ജീവന്‍ നില നിര്‍ത്താന്‍ കാര്‍ബണ്‍ ഡയോക്‌സൈഡും കാര്‍ബണ്‍ മോണോക്‌സൈഡും തന്നെ ധാരാളം; അന്റാര്‍ട്ടിക്കയിലെ വിജനമായ അതിശൈത്യമേഖലയില്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നത്…


ഭൂമിയ്ക്കു പുറത്ത് ജീവന്റെ സാന്നിദ്ധ്യം തേടിയുള്ള മനുഷ്യന്റെ യാത്ര ഇന്നും ഇന്നലെയുമല്ല തുടങ്ങിയത്. ഭൂമിയ്ക്കു പുറത്ത് മനുഷ്യവര്‍ഗത്തിന്റെ നിലനില്‍പ്പ് സാധ്യമാവുമോ എന്ന ചിന്തയായിരുന്നു ഇത്തരം ഗവേഷണങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നത്.

അന്തരീക്ഷമില്ലാത്തതാണ് പല ഗ്രഹങ്ങളിലും മനുഷ്യനുള്‍പ്പെടെ ഭൂമിയിലുള്ള ജീവിവര്‍ഗത്തിന്റെ നിലനില്‍പ്പ് അസാധ്യമാക്കുന്നത്. എന്നാല്‍ ഭൂമിയിലേതിനു വ്യത്യസ്ഥമായ ജൈവ ഘടനയുള്ള ജീവികള്‍ ഉണ്ടെങ്കില്‍ അവ അവിടെ സസുഖം ജീവിക്കുകയില്ലേ എന്ന ചോദ്യത്തിന് ഇപ്പോള്‍ ഉത്തരമായിരിക്കുകയാണ്.

കൊടുംചൂടിലും തണുപ്പിലും യാതൊരു കൂസലുമില്ലാതെ വളരുന്ന ജീവികള്‍ ഉണ്ട്.അതിനെ അന്വേഷിച്ച് ചൊവ്വയിലും വ്യാഴത്തിലും പോകണമെന്നില്ല. ഭൂമിയിലെ മറ്റു ജീവികളില്‍ നിന്നു വ്യത്യസ്ഥമായ സൂക്ഷ്മജീവികള്‍ ഇവിടെത്തന്നെയുണ്ട് എന്നതിന്റെ തെളിവാണ് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്.

ജീവന്‍ നിലനില്‍ക്കാന്‍ അത്യാവശ്യമാണെന്നു കരുതിയിരുന്ന ഊര്‍ജസ്രോതസ്സുകളൊന്നും ഇല്ലെങ്കിലും ചില ജീവികള്‍ സുഗമമായി നിലനില്‍ക്കും എന്നതാണത്. അവയ്ക്ക് നൈട്രജനോ സൂര്യപ്രകാശമോ ഒന്നും ആവശ്യമില്ല. അതേസമയം ദോഷകരമെന്നു നാം കരുതിയിരുന്ന കാര്‍ബണ്‍മോണോക്‌സൈഡും കാര്‍ബണ്‍ ഡൈ ഓക്‌സൈഡും ഹൈഡ്രജനും ഉണ്ടായാല്‍ സുഖമായി ജീവിക്കുകയും ചെയ്യും.

അന്റാര്‍ട്ടിക്കയിലെ കൊടുംതണുപ്പുള്ള മേഖലയില്‍ നിന്നു ശേഖരിച്ച മണ്ണില്‍ നിന്നാണ് ഇത്തരം പ്രത്യേക തരം സൂക്ഷ്മജീവികളുടെ ‘പുത്തന്‍ കൂട്ടായ്മ’ തിരിച്ചറിഞ്ഞത്. ഈ ജീവികള്‍ക്ക് വളരാന്‍ സഹായകമായ വാതകങ്ങള്‍ക്ക് ‘അറ്റ്‌മോസ്‌ഫെറിക് ട്രേസ് ഗ്യാസസ്’ എന്നാണു ഗവേഷകര്‍ നല്‍കിയിരിക്കുന്ന പേര്.

ഇവയ്ക്കാവശ്യമായ ഊര്‍ജവും മറ്റു പോഷകവസ്തുക്കളുമെല്ലാം ഈ വാതകങ്ങളില്‍ നിന്നു ലഭിക്കും. അതായത് ഭൂമിയോ സൂര്യനോ ആവശ്യമില്ല ഇത്തരം ജീവികള്‍ക്ക് വളരാന്‍. ഭൂമിയില്‍ ജീവികള്‍ക്കാവശ്യമായ ഊര്‍ജത്തിന് സൂര്യപ്രകാശം അത്യന്താപേക്ഷിതമാണെന്നുറപ്പിച്ചിരിക്കെയാണ് ഇതൊന്നുമില്ലെങ്കിലും ‘കൂളായി’ ജീവിക്കുമെന്നു പ്രഖ്യാപിച്ച് ഒരു കൂട്ടം സൂക്ഷ്മ ജീവികള്‍ രംഗത്തു വന്നിരിക്കുന്നത്.

ഇതാണ് അന്യഗ്രഹജീവന്‍ തേടുന്ന നാസയിലെ ഗവേഷകര്‍ക്കുള്ള പിടിവള്ളിയായി ചൂണ്ടിക്കാണിക്കപ്പെടുന്നതും. ജീവന്‍ നിലനില്‍ക്കാന്‍ യാതൊരു സാധ്യതയുമില്ലെന്നു കരുതി ‘ഉപേക്ഷിച്ച’ ഗ്രഹങ്ങളില്‍പ്പോലും ഇനി രണ്ടാമതൊന്നു പോയി നോക്കാന്‍ നാസ മെനക്കെടേണ്ടി വരുമെന്നു ചുരുക്കം. ഒരുപക്ഷേ ഇന്നേവരെ കാണാത്ത തരം ജീവന്റെ സാന്നിധ്യവും അവിടെ തിരിച്ചറിഞ്ഞേക്കാം.

നിലവിലെ ഗവേഷണങ്ങളില്‍ ഭൂരിഭാഗവും ചൊവ്വയെ കേന്ദ്രീകരിച്ചാണ്. എന്നാല്‍ ഇത്തരം ജീവികള്‍ ഭൂമിയില്‍ എവിടെയെല്ലാം ഉണ്ട് എന്ന കാര്യത്തില്‍ വിശദമായ പഠനം വേണ്ടി വരും. ഇനിയിപ്പോള്‍ പഠനത്തിന് നാസയെയും മറ്റു ബഹിരാകാശ ഏജന്‍സികളെയും ഒപ്പം കൂട്ടാമെന്ന ആശ്വാസവുമുണ്ട്.

അന്റാര്‍ട്ടിക്കയില്‍ നിന്നുള്ള മണ്ണിന്റെ വിശദപഠനത്തിനൊപ്പം സൂക്ഷ്മജീവികളുടെ ഡിഎന്‍എ സീക്വന്‍സിംഗും ഗവേഷകര്‍ നടത്തിയിരുന്നു. സഹിക്കാനാകാത്ത കൊടുംതണുപ്പ്, കാര്‍ബണിന്റെയും നൈട്രജന്റെയും ജലത്തിന്റെയും ദൗര്‍ലഭ്യം തുടങ്ങിയവ മേഖലയില്‍ ഏറെക്കുറെ ജീവിതം അസാധ്യമാക്കിയിരുന്നു.

അതിനിടയിലാണ് നിര്‍ണായക വഴിത്തിരിവായി പുതിയ സൂക്ഷ്മജീവികളുടെ വരവ്. എന്തായാലും അന്യഗ്രഹ ജീവികളെ തേടിയുള്ള ബഹിരാകാശ ഏജന്‍സികളുടെ പ്രയാണത്തിന് പുതിയ കണ്ടെത്തല്‍ മുതല്‍കൂട്ടാകുമെന്നുറപ്പ്.

Related posts