തിരുവനന്തപുരം: എറണാകുളം ജില്ലയിലെ നാല് മണ്ഡലങ്ങളിൽ മാറ്റിവച്ച നവകേരള സദസ് ജനുവരി ഒന്ന്, രണ്ട് തീയതികളിൽ നടക്കുന്പോൾ കെ.ബി. ഗണേഷ്കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി പങ്കെടുക്കുന്നതിന് വഴിതെളിയുന്നു.
ക്രിസ്മസിനുശേഷം ഇരുവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. സംസ്ഥാനത്ത് മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് തീരുമാനങ്ങൾ എടുക്കുന്നതിനും സത്യപ്രതിജ്ഞാ തീയതി തീരുമാനിക്കുന്നതിനും എൽഡിഎഫ് യോഗം ഈ മാസം 24ന് ചേരും.
24ന് രാവിലെ പത്തിന് എകെജി സെന്ററില്‍ ആണ് എൽഡിഎഫ് യോഗം ചേരുക. ഗവർണറുടെ സൗകര്യം കൂടി പരിഗണിച്ചായിരിക്കും സത്യപ്രതിജ്ഞ സംബന്ധിച്ച് തീരുമാനമെടുക്കുക.
ആന്റണി രാജു, അഹമ്മദ് ദേവർ കോവിൽ എന്നിവർക്ക് പകരമായാണ് കടന്നപ്പള്ളി രാമചന്ദ്രൻ, കെ.ബി. ഗണേഷ്കുമാർ എന്നിവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നത്.
ആന്റണി രാജു ഗതാഗതവകുപ്പും അഹമ്മദ് ദേവർകോവിൽ തുറമുഖവും ആണ് കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നത്. പകരമെത്തുന്ന മന്ത്രിമാർക്കും ഇതേ വകുപ്പുകൾ തന്നെയാണ് ലഭിക്കുക. കെ.ബി.ഗണേഷ്കുമാർ മുന്‍പ് ഗതാഗതവകുപ്പ് ഭരിച്ചിരുന്നു.
എൽഡിഎഫിലെ നാല് ഘടകക്ഷികള്‍ക്ക് രണ്ടര വര്‍ഷംവീതം മന്ത്രിസ്ഥാനം നല്‍കാനായിരുന്നു തീരുമാനിച്ചിരുന്നത്. നവംബർ 19 ന് രണ്ടാം പിണറായി സർക്കാർ രണ്ടര വർഷം പൂർത്തിയാക്കിയിരുന്നു.
നവകേരള സദസ് കാരണം പുനഃസംഘടന വൈകുകയായിരുന്നു.കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്ന് എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറ, കുന്നത്തുനാട്, പിറവം, തൃക്കാക്കര മണ്ഡലങ്ങളിലെ നവകേരളസദസ് മാറ്റിവച്ചിരുന്നു. ഇത് ജനുവരി ഒന്ന്, രണ്ട് തീയതികളിലായി നടക്കും.