പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാർക്കിലെ സിംഹങ്ങളായ അക്ബറും സീതയും ഇനി മുതൽ സൂരജും തനയയും ആയേക്കും. സിംഹങ്ങളുടെ അക്ബർ, സീത എന്നീ പേരുകളെ ചൊല്ലിയും അവർ ഒന്നിച്ച് താമസിക്കുന്നതിനെ ചൊല്ലിയും വിവാദം ഉണ്ടായതിന് പിന്നാലെയാണ് ബംഗാൾ സർക്കാർ സെൻട്രൽ സൂ അതോറിറ്റിക്ക് മുൻപിൽ പുതിയ പേര് നിർദേശിച്ചിരിക്കുന്നത്.
അക്ബർ, സീത എന്ന പേര് സിംഹങ്ങൾക്ക് നൽകിയത് ശരിയായില്ലെന്നാണ് കൽക്കട്ട ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നത്. മൃഗങ്ങൾക്ക് ദൈവത്തിന്റെ പേരാണോ ഇടുന്നതെന്നും സിംഹങ്ങൾക്ക് ദേശീയ നായകന്മാരുടെ പേരുകൾ നൽകുമോയെന്നും കോടതി ചോദിച്ചിരുന്നു.
സിംഹങ്ങളുടെ പേരും, അവയെ ഒന്നിച്ച് താമസിപ്പിക്കുന്നതിനെയും ചൂണ്ടിക്കാണിച്ച് വലിയ പ്രതിഷേധമാണ് വിശ്വഹിന്ദു പരിഷത്തിൽ നിന്നും ഉയർന്നു വന്നത്.
ഈ രണ്ട് സിംഹങ്ങളെ ത്രിപുരയിലെ സെപാഹിജാല സുവോളജിക്കൽ പാർക്കിൽ നിന്നാണ് ബംഗാളിലേക്ക് കൊണ്ടുവന്നത്. അക്ബർ എന്ന സിംഹത്തിന് ഏഴ് വയസും സീതയ്ക്ക് അഞ്ച് വയസുമാണ് പ്രായം.