മുംബൈ: കൂടുതല്‍ സുരക്ഷയുമായി പുതിയ പാന്‍ (പെര്മനെന്റ് അക്കൗണ്ട് നമ്പര്‍) കാര്‍ഡുമായി കേന്ദ്രസര്‍ക്കാര്‍. ജനുവരി ഒന്നു മുതല്‍ പുതിയ രൂപത്തിലും ഭാവത്തിലുമുള്ള പാന്‍ കാര്‍ഡുകള്‍ അച്ചടിച്ചുവരികയാണ്. എന്എസ്ഡിഎലിലും യുടിഐ ഇന്‍ഫ്രാസ്ട്രക്ചര്‍ ടെക്നോളജി ആന്‍ഡ് സര്‍വീസ് ലിമിറ്റഡിലും പ്രിന്റ് ചെയ്യുന്ന പാന്‍ കാര്‍ഡുകള്‍ പുതിയ അപേക്ഷകര്‍ക്കും പഴയത് പുതുക്കാനായി അപേക്ഷ നല്കിയവര്ക്കുമാണു ലഭിക്കുക.
പൂര്‍ണമായും യന്ത്രസഹായത്താല്‍ തയാറാക്കുന്ന കാര്‍ഡുകള്‍ തെറ്റില്ലാത്തവയായിരിക്കുമെന്നാണ് ആദായനികുതി വകുപ്പിന്റെ സാക്ഷ്യപ്പെടുത്തല്‍. ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് വിവരങ്ങള്‍ ചേര്‍ത്തിരിക്കുന്നത്.
ക്വിക് റെസ്പോണ്‍സ് കോഡ് എന്ന പുതിയ സംവിധാനമാണ് പുതിയ പാന്‍കാര്‍ഡുകളില്‍ ഉപയോഗിച്ചിരിക്കുന്നത്. വേരിഫിക്കേഷന് നടപടികള്‍ വേഗത്തിലാക്കാന്‍ ഈ സംവിധാനം സഹായിക്കും. രണ്ടു ലക്ഷത്തിനു മുകളിലുള്ള പണകൈമാറ്റങ്ങള്‍ക്കും ബാങ്ക് അക്കൗണ്ട് രൂപീകരണത്തിനും തിരിച്ചറിയല്‍ രേഖയായി പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിരുന്നു. നിലവില്‍ രാജ്യത്ത് 25 കോടിയിലധികം പാന്‍കാര്‍ഡ് ഉടമകളുണ്ട്.