ഷൊർണൂർ: രണ്ടാംവിളയ്ക്ക് അനുയോജ്യമായ പുതിയ രണ്ടുവിത്തിനങ്ങൾ കൂടി കർഷകരിലേക്ക്. പട്ടാന്പി കാർഷിക ഗവേഷണകേന്ദ്രമാണ് പിടിബി 61, പിടിബി 62 എന്നീ സങ്കരവിത്തിനങ്ങൾ വികസിപ്പിച്ചെടുത്തത്. ദീർഘകാല മൂപ്പുള്ള ഇനമാണിത്.2010-ലെ വൈശാഖ് വിത്തിനത്തിനുശേഷം കാർഷിക ഗവേഷണകേന്ദ്രം പുറത്തിറക്കുന്ന നെൽവിത്തു കൂടിയാണിത്.
പ്രതിരോധശേഷി കൂടുമെന്നതാണ് ഇതിന്റെ സവിശേഷത. തണ്ടുബലം കൂടിയതിനാൽ കതിരിട്ടാൽ വെള്ളത്തിലേക്കു ചാഞ്ഞുവീഴില്ല. കൊയ്ത്തുയന്ത്രം ഉപയോഗിച്ച് വിളവെടുക്കാമെന്നതും പ്രത്യേകതയാണ്.രണ്ടാംവിളയ്ക്ക് ഉപയോഗിക്കുന്ന ശ്വേത, കരുണ, ഉമ എന്നിവയേക്കാൾ വിളവു കൂടുതൽ ലഭിക്കുമെന്നതും പുതിയ വിത്തിനത്തിന്റെ പ്രത്യേകതയാണ്.
ദീർഘകാല വിത്തിനമായ പൊന്മണിയുടെ ഒപ്പംനില്ക്കുന്നതാണിത്. അടുത്ത വിള രണ്ടാംസീസണിൽ പുതിയ വിത്തിനങ്ങൾ കർഷകരിലെത്തിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. വൈക്കോൽ കൂടുതൽ ലഭിക്കുമെന്നതും പുതിയ വിത്തുകളുടെ സവിശേഷതയാണ്. തൃശൂർ, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിലെ നെൽകൃഷിക്ക് ഏറെ അനുയോജ്യമായതാണ് പുതിയ വിത്തനങ്ങൾ.