വസിക്കുന്നത്. കോസ്മിക് സ്റ്റിക്കുകള്‍ എന്നാണ് ഇവ അറിയപ്പെടുന്നത്.
കൂടാതെ കത്തി മസാജ് നിങ്ങളുടെ ദുഷ്‌കര്‍മ്മങ്ങളെ എടുത്തുകളയുമെന്നും അവര്‍ വിശ്വസിക്കുന്നു. എന്തായാലും സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട എന്നു പറയാം…