ആലത്തൂർ: പത്ത് രൂപയുടെ പ്ലാസ്റ്റിക് കപ്പ് വാങ്ങിയാൽ മിക്സിയും പ്രഷർ കുക്കറും സ്കൂട്ടറും ടെലിവിഷനും സമ്മാനം വാഗ്ദാനം ചെയ്ത് തട്ടിപ്പിന്റെ പുതിയ മുഖം രംഗത്ത്. മോഹനവാഗ്ദാനം കേട്ട് വിശ്വസിക്കുകയും തട്ടിപ്പിന് തലവെച്ചു കൊടുക്കുകയും ചെയ്യുന്നത് നമ്മുടെ നാട്ടുകാർ തന്നെ.
എത്ര കണ്ടാലും കേട്ടാലും ഇരയായാലും മലയാളി കൊണ്ടേ അറിയൂ എന്ന വാശിയുള്ളവരാണെന്ന് തമിഴനും തെലുങ്കനും നന്നായി അറിയാമെന്നാണ് സംസാരം. തട്ടിപ്പിനുള്ള പുതിയ വഴികളുമായാണ് ഇവർ രംഗത്തുള്ളത്.
പത്ത് രൂപ വിലയുള്ള പ്ലാസ്റ്റിക് കപ്പ് വിൽക്കാൻ ഡയ റക്ട് മാർക്കറ്റിംഗ് കന്പനി പ്രതിനിധികൾ വീടുകളിൽ എത്തുന്നതോടെയാണ് കഥയ്ക്ക് തുടക്കമാകുന്നത്. തമിഴ്നാട്ടിലും ആന്ധ്രയിലുമാണ് കന്പനികളുടെ ആസ്ഥാനമെന്നാണ് തമിഴ് കലർന്ന മലയാളം സംസാരിക്കുന്ന ഇവർ പറയുന്നത്.
കപ്പ് വാങ്ങുന്നവർക്ക് ’സ്ക്രാച്ച് ആൻഡ് വിൻ’ കൂപ്പണ്‍ കാർഡ് നൽകും. കൂപ്പണ്‍ ചുരണ്ടിയാൽ സമ്മാനം ഉറപ്പാണ്. ഗ്യാസ് സ്റ്റൗ, പ്രഷർ കുക്കർ,മിക്സി എന്നിവയൊക്കെയാണ് സമ്മാനം.7800 രൂപ വിലയുള്ള ഇവ 3800 രൂപയ്ക്ക് നൽകുന്നതാണ് സമ്മാന പദ്ധതി.
വീടുകളിലുള്ള സ്ത്രീകളാണ് ഇവരുടെ തട്ടിപ്പിൽ കൂടുതലും പെടുന്നത്. സമ്മാനം വാങ്ങിയാൽ അടുത്ത കെണി ഒരുങ്ങുകയായി. കന്പനിയുടെ ജൂബിലിയോടനുബന്ധിച്ച് ഇപ്പോൾ സമ്മാനം കിട്ടിയവരിൽ നിന്ന് ബംപർ സമ്മാനം നറുക്കെടുപ്പ് ഉണ്ടെന്ന് പറഞ്ഞ് ഇവർ മടങ്ങും.
ഒരാഴ്ച കഴിഞ്ഞാൽ ഫോണ്‍ വിളി എത്തും. ബംപർ സമ്മാനമായി സ്കൂട്ടർ,32 ഇഞ്ച് കളർ ടിവി എന്നിവ അടിച്ചെന്ന അറിയിപ്പാണത്.വീട്ടിൽ സമ്മാനം എത്തിക്കുമെന്നും പറയും.അടുത്ത ദിവസ ങ്ങളിൽ വിലാസം ചോദിച്ചും മറ്റും വിളികളെത്തും.
കസ്റ്റമർ എല്ലാം വിശ്വസിച്ചെന്നു തോന്നിയാലാണ് അടുത്ത തന്ത്രം. സമ്മാനത്തിന്റെ നികുതി അവരരവർ അടയ്കണമെന്ന നിബന്ധന വെക്കും. ഇത്രയുമൊക്കെ ആയ സ്ഥിതിക്ക് സമ്മാനം വാങ്ങാൻ ഒരുങ്ങി ഇരിക്കുന്നയാൾ അതിനു തയ്യാറാകും.
11,300 രൂപ നികുതിയായി അടയ്കാൻ ആവശ്യപ്പെട്ട് മേട്ടുപ്പാളയത്തെ ബാങ്ക് അക്കൗണ്ട് നന്പർ നൽകും. അല്ലെങ്കിൽ എടിഎമ്മിൽ പോയി ക്യാഷ് ഡെപ്പോസിറ്റ് മെഷീൻ വഴി അക്കൗണ്ടി ലേക്ക് പണം അടയ്കാൻ ആവശ്യപ്പെും . പണം അടച്ചാൽ പിന്നെ അവർ വിളിച്ച നന്പർ സ്വിച്ചോഫാകും .
അല്ലെങ്കിൽ ഫോണ്‍ ആരും എടുക്കാതെയാകും. കാവശ്ശേരി, തരൂർ,എരിമയൂർ,ആലത്തൂർ, പഴന്പാലക്കോട് പ്രദേശങ്ങളിലെ പലർക്കും ഇങ്ങനെ പണം നഷ്ടമായതായി പറയപ്പെടുന്നു. കാവശ്ശേരിയിൽ ഒരാൾ പണം അടയ്കുന്നതിനുമുന്പ് തോന്നിയ സംശയം പോലിസിലെത്തി പറഞ്ഞതോടെയാണ് തട്ടിപ്പ് പുറത്തായത്.
മറ്റൊരാൾ സ്വർണ്ണം പണയപ്പെടുത്തിയാണ് അയ്ക്കാനുള്ള തുക സംഘടിപ്പിച്ചതത്രേ. കൂടുതൽ പരാതികൾ ഉണ്ടാകുമെന്നാണ് പോലീസിന്റെ വിലയിരുത്തൽ .വിദ്യാസന്പന്നരായ പലരും തങ്ങൾക്കു പറ്റിയ അബദ്ധം പുറത്തു പറയാതെ ഇരിക്കുന്നുമുണ്ട്. ഇത്തരത്തിലുള്ളവർ വീടുകളിൽ എത്തിയാൽ ജാഗരൂകരായിരിക്കണമെന്നും പോലീസിലറിയക്കണമെന്നും പോലീസ് പറയുന്നു.