ന്യൂഡല്‍ഹി: സ്വകാര്യത വ്യക്തിയുടെ മൗലികാവകാശമാണെന്നു സുപ്രീം കോടതി വിധി വന്നതോടെ സമൂഹത്തില്‍ ഉണ്ടാവാന്‍ പോകുന്നത് കാതലായ മാറ്റങ്ങള്‍. ആധാര്‍ ഉള്‍പ്പെടെ ഇരുപതിലധികം കേസുകളിലാണു കോടതിവിധി പ്രതികൂലമായതോടെ കേന്ദ്ര സര്‍ക്കാരിനു നിലപാട് തിരുത്തേണ്ടി വരിക. ബീഫ് നിരോധനം, സ്വവര്‍ഗ ലൈംഗികത, വാട്‌സാപ്പ്.. എന്നിങ്ങനെയുള്ള വിഷയങ്ങളിലും പൊതു ജനാഭിപ്രായം ഇനി സര്‍ക്കാരുകള്‍ അംഗീകരിക്കേണ്ടി വരും. ആധാറിലൂടെ വ്യക്തിയുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും തടസ്സമുണ്ടാകും. രാജ്യസുരക്ഷയുടെയും തീവ്രവാദ ഭീഷണിയുടെയും പേരില്‍ ആധാര്‍ ഉപയോഗിച്ചു വ്യക്തികളെ നിയന്ത്രിക്കാനുള്ള നീക്കവും നടക്കില്ല.
എന്നാല്‍ കോടതി വിധിയില്‍ പല ന്യായങ്ങളും കേന്ദ്രസര്‍ക്കാര്‍ കണ്ടെത്തുന്നുണ്ട്. സ്വകാര്യത മൗലികാവകാശമെന്ന സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് കേന്ദ്രസര്‍ക്കാര്‍. സ്വകാര്യത മൗലികാവകാശമാണെങ്കിലും പരമമായ അവകാശമല്ലെന്ന് കേന്ദ്രനിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. സര്‍ക്കാരിന്റെ കാഴ്ചപ്പാടില്‍ പ്രത്യേകിച്ചും ആധാറിന്റെ കാര്യത്തില്‍ സ്വകാര്യത മൗലികാവകാശമാണെന്നാണ് വിലയിരുത്തല്‍ എന്നും പറയുന്നു. നമ്മള്‍ നടന്നുപോകുന്നതു മുതല്‍ പണം കൊടുത്തു സാധനം വാങ്ങുന്നതു വരെയുള്ള എല്ലാ ദൈനംദിന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടും വിവരം സൃഷ്ടിക്കപ്പെടുകയും പങ്കുവയ്ക്കപ്പെടുകയും ചെയ്യുകയാണ്. ഇത്തരം ഇടപെടലുകളെയെല്ലാം ഈ വിധി സ്വാധീനിക്കും.
സിസിടിവി ക്യാമറകളിലൂടെ നിരീക്ഷണവും ഇനി നടക്കുമോ എന്ന് സംശയമാണ്. ലൊക്കേഷന്‍, ചിത്രം എന്നിവ അടയാളപ്പെടുത്തുന്നു. ലൈവായി മറ്റൊരിടത്തു ടെലികാസ്റ്റ് ചെയ്യുന്നു. ഇതിനെല്ലാം വ്യക്തികള്‍ കോടതിയെ സമീപിച്ചാല്‍ നിയന്ത്രണം വരും. ഏറ്റവും പ്രധാനമായി വിധി പ്രതിഫലിക്കുക ആധാറില്‍ തന്നെയാകും. ക്ഷേമപദ്ധതികള്‍ക്ക് (ഗ്യാസ് സബ്‌സിഡി, പെന്‍ഷന്‍ പോലുള്ളവ) ആധാര്‍ തുടര്‍ന്നു ഉപയോഗിക്കാന്‍ സാധിക്കും. എന്നാല്‍ പൗരന്മാരുടെ സ്വകാര്യതയില്‍ കടന്നുകയറാനുള്ള ശ്രമം നടക്കില്ല. ആധുനിക കാലത്ത് ബയോമെട്രിക് ഡേറ്റയാണ് വ്യക്തികളുടെ സ്വകാര്യത. അതിനാല്‍ ഡിജിറ്റല്‍ രേഖകള്‍ ജീവന്‍ പോലെ സൂക്ഷിക്കാനും സ്വകാര്യമായി വയ്ക്കാനുമുള്ള അവകാശം പൗരനുണ്ട്.
സകല ഇടപാടുകള്‍ക്കും ആധാര്‍ വേണമെന്ന് നിര്‍ബന്ധം പിടിക്കാന്‍ പറ്റില്ല. ആധാര്‍ ഇല്ലെങ്കിലും സേവനങ്ങള്‍ പൗരനു നല്‍കേണ്ടി വരും. വാട്‌സ് ആപ്പ് ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തി കൈമാറുന്ന സ്വകാര്യ വിവരങ്ങള്‍ വാണിജ്യാവശ്യത്തിനു അവരറിയാതെ ഉപയോഗിക്കുന്നുണ്ട്. രാജ്യത്തെ പ്രധാന ടെക് കമ്പനികളെല്ലാം വ്യക്തികളുടെ വിവരങ്ങള്‍ സൂക്ഷിക്കുകയും കൈമാറുകയും ചെയ്യുന്നുണ്ട്. രാജ്യസുരക്ഷ മുന്‍നിര്‍ത്തി സര്‍ക്കാര്‍ ഏജന്‍സികളും വിവരശേഖരണം നടത്തുന്നുണ്ട്. ഗൂഗിള്‍, ഫേസ്ബുക്ക്, ആപ്പിള്‍, മൈക്രോസോഫ്റ്റ് തുടങ്ങി മുന്‍നിര കമ്പനികള്‍ക്കും വിധി തിരിച്ചടിയാകും. അവര്‍ക്കെല്ലാം ഇന്ത്യയില്‍ ഇനി പ്രത്യേക നയം കൊണ്ടു വരേണ്ടി വരും.
ജീവിക്കാനുള്ള അവകാശം പോലും അന്യമാകുന്ന വിഭാഗങ്ങളാണ് എല്‍ജിബിടി (ലെസ്ബിയന്‍, ഗേ, ബൈ സെക്ഷ്വല്‍, ട്രാന്‍സ്‌ജെന്‍ഡര്‍) എന്നറിയപ്പെടുന്ന ലൈംഗിക ന്യൂനപക്ഷം. 1860ല്‍ നിലവില്‍ വന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പാണ് രാജ്യത്തെ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കു തടസം. സ്ത്രീയും പുരുഷനും തമ്മിലുള്ള ലൈംഗികത കുറ്റകരമല്ല. സ്ത്രീയും പുരുഷനും അല്ലാത്തവര്‍ തമ്മിലുള്ള രതി ഇന്ത്യയില്‍ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. സുപ്രീം കോടതി വിധിയിലൂടെ ഐപിസി 377 മറികടക്കാമെന്നാണ് ലൈംഗിക ന്യൂനപക്ഷങ്ങള്‍ കരുതുന്നത്. തന്റെ ലൈംഗികത തിരഞ്ഞെടുക്കാന്‍ അതത് വ്യക്തികള്‍ക്ക് അവകാശമുണ്ടാകും.
ബീഫ് നിരോധനം ഭക്ഷണ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നാണ് വാദം. ഇഷ്ട ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്രത്തിന്മേലുള്ള വെല്ലുവിളിയെന്ന നിലയിലാണ് ബീഫ് നിരോധനം ചര്‍ച്ചാ വിഷയമായത്. പല സംസ്ഥാനങ്ങളിലും മദ്യനിരോധനമുണ്ട്. മദ്യം കഴിക്കുന്നത് വ്യക്തിയുടെ ഇഷ്ടമായതിനാല്‍ സര്‍ക്കാരിന് അത് നിരോധിക്കാനാകില്ലെന്ന വാദവും സജീവമാണ്.