രാവിലെ ഉറക്കം ഉണര്‍ന്ന് ആദ്യം നോക്കുന്നത് ഫോണിലേക്കാണോ ? എഴുന്നേറ്റാല്‍ ഉടന്‍ തന്നെ സോഷ്യല്‍ മീഡിയയ്ക്ക് പിന്നാലെ പോകുന്നവരുടെ ആരോഗ്യം മോശമാകുമെന്ന പുതിയ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഫേസ്ബുക്ക് ഉപയോഗിക്കുന്ന 165 പേരില്‍ ഒരു കൂട്ടം ഗവേഷകര്‍ അടുത്തിടെ നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. സമൂഹമാധ്യമങ്ങളിലുള്ള മറ്റുള്ളവരുമായി അവര്‍ എത്രമാത്രം സ്വയം താരതമ്യപ്പെടുത്തുന്നുവെന്നും അവരുടെ ആത്മാഭിമാനം, ആരോഗ്യം, ജീവിതസംതൃപ്തി എന്നീ കാര്യങ്ങളും ഈ സര്‍വേയിലൂടെ മനസ്സിലാക്കി.
‘2.27 ബില്യന്‍ യൂസേഴ്സ് ഉള്ള ഫേസ്ബുക്ക് പോലൊരു മാധ്യമം ഇതിനു മുന്‍പ് ഉണ്ടായിട്ടില്ല. വ്യക്തികളില്‍ ഇതിന്റെ ദീര്‍ഘകാല ഉപയോഗം ഉണ്ടാക്കുന്ന ഫലങ്ങള്‍ അറിയില്ല. എന്നാല്‍ മറ്റുള്ളവരുമായുള്ള താരതമ്യം അനാരോഗ്യകരമാണ്. ഫേസ്ബുക്ക് പോലുള്ള സൈറ്റുകള്‍ ഉപയോഗിക്കുന്നവര്‍ താരതമ്യം വരുത്തുന്ന അപകടങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കണം’ ഗവേഷകര്‍ പറയുന്നു. സമൂഹമാധ്യമങ്ങളുടെ അമിതോപയോഗം, മറ്റുള്ളവരുമായി നമ്മളെ താരതമ്യം ചെയ്യാനുള്ള അവസരം കൂട്ടുകയും ജീവിതശൈലിയിലും ആരോഗ്യത്തിലും താന്‍ അവരെക്കാളും മെച്ചമാണെന്നു സ്വയം കരുതുകയും ചെയ്യും.
തങ്ങളെ ഫേസ്ബുക്കിലുള്ള മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നവര്‍ക്ക് ഉറക്കത്തിന്റെ താളം തെറ്റുക, ശരീരഭാരം കൂടുകയോ കുറയുകയോ ചെയ്യുക, പേശീവലിവ് തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. മറ്റുള്ളവരുടെ ജീവിതവുമായി താരതമ്യപ്പെടുത്തുന്നത് പലപ്പോഴും നമ്മുടെ ജീവിതാവസ്ഥകളെപ്പറ്റി നമുക്ക് ഉറപ്പില്ലാത്തതിനാലാണ്. ഉത്കണ്ഠ, വിഷാദം ഇവ ബാധിച്ചവരും സ്ത്രീകളുമാണ് കൂടുതല്‍ ലക്ഷണങ്ങള്‍ കാണിച്ചത്. തങ്ങളുടെ ജീവിതത്തില്‍ സംതൃപ്തരായവര്‍ സ്വാഭിമാനം ഉള്ളവരും വളരെ കുറച്ചു മാത്രം ശാരീരിക പ്രശ്നങ്ങള്‍ ഉള്ളവരുമാണെന്നു കണ്ടു. സറേ സര്‍വകലാശാലാ ഗവേഷകര്‍ നടത്തിയ ഈ പഠനം ‘ഹെലിയോണ്‍’ എന്ന ജേണലിലാണ് പ്രസിദ്ധീകരിച്ചത്.