‘പൃഥിരാജിന്റെ വിമാനം’ യുദ്ധത്തിനു കാരണമാകുമോ ? ക്രിസ്മസിന് സൗജന്യമായി പ്രദര്‍ശിപ്പിച്ചതിനെതിരേ പ്രതിഷേധമുയര്‍ത്തി ഒരുകൂട്ടം സിനിമാപ്രവര്‍ത്തകര്‍

കൊച്ചി: വിവാദങ്ങള്‍ക്കു പഞ്ഞമില്ലാത്ത മലയാള സിനിമയില്‍ പുതിയ വിവാദമുയര്‍ത്തി പൃഥിരാജ് നായകനായ ‘ വിമാനം’. ക്രിസ്മസ് ദിനത്തില്‍ ചിത്രം സൗജന്യമായി പ്രദര്‍ശിപ്പിച്ച നടപടിക്കെതിരേയാണ് ഒരു കൂട്ടം സിനിമാപ്രവര്‍ത്തകര്‍ രംഗത്തു വന്നത്.തൊടുപുഴ സ്വദേശി സജി തോമസ് എന്ന ഭിന്നശേഷിക്കാരന്‍ സ്വന്തമായി വിമാനം നിര്‍മിച്ച് പറത്തിയതാണു വിമാനം സിനിമയുടെ പ്രമേയം.

ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിച്ച സിനിമ സംവിധാനം ചെയ്തത് പ്രദീപ് എം. നായരാണ്. ചിത്രത്തിന്റെ ഒരു ഷോയെങ്കിലും തൊടുപുഴക്കാര്‍ക്കായി സൗജന്യമായി പ്രദര്‍ശിപ്പിക്കണമെന്ന സജിയുടെ ആവശ്യത്തെത്തുടര്‍ന്നാണ് കേരളത്തിലെ മുഴുവന്‍ തീയറ്ററുകളിലും ക്രിസ്മസ് ദിനത്തിലെ രണ്ടു ഷോ സൗജന്യമായി പ്രദര്‍ശിപ്പിക്കാന്‍ നിര്‍മാതാവ് തീരുമാനിച്ചതെന്നു പ്രദീപ് പറഞ്ഞു.

സിനിമയുടെ തൊട്ടടുത്ത രണ്ടു പ്രദര്‍ശനങ്ങളുടെ വരുമാനം സജിക്കു നല്‍കാനുമായിരുന്നു തീരുമാനം. എന്നാല്‍ മലയാള സിനിമ കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയുള്ള സൗജന്യപ്രദര്‍ശനത്തെ എതിര്‍ത്ത് ചിലനിര്‍മാതാക്കളും വിതരണക്കാരും രംഗത്തു വന്നതോടെയാണ് സിനിമയെ ചൊല്ലി പുതിയ വിവാദമുയരുന്നത്.

മലയാളസിനിമയുടെ ചരിത്രത്തിലാദ്യമായിട്ടാണ് ഇത്തരമൊരു നടപടിയെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും നിര്‍മാതാവും വിതരണക്കാരനും തിയറ്റര്‍ ഉടമയുമായ ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

സൗജന്യമായി സിനിമ കാണിക്കാനിറങ്ങിയാല്‍ അതു മറ്റു നിര്‍മാതാക്കളെയും മൊത്തത്തില്‍ സിനിമ വ്യവസായത്തേയും ബാധിക്കുമെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. സിനിമ കാശുകൊടുത്തു കാണേണ്ടതാണ്, സൗജന്യ പ്രദര്‍ശനം സിനിമയ്ക്ക് ദോഷകരമായേ ബാധിക്കൂ, സിനിമയുടെ മൂല്യത്തെത്തന്നെ സൗജന്യപ്രദര്‍ശനം വെല്ലുവിളിക്കുകയാണെന്നും സംവിധായകന്‍ ബൈജു കൊട്ടാരക്കര പറഞ്ഞു.

എന്നാല്‍, സിനിമയെ സംബന്ധിച്ചുള്ള ഏതുതീരുമാനമെടുക്കാനും പണം മുടക്കുന്ന നിര്‍മാതാവിന് സ്വാതന്ത്ര്യമുണ്ടെന്നും സിനിമ സൗജന്യമായി പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനത്തില്‍ അപാകതയില്ലെന്നും സംവിധായകന്‍ ഡോ. ബിജു പറഞ്ഞു. നിര്‍മാതാവിന്റെ താല്‍പര്യപ്രകാരം സിനിമ എങ്ങനെവേണമെങ്കിലും പ്രദര്‍ശിപ്പിക്കാം, എന്നാല്‍ ലിസ്റ്റിനെപ്പോലെ പണമുള്ള നിര്‍മാതാക്കള്‍ക്കേ സൗജന്യമായി പ്രദര്‍ശിപ്പിക്കാനാവൂയെന്നു നിര്‍മാതാവ് ആല്‍വിന്‍ ആന്റണി പറഞ്ഞു.

ഈ പുത്തന്‍ പ്രവണത സിനിമയെ തകര്‍ക്കുകയുള്ളൂവെന്ന് സംവിധായകന്‍ വിനോദ് മങ്കര പറഞ്ഞു. സൗജന്യമായി കാണിക്കാനാണെങ്കില്‍ ഫെസ്റ്റിവലില്‍ കാണിച്ചാല്‍ മതി. സിനിമാ വ്യവസായത്തെ തകര്‍ക്കാനുള്ള പുതിയ സംവിധാനമാണിത്. എല്ലാ നിര്‍മാതാക്കളും കോടീശ്വരന്‍മാരല്ല. ചെറിയ നിര്‍മാതാക്കള്‍ക്ക് വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനുതകുന്നതാണ് ഈ സൗജന്യപ്രദര്‍ശനമെന്ന് വിനോദ് മങ്കര പറയുന്നു.

എന്നാല്‍ സിനിമ നിര്‍മിച്ച വ്യക്തിക്ക് അത് എങ്ങനെവേണമെങ്കിലും പ്രദര്‍ശിപ്പിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നു പ്രദീപ് പറഞ്ഞു. സിനിമ കാണാത്ത കൂടുതല്‍പേരെ സിനിമയിലേക്ക് ആകര്‍ഷിക്കാനാണ് സൗജന്യപ്രദര്‍ശനം ഒരുക്കിയതെന്നും വിവാദമാക്കേണ്ട കാര്യമില്ലെന്നും പ്രദീപ് പറഞ്ഞു. എന്തായാലും വരും ദിവസങ്ങളില്‍ സംഭവം കൂടുതല്‍ ചര്‍ച്ചയാവുമെന്നു തീര്‍ച്ചയാണ്.

 

 

 

Related posts