സ്വന്തം ലേഖകൻ
തൃശൂർ: ജനിതകാരോഗ്യവും ഗുണമേന്മയുമുള്ള പുതിയ അരികളുടെ യുഗത്തിന് തുടക്കം കുറിച്ച് കേരള കാർഷിക സർവകലാശാലയും കൊച്ചി സൈജിനോം റിസർച്ച് ഫൗണ്ടേഷനും സംയുക്തമായി കാർഷിക ജിനോമിക്സ് സമ്മേളനം സംഘടിപ്പിച്ചു.ജനിതകാരോഗ്യവും ഗുണമേന്മയും കൂടിയ പുതിയ രണ്ടു നെൽവിത്തുകൾ സമ്മേളനത്തിൽ അവതരിപ്പിച്ചു.
സാന്പ മഹസൂരി അരിയിൽനിന്ന് വികസിപ്പിച്ചെടുത്ത അഗ്രിജിനോം ലാബ്സ് എ.ജി.ആർ 2973, എ.ജി.ആർ 5501 എന്നീ ഉത്പാദന ക്ഷമതയേറിയ നെല്ലുകളുടെ വിത്തുകളാണ് പുറത്തിറക്കിയത്. എ.ജി.ആർ 2973 വലിപ്പമേറയ നെൽച്ചെടിയാണ്. ഇരുപത്തഞ്ച് ശതമാനത്തോളം ഉത്പാദന ശേഷി കൂടുതലുണ്ട്.
എ.ജി.ആർ 5501 നേരത്തെ പൂവിടുന്നതും നന്നായി വിളവ് തരുന്നതുമായ വിത്തിനമാണ്. ഈ രണ്ടു തരം അരികളിലും അഞ്ച് തലമുറകളിൽ ഒരേ ജനിതക ഗണങ്ങൾ സ്ഥിതീകരിക്കപ്പെട്ടു കഴിഞ്ഞു. ട്രയലുകൾക്ക് ശേഷം വാണിജ്യാടിസ്ഥാനത്തിൽ അവതരിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കാർഷിക സർവകലാശാലയിൽ നടന്ന സമ്മേളനം വൈസ് ചാൻസലർ ആർ. ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. അഗ്രിജിനോം ലാബ്സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. ജോർജ് തോമസ് അധ്യക്ഷത വഹിച്ചു. ന്യൂഡൽഹി എൻഐപിജിആർ ഡയറക്ടർ ഡോ. രമേഷ് സോണ്ടി, ഐഎആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. എ.കെ. സിംഗ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി.