ന്യൂഡൽഹി: രാജ്യത്തെഎല്ലാ ജനങ്ങളുടെയും സമൂഹമാധ്യമ ഇടപെടലുകളും ഇ-മെയിലുകളും പരിശോധിക്കുന്നതിനു കേന്ദ്രം സംവിധാനം ഒരുക്കുന്നു. ന്യൂ മീഡിയ കമാൻഡ് റൂം എന്ന പേരിൽ ആണ് ഈ സംവിധാനം പ്രവർത്തിക്കുക.
ഇതിനു വേണ്ട സോഫ്റ്റ്വേറും വിശകലനം നടത്താനുള്ള ആൾക്കാരെയും നൽകാൻ പറ്റുന്ന കന്പനികൾക്കു വേണ്ടി ഏപ്രിൽ അവസാനം ടെൻഡർ ക്ഷണിച്ചു. മേയ് 17 വരെയായിരുന്നു ടെൻഡർ കാലാവധി. 20 പ്രഫഷണലുകൾ സഹിതം അനലിറ്റിക്കൽ സോഫ്റ്റ്വേർ നൽകാൻ 47 കോടി രൂപയാണ് ഏകദേശ കരാർ തുകയായി ടെൻഡർ പരസ്യത്തിൽ പറഞ്ഞിരുന്നത്.
സമഗ്ര നിരീക്ഷണം
ഇന്ത്യയിലെ 130 കോടി ജനങ്ങളും കേന്ദ്രസർക്കാരിന്റെ നിരീക്ഷണത്തിലാകും എന്നതാണ് പദ്ധതി നടപ്പായാലുള്ള ഫലം. സമൂഹമാധ്യമങ്ങളിൽ ഓരോരുത്തരും എന്താണു പറയുന്നതും കാണുന്നതും ചെയ്യുന്നതും എന്ന് ന്യൂമീഡിയ കമാൻഡ് റൂമിനു മനസിലാക്കാം.
അതുവഴി ഒാരോരുത്തരുടെയും സ്വഭാവവും താത്പര്യവും രാഷ്ട്രീയവും മറ്റു കാര്യങ്ങളും മനസിലാക്കാം. ഇതുപയോഗിച്ച് ആളെ ഭീഷണിപ്പെടുത്തിയോ അല്ലാതെയോ വരുതിയിലാക്കാനും പറ്റും. ഒരാളുടെ സ്വകാര്യ പ്രവർത്തനങ്ങളും സൗഹൃദ സംഭാഷണവും ടെലിഫോൺ സംഭാഷണവും കത്തുകളും നോട്ടുബുക്കുകളും എല്ലാം മറ്റൊരു ഏജൻസി പരിശോധിക്കുന്നതിനു തുല്യമായ അവസ്ഥയാകും.
ന്യായീകരണം
ഇന്ത്യയുടെ ശത്രുക്കൾ ഇത്തരം മാധ്യമങ്ങളിലൂടെ രാജ്യത്തിനെതിരേ പ്രചാരണമഴിച്ചുവിടുന്നതു തടയുക, ദേശീയബോധം വളർത്തുക, വ്യാജവാർത്തകളുടെ പ്രചാരണം തടയുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സമഗ്ര നിരീക്ഷണ സംവിധാനം തുടങ്ങുന്നതത്രെ. ടെൻഡർ ക്ഷണപത്രത്തിൽ വാർത്താ വിതരണ – പ്രക്ഷേപണ മന്ത്രാലയം പറഞ്ഞതാണിത്.
പൊതുതെരഞ്ഞെടുപ്പിനു മുന്പേ വോട്ടർമാരെ സ്വാധീനിക്കാൻ സർക്കാർ ചെലവിൽ നടത്തുന്ന ശ്രമം എന്നാണു ചിലർ ഇതിനെപ്പറ്റി പറയുന്നത്. മറ്റുള്ളവരാകട്ട,െ പൗരാവകാശങ്ങളിലേക്കും വ്യക്തിസ്വാതന്ത്ര്യത്തിലേക്കുമുള്ള അന്യായമായ കടന്നുകയറ്റമായി ഇതിനെ കാണുന്നു.
ഭരണഘടന 19-ാം വകുപ്പുപ്രകാരമുള്ള അഭിപ്രായ സ്വാതന്ത്ര്യവും 21-ാം വകുപ്പു പ്രകാരമുള്ള വ്യക്തിസ്വാതന്ത്ര്യവും എടുത്തുകളയുന്നതാണു സർക്കാർ നീക്കമെന്നു കോൺഗ്രസ് നേതാവും അഭിഭാഷകനുമായ അഭിഷേക് മനു സിംഗ്വി ചൂണ്ടിക്കാട്ടുന്നു. സുപ്രീംകോടതി വിധികൾ വഴിയും ഐടി നിയമം വഴിയും ഭദ്രമെന്നു കരുതപ്പെട്ട സ്വകാര്യതയും ഇല്ലാതാക്കുന്നതാണ് ഈ നീക്കം.
കമാൻഡ് റൂം ചെയ്യുന്നത്
=വിവിധ ഇലക്ട്രോണിക്/ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ വലിയ അളവിൽ പോകുന്ന കാര്യങ്ങൾ പരിശോധിക്കുകയും വിശകലനം നടത്തുകയും ചെയ്യുക. (പ്രചാരണങ്ങൾ കണ്ടെത്താനാണിത്).
=ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം, ബ്ലോഗുകൾ, ഇമെയിൽ തുടങ്ങിയവ നിരീക്ഷിക്കുകയും ശ്രവിക്കുകയും ചെയ്യുക.
=ചൈനീസ്, ഫ്രഞ്ച്, ജർമൻ, അറബിക് ഭാഷകളിലുള്ള സന്ദേശങ്ങളും വിശകലനം ചെയ്യണം.ഓരോ പ്രദേശത്തെയും പ്രവണതകൾ വേർതിരിച്ചു രേഖപ്പെടുത്തണം.
=ദുഷ്പ്രചാരണങ്ങൾക്കെതിരായ കാര്യങ്ങൾ ഉടനടി ഉണ്ടാക്കണം.
=ഡാറ്റായും സംഭാഷണങ്ങളും സൂക്ഷിച്ചുവയ്ക്കുകയും ആവശ്യമാകുന്പോൾ ലഭ്യമാക്കുകയും വേണം.സമൂഹമാധ്യമങ്ങൾ പരതി ഡാറ്റാ മൈനിംഗ് (വിവരങ്ങൾ ശേഖരിക്കൽ) നടത്തണം.