മോദിയുടെ ജനപ്രീതിയില്‍ വന്‍ കുറവ്, തമിഴ്‌നാട്ടിലും കേരളത്തിലും മോദിയെ ഇഷ്ടപ്പെടുന്നവര്‍ വെറും പത്തുശതമാനത്തില്‍ താഴെമാത്രം, ഇത്തവണ മോദിക്കും ബിജെപിക്കും കാര്യങ്ങള്‍ എളുപ്പമാകില്ലെന്ന് പുതിയ സര്‍വേ അടിവരയിടുന്നു

പൊതുതെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ബിജെപിക്കും പ്രധാനമന്ത്രിക്കും തിരിച്ചടിയായി സീവോട്ടര്‍ സര്‍വേ. ദക്ഷിണേന്ത്യയില്‍ മോദിയുടെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ അസംതൃപ്തരാണെന്ന് സര്‍വേയില്‍ പങ്കെടുത്ത 90 ശതമാനം പേരും പറയുന്നത്. കേരളം, തമിഴ്നാട് ഉള്‍പ്പെടെയുളള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മോദിക്ക് ജനപ്രീതി കുറവാണെന്ന് സര്‍വേ വ്യക്തമാക്കുന്നു. തമിഴ്നാട്ടില്‍ നിന്നുളളവരില്‍ 2.2 ശതമാനം പേര്‍ മാത്രമാണ് മോദിയുടെ പ്രവര്‍ത്തനത്തില്‍ സംതൃപ്തി പ്രകടിപ്പിച്ചത്. കേരളത്തില്‍ ഇത് 7.7 ശതമാനം മാത്രമാണ്. കര്‍ണാടക, തെലുങ്കാന, ആന്ധ്രാപ്രദേശ് എന്നി സംസ്ഥാനങ്ങളില്‍ ഇത് യഥാക്രമം 38, 37, 23 ശതമാനം എന്നിങ്ങനെയാണ്.

അതേസമയം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മോദി തരംഗം തുടരുകയാണ്. കോണ്‍ഗ്രസ് ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും മോദിയെ പിന്തുണയ്ക്കുന്നവരാണ് ഏറെ. അടുത്തിടെ കോണ്‍ഗ്രസ് ഭരണം തിരിച്ചുപിടിച്ച രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലും മോദിയുടെ പ്രഭാവത്തിന് മങ്ങലേറ്റില്ലെന്ന് സര്‍വേ പറയുന്നു.

ജാര്‍ഖണ്ഡിലാണ് മോദിക്ക് ഏറ്റവുമധികം ജനപിന്തുണ. സര്‍വ്വേയില്‍ ജാര്‍ഖണ്ഡില്‍ നിന്നും പങ്കെടുത്തവരില്‍ 74 ശതമാനം പേരും മോദിയുടെ പ്രവര്‍ത്തനത്തില്‍ സംതൃപ്തി പ്രകടിപ്പിച്ചു. മോദിയുടെ ജന്മ നാടായ ഗുജറാത്തില്‍ നിന്നും പോലും 54 ശതമാനം പേര്‍ മാത്രം സംതൃപ്തി രേഖപ്പെടുത്തിയിരുന്ന സ്ഥാനത്താണ് മോദിയോടുളള ജാര്‍ഖണ്ഡിലെ ജനങ്ങളുടെ വര്‍ധിച്ച പിന്തുണ.

രാജസ്ഥാനില്‍ 68 ശതമാനം പേര്‍ മോദിയുടെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തിയപ്പോള്‍ ഛത്തീസ്ഗഡിലും മധ്യപ്രദേശിലും ഇത് യഥാക്രമം 64 ശതമാനവും 63 ശതമാനവുമാണ്. പൗരത്വ ബില്ലിന്റെ പേരില്‍ ബിജെപിക്കെതിരെ പ്രതിഷേധം ആളിക്കത്തിയ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും മോദിയുടെ ജനപ്രീതിക്ക് ഇടിവ് സംഭവിച്ചിട്ടില്ല. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പിന്തുണയും ഏറിയിട്ടുണ്ട്.

Related posts