മാഡ്രിഡ്: ബ്രസീലിന്റെ പുതിയ പെലെ എന്ന് ഇതിനോടകം പേരെടുത്ത എൻഡ്രിക്കിന്റെ മറ്റൊരു മിന്നും പ്രകടനത്തിന് ഫുട്ബോൾ ലോകം സാക്ഷ്യംവഹിച്ചു. മാഡ്രിഡിലെ സാന്റിയാഗൊ ബർണബ്യൂവിൽ അരങ്ങേറിയ രാജ്യാന്തര സൗഹൃദ മത്സരത്തിൽ സ്പെയിനും ബ്രസീലും 3-3ന് സമനിലയിൽ പിരിഞ്ഞു.
രണ്ട് ഗോളിനു പിന്നിൽനിന്ന കാനറികൾക്കുവേണ്ടി രണ്ടാം ഗോൾ നേടിയത് പതിനേഴുകാരനായ എൻഡ്രിക് ആയിരുന്നു. സ്പെയിനിനായ റോഡ്രി (12’, 87’) രണ്ട് പെനാൽറ്റി ഗോൾ സ്വന്തമാക്കി. ഒരു ഗോൾ ഡാനി ഓൾമൊയുടെ (36’) വകയായിരുന്നു. എൻഡ്രിക്കിനൊപ്പം (50’) റോഡ്രിഗൊ (40’), ലൂകാസ് പക്വെറ്റ (90+6’) എന്നിവരും ബ്രസീലിനായി ഗോൾ നേടി.
റൊണാൾഡോയ്ക്കുശേഷം (1994) ബ്രസീൽ സീനിയർ ടീമിൽ എത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ താരം, കാനറികൾക്കായി 57 വർഷത്തിനിടെ കളത്തിലിറങ്ങുന്ന ഏറ്റവും പ്രായംകുറഞ്ഞ കളിക്കാരൻ, വെംബ്ലി സ്റ്റേഡിയത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരം തുടങ്ങിയ റിക്കാർഡുകൾ ഇതിനോടകം എൻഡ്രിക് സ്വന്തമാക്കിയിട്ടുണ്ട്. നാല് രാജ്യാന്തര മത്സരങ്ങളിൽനിന്ന് രണ്ട് ഗോളും ഇതിനോടകം ഈ കൗമാരക്കാരൻ സ്വന്തമാക്കി.
ഫ്രാൻസ്, ജർമനി, ക്രൊയേഷ്യ
രാജ്യാന്തര സൗഹൃദ മത്സരങ്ങളിൽ ഫ്രാൻസ്, ജർമനി, ക്രൊയേഷ്യ ടീമുകൾക്കു ജയം. ഫ്രാൻസ് 3-2ന് ചിലിയെയും ക്രൊയേഷ്യ 4-2ന് ഈജിപ്തിനെയും തോൽപ്പിച്ചു. വന്പന്മാരുടെ പോരാട്ടത്തിൽ ജർമനി 2-1ന് നെതർലൻഡ്സിനെ കീഴടക്കി. ഒരു ഗോളിനു പിന്നിൽനിന്നശേഷമായിരുന്നു ജർമനിയുടെ ജയം.
അതേസമയം, ഇംഗ്ലണ്ട് 2-2ന് ബെൽജിയവുമായി സമനിലയിൽ പിരിഞ്ഞു. ഇഞ്ചുറി ടൈമിൽ ജൂഡ് ബെല്ലിങ്ഗം (90+5’) നേടിയ ഗോളിലായിരുന്നു ഇംഗ്ലണ്ട് സമനില നേടിയത്. നോർവെയും സ്ലോവാക്യയും 1-1 സമനിലയിൽ പിരിഞ്ഞു.