കേരളത്തില്‍ പുതിയൊരു രാഷ്ട്രീയപാര്‍ട്ടി കൂടി പിറക്കുന്നു. നേതൃത്വത്തിലുള്ളത് മന്ത്രി കെ.ടി. ജലീലും. മുസ്ലീം ലീഗിന് സമൂദായത്തിലുള്ള സ്വാധീനം അവസാനിപ്പിക്കാന്‍ സിപിഎം പിന്തുണയോടെയാണ് പാര്‍ട്ടി രൂപീകരിക്കുന്നത്. ഇന്ത്യന്‍ സെക്കുലര്‍ ലീഗ് എന്നാകും പാര്‍ട്ടിയുടെ പേരെന്നാണ് സൂചന. ഇടതുപക്ഷവുമായി ബന്ധമുള്ള ഇസ്ലാമിക സംഘടനകളെയും പാര്‍ട്ടിയുമായി സഹകരിപ്പിക്കും.
മുസ്ലീം ലീഗിനെ തകര്‍ത്താല്‍ കേരളം തുടര്‍ച്ചയായി ഭരിക്കാനുള്ള അവസരം ഒരുങ്ങുമെന്ന തിരിച്ചറിവാണ് സിപിഎമ്മിനെ പുതിയ അടവുനയത്തിലേക്ക് എത്തിച്ചത്. ജലീലിനെ പോലെ മുസ്ലീം സമുദായത്തില്‍ വലിയ സ്വാധീനമുള്ള ഒരു നേതാവിനെ മുന്നില്‍ നിര്‍ത്തുന്നതിലൂടെ കൂടുതല്‍ പേരെ ആകര്‍ഷിക്കാമെന്ന് അവര്‍ കണക്കുകൂട്ടുന്നു. രാഷ്ട്രീയ പാര്‍ട്ടിക്കു വേണ്ടുന്ന എല്ലാ സംവിധാനങ്ങളും സിപിഎം നേരിട്ടാണ് ഒരുക്കി നല്കുന്നത്.
കേരളത്തില്‍ ചെറിയ സ്വാധീനമുള്ള ഇന്ത്യന്‍ നാഷനല്‍ ലീഗ്, പി.ടി.എ. റഹീമിന്റെ നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ്, അബ്ദുല്‍ നാസര്‍ മദനിയുടെ പിഡിപി എന്നിവയും പുതിയ പാര്‍ട്ടിയില്‍ ലയിക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്. കേരളത്തിനു പുറമെ തമിഴ്‌നാട്ടില്‍ നിന്നുള്ള മുസ്ലിം പാര്‍ട്ടികളായ മനിതെയാ മക്കള്‍ കട്ച്ചി, തമിഴ്‌നാട് മുസ്ലിം മുന്നേറ്റ കഴകം എന്നിവരുമായുള്ള ചര്‍ച്ച പൂര്‍ത്തിയായി. പുതിയ വോട്ടുബാങ്ക് ശക്തിയായി ഈ പാര്‍ട്ടിയെ ഉയര്‍ത്തി കൊണ്ടുവരികയാണ് ലക്ഷ്യം.