കോട്ടയം: ബാറുകളുടെ ലൈസന്‍സ് ഫീസ് 35 ലക്ഷം രൂപയാക്കിയും ഐടി പാര്‍ക്കുകളില്‍ മദ്യം യഥേഷ്ടം കഴിക്കാനുള്ള സൗകര്യവുമൊരുക്കി സമഗ്രമായ മാറ്റങ്ങളോടെ സര്‍ക്കാരിന്റെ പുതിയ മദ്യനയം നാളത്തെ മന്ത്രിസഭാ യോഗം അംഗീകരിക്കും.
ബാറുകളുടെ ലൈസന്‍സ് ഫീസ് 30 ലക്ഷത്തില്‍ നിന്ന് 35 ലക്ഷമായി ഉയര്‍ത്തുന്നതാണു മദ്യനയത്തിലെ പ്രധാന മാറ്റം. ലൈസന്‍സ് ഫീസില്‍ അഞ്ചു ലക്ഷം ഉയര്‍ത്തുന്നത് ഖജനാവു നിറയ്ക്കാന്‍ ലക്ഷ്യമിട്ടാണ്. സാമൂഹ്യസുരക്ഷാ പെന്ഷന് നല്‍കാനെന്ന പേരില്‍ പെട്രോളിനും ഡീസലിനും രണ്ടു രൂപ സെസ് ചുമത്തുന്ന സര്‍ക്കാര്‍ ബാര്‍ ലൈസന്‍സ് ഫീസ് കൂട്ടിയില്ലെങ്കില്‍ അതു പ്രതിപക്ഷം മുതലെടുക്കുമെന്നു കണ്ടാണ് ബാര്‍ലൈസന്‍സ് ഫീസ് കൂട്ടുക.
വിദേശമദ്യ ഷോപ്പുകള്‍ക്കും ബാറുകള്‍ക്കും എല്ലാ മാസവും ഒന്നാം തീയതിയുള്ള ഇപ്പോഴത്തെ അവധി തുടരും. ഇത് ഒഴിവാക്കണമെന്ന് ബിവറേജസ് കോര്‍പറേഷനടക്കം ശുപാര്‍ശ നല്‍കിയിരുന്നതാണെങ്കിലും സര്‍ക്കാര്‍ അംഗീകരിക്കാനിടയില്ലെന്നാണു സൂചന. സര്‍ക്കാരിന്റെ മദ്യവര്‍ജന നയത്തിന്റെ ഭാഗമായാണ് ഒന്നാം തീയതിയിലെ അവധി.
ടെക്നോപാര്‍ക്ക് അടക്കം ഐടി പാര്‍ക്കുകളില്‍ മദ്യവിൽപ്പനയ്ക്കുള്ള ഫീസ് നിശ്ചയിക്കും. ഐടി പാര്‍ക്കുകളില്‍ മദ്യവിതരണം നടത്താന്‍ നേരത്തെ സര്‍ക്കാര്‍ തീരുമാനമെടുത്തതാണ്. എന്നാല്‍ ഇതിന്റെ വ്യവസ്ഥകള്‍ക്ക് അന്തിമരൂപമായിരുന്നില്ല. ഐടി പാര്‍ക്കുകളിലെ ഓരോ ഐടി കമ്പനിയുടെയും മേല്‍നോട്ടത്തില്‍ ക്ളബുകളുടെ രീതിയിലാവും പ്രവര്‍ത്തനം.
ഇതിന്റെ വിശദമായ രൂപരേഖ മദ്യനയത്തിന്റെ ഭാഗമായി ഉണ്ടാവും. ഐടി പാര്‍ക്കുകളില്‍ മദ്യശാലകള്‍ വേണമെന്നത് ഏറെക്കാലമായി ടെക്കികളുടെ ആവശ്യമാണ്. ഇവിടേക്കു പുറമെ നിന്നുള്ളവര്‍ക്കു പ്രവേശനമുണ്ടാവില്ല. ക്ലബുകളില്‍ അംഗത്വം നല്കുന്നതു പോലെ നല്കാന് ഐടി കമ്പനികള്‍ക്കു കഴിയും.
ബാറുകളുടെ മാതൃകയില്‍ കള്ളു ഷാപ്പുകള്‍ക്കും സ്റ്റാര്‍ പദവി നല്‍കുന്നതും മദ്യനയത്തില്‍ ഉള്‍പ്പെടുത്തുമെന്നാണു വിവരം. കള്ളുഷാപ്പുകളുടെ ദൂരപരിധിയിലെ വിവേചനം ഇല്ലാതാക്കണമെന്നതായിരുന്നു ഷാപ്പ് ലൈസന്‍സികളുടെ ആവശ്യം.
വിദ്യാലയങ്ങള്‍, ആരാധനാലയങ്ങള്‍, ശ്മശാനങ്ങള്‍ തുടങ്ങി നിശ്ചിത കേന്ദ്രങ്ങളില്‍നിന്നു ഷാപ്പുകള്‍ പ്രവര്‍ത്തിക്കാനുള്ള ദൂരപരിധി 400 മീറ്ററാണ്. എന്നാല്‍ ഫൈവ് സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാര്‍ ഹോട്ടലുകള്ക്കിത് 50 മീറ്ററും ത്രീസ്റ്റാര്‍ ബാറുകള്‍ക്കും ചില്ലറ മദ്യവില്പനശാലകള്ക്കും 200 മീറ്ററുമാണ്.
സര്‍ക്കാരിന്റെ മദ്യനയം മാര്‍ച്ചില്‍ നിലവില്‍ വരേണ്ടതായിരുന്നു. ബാര്‍, കള്ളു ഷാപ്പ് ലൈസന്‍സികളുമായും തൊഴിലാളി സംഘടനാ പ്രതിനിധികളുമായും സര്‍ക്കാര്‍ നേരത്തെ ചര്‍ച്ച നടത്തിയെങ്കിലും മദ്യനയത്തിന് അന്തിമരൂപമാവാതിരുന്നതിനാല് ബാറുകളുടെയും കള്ളു ഷാപ്പുകളുടെയും ലൈസന്‍സ് രണ്ടു മാസത്തേക്കു നീട്ടുകയായിരുന്നു. ഈ കാലാവധി മേയ് 31ന് അവസാനിക്കും.