എത്രകാലം കൂടി ജീവിക്കും എന്ന ആശങ്കയോടെ ജീവിതം മുന്നോട്ടു നയിക്കുന്ന ആളുകളാണ് പലരും. എന്തെങ്കിലും മാരകമായ അസുഖങ്ങള്‍ പിടിപ്പെടുമോയെന്ന ഭയത്താല്‍ തന്നെ പലരുടെയും ജീവിതം ദുഖകരമാണ്. എന്നാല്‍ അത്തരം ആശങ്കകളെല്ലാം പരിഹരിക്കുന്ന രക്തപരിശോധന ജര്‍മനിയില്‍ നിലവില്‍ വരികയാണ്. അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ മരിക്കുമോ എന്ന് തെളിയിക്കുന്ന പരിശോധനാ ഫലമാണ് ജര്‍മന്‍ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചിട്ടുള്ളത്. മരണത്തെ മുന്‍കൂട്ടി മനസ്സിലാക്കാന്‍ കഴിയുന്ന 14 ബയോമാര്ക്കുകളാണ് ശാസ്ത്രജ്ഞര്‍ രക്തത്തില്‍ കണ്ടെത്തിയത്.
44,000 പേരില്‍നടത്തിയ പരീക്ഷണ നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് ശാസ്ത്രജ്ഞര്‍ ഈ കണ്ടെത്തലിലെത്തിയത്. അതുകൊണ്ടുതന്നെ ഇതിന്റെ വിശ്വാസ്യത സംശയിക്കേണ്ടതില്ലെന്ന് അവര്‍ പറയുന്നു. രോഗപ്രതിരോധം, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്, കൊഴുപ്പ് തുടങ്ങി എല്ലാക്കാര്യങ്ങളും മുന്‍കൂട്ടി മനസ്സിലാക്കാന്‍ ഈ ബയോമാര്‍ക്കുകള്‍ സഹായിക്കും. അടുത്ത രണ്ടുവര്‍ഷം മുതല്‍ 16 വര്‍ഷം വരെയുള്ള കാലയളവില്‍ ഒരാള്‍ മരിക്കുമോ എന്നറിയുന്നതില്‍ 83 ശതമാനം കൃത്യത ഇതിനുറപ്പുപറയാന് കഴിയുമെന്നും ഗവേഷകര്‍ പറയുന്നു.
മരണം മുന്കൂട്ടിയറിയുകയെന്നതിനെക്കാള്, ഒരാള്‍ക്ക് ഭാവിയില്‍ ബാധിച്ചേക്കാവുന്ന രോഗങ്ങള്‍ മുന്‍കൂട്ടിയറിഞ്ഞ് പ്രതിരോധിക്കുന്നതിനായി ഈ പരിശോധന ഉപയോഗിക്കാനാവുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. പ്രായംചെന്നവരില്‍ ശസ്ത്രക്രിയ നടത്താനാവുമോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇതിലൂടെ കണ്ടെത്താനാകും. വലിയ മുന്നേറ്റമെന്നാണ് ശാസ്ത്രലോകം ഈ കണ്ടെത്തലിനെ വിലയിരുത്തുന്നതെങ്കിലും മനുഷ്യരില്‍ ഇത് പ്രയോഗിക്കുന്നതിനുമുമ്പ് ഇനിയുമൊട്ടേറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് അവര്‍ പറയുന്നു.
ഒരാളുടെ രക്തസമ്മര്‍ദവും കൊളസ്ട്രോളിന്റെ അളവും വിലയിരുത്തി ഒരുവര്‍ഷത്തിനുള്ളില്‍ മരണം സംഭവിക്കുമോ എന്ന് വിലയിരുത്താന്‍ ഡോക്ടര്‍മാര്‍ക്ക് പലപ്പോഴും സാധിക്കാറുണ്ട്. എന്നാല്‍, അഞ്ചുവര്ഷത്തിനപ്പുറത്തുള്ള കാര്യങ്ങള്‍ വിലയിരുത്തുക ഇപ്പോഴത്തെ നിലയില്‍ അസാധ്യമാണ്. എന്നാല്‍, അത്തരം വെല്ലുവിളികളെ അതിജീവിക്കാനാകുമെന്ന് തെളിയിക്കുകയാണ് മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബയോളജി വിഭാഗം ഗവേഷകര്‍. 18 മുതല്‍ 109 വയസ്സുവരെയുള്ളവരെയാണ് ഗവേഷണത്തിനായി ഇവര്‍ പഠനത്തിന് വിധേയമാക്കിയത്. എന്തായാലും വൈദ്യശാസ്ത്ര ചരിത്രത്തിലെ സുപ്രധാന കണ്ടുപിടിത്തങ്ങളിലൊന്നാകും ഇതെന്ന് തീര്‍ച്ച.