എല്ലാവര്ക്കും സൗജന്യ ലാപ്ടോപ്പ് എന്ന പേരില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പേരില്‍ പ്രചരിക്കുന്ന തട്ടിപ്പില്‍ ആരും വീഴരുതേയെന്ന് മന്ത്രി വി ശിവന്‍കുട്ടി.
ഇതിനെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് പൊലീസില്‍ പരാതി നല്‍കുമെന്നും മന്ത്രി അറിയിച്ചു. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും തട്ടിപ്പില്‍ വഞ്ചിതരാകാതിരിക്കണമെന്നും ശിവന്‍കുട്ടി ആവശ്യപ്പെട്ടു.
വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യം ലാപ്ടോപ് എന്ന പേരിലാണ് തട്ടിപ്പ് നടക്കുന്നത്. ലാപ്ടോപ് ലഭിക്കാന്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് ആണ് വാട്സ് ആപ്പില്‍ പ്രചരിക്കുന്നത്.
ലിങ്കില്‍ വിദ്യാര്‍ത്ഥിയുടെ പേരും വയസ്സും ഫോണ്‍ നമ്പറും നല്കാന് നിര്‍ദേശമുണ്ട്. ഒടിപിയും ആവശ്യപ്പെടുന്നുണ്ട്.
പൊതു വിദ്യാഭ്യാസവകുപ്പിന്റെ പേരില്‍ സര്‍ക്കാര്‍ മുദ്രയും ഉപയോഗിച്ചാണ് തട്ടിപ്പ് നടക്കുന്നത്. ലിങ്ക് വ്യാജമാണെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു.
മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഇത് വ്യാജ പ്രചരണം ആണ്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചിഹ്നങ്ങള്‍ ഉപയോഗിച്ചാണ് ഇത് പ്രചരിപ്പിക്കുന്നത് എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വഞ്ചിതരാകാതിരിക്കുക. പൊതുവിദ്യാഭ്യാസ വകുപ്പ് ഉടന്‍ തന്നെ പൊലീസില്‍ പരാതി നല്‍കും.