കുട്ടികളെ ചുമട്ടുതൊഴിലാളികളാക്കരുത് !എല്ലാ പുസ്തകങ്ങളിലും ഭാരം രേഖപ്പെടുത്തണം; രണ്ടാംക്ലാസ് വരെ ഹോംവര്‍ക്കിന്റെ ആവശ്യമില്ല;കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ…

വിദ്യര്‍ഥികളുടെ സ്‌കൂള്‍ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിന് പുതിയ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ പുതിയ നയം തയ്യാറാക്കി.

ശരീരഭാരത്തിന്റെ പത്ത് ശതമാനത്തില്‍ താഴെയായിരിക്കണം സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ബാഗിന്റെ ഭാരമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പുതിയ സ്‌കൂള്‍ ബാഗ് നയം ശുപാര്‍ശ ചെയ്യുന്നു.

രണ്ടാംക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഹോംവര്‍ക്ക് പാടില്ലെന്നും പുതിയ നയത്തില്‍ നിര്‍ദ്ദേശമുണ്ട്. രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളുടെ പരമാവധി തൂക്കം 22 കിലോ ഗ്രാം ആണ്.

അതിനാല്‍ അവരുടെ സ്‌കൂള്‍ ബാഗിന്റെ ഭാരം രണ്ട് കിലോ ഗ്രാമില്‍ കൂടാന്‍ പാടില്ലെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തയ്യാറാക്കിയിരിക്കുന്ന പുതിയ സ്‌കൂള്‍ ബാഗ് നയത്തില്‍ ശുപാര്‍ശ ചെയ്തിട്ടുള്ളത്.

പ്ലസ്ടു തലത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഭാരം 35 മുതല്‍ 50 കിലോ വരെ ആയതിനാല്‍ സ്‌കൂള്‍ ബാഗുകളുടെ ഭാരം അഞ്ച് കിലോ ഗ്രാമില്‍ അധികമാകരുതെന്നും നയത്തില്‍ പറയുന്നു.

എങ്ങനെ ബാഗിന്റെ ഭാരം കുറയ്ക്കാമെന്നും നയത്തില്‍ വിശദീകരിച്ചിട്ടുണ്ട്. പുസ്തകം നിശ്ചയിക്കുമ്പോള്‍ അതിന്റെ ഭാരം കൂടി അധ്യാപകര്‍ കണക്കിലെടുക്കണം. എല്ലാ പുസ്തകങ്ങളിലും പ്രസാധകര്‍ ഭാരം രേഖപ്പെടുത്തണം എന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

ഗുണ നിലവാരമുള്ള ഉച്ച ഭക്ഷണവും കുടിവെള്ളവും സ്‌കൂളുകളില്‍ തന്നെ ഉറപ്പാക്കണം. അങ്ങനെയായാല്‍ ചോറ്റുപാത്രവും വെള്ളക്കുപ്പിയും ബാഗിന്റെ ഭാഗമായി സ്‌കൂളില്‍ കൊണ്ടുവരുന്നത് ഒഴിവാക്കാം. ഇത് സ്‌കൂള്‍ ബാഗുകളുടെ ഭാരവും വലുപ്പവും കുറയ്ക്കാന്‍ സഹായകരമാകുമെന്നും നയം ചൂണ്ടിക്കാട്ടുന്നു.

അധികസമയം ഇരുന്ന് പഠിക്കാന്‍ കഴിയാത്തതിനാല്‍ രണ്ടാം ക്ലാസ് വരെയുള്ള വിദ്യാത്ഥികള്‍ക്ക് ഹോം വര്‍ക്ക് നല്‍കരുത് എന്നാണ് നയത്തിലെ മറ്റൊരു ശുപാര്‍ശ. ഹോം വര്‍ക്ക് നല്‍കുന്നതിന് പകരം വിദ്യാര്‍ത്ഥികള്‍ വൈകീട്ട് എങ്ങനെ സമയം ചെലവഴിച്ചു, എന്തൊക്കെ കളിച്ചു, എന്തൊക്കെ ഭക്ഷണം കഴിച്ചു തുടങ്ങിയ കാര്യങ്ങള്‍ അധ്യാപകര്‍ ക്ലാസില്‍ പറയിപ്പിക്കണം.

മൂന്ന് മുതല്‍ അഞ്ച് വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആഴ്ചയില്‍ പരമാവധി രണ്ട് മണിക്കൂര്‍ വരെയേ ഹോം വര്‍ക്ക് നല്‍കാവൂ.

തലേ ദിവസം വൈകിട്ട് എങ്ങനെയാണ് ചെലവഴിച്ചത്, എന്ത് ഭക്ഷണം ആണ് കഴിച്ചത്, അതില്‍ എന്തൊക്കെ ഉണ്ടായിരുന്നു, വിദ്യാര്‍ത്ഥികളുടെ ഇഷടാനിഷ്ടങ്ങള്‍, വീട്ടില്‍ ആരൊക്കെ എന്തൊക്കെ ചെയ്യുന്നു എന്നൊക്കെ ക്ലാസില്‍ പറയിപ്പിക്കുക.

ആറു മുതല്‍ എട്ടു വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഒരു ദിവസം പരമാവധി ഒരു മണിക്കൂര്‍ മാത്രമേ ഹോം വര്‍ക്ക് നല്‍കാവൂ. ഈ പ്രായം മുതലാണ് വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ ഏകാഗ്രതയോടെ കൂടുതല്‍ സമയം ഇരിക്കാന്‍ തുടങ്ങുന്നത്.

അതിനാല്‍ തന്നെ കഥകള്‍, ലേഖനങ്ങള്‍, പ്രാദേശികമായ വിഷയങ്ങള്‍, ഊര്‍ജ്ജ സംരക്ഷണം എന്നിവ സംബന്ധിച്ച് എഴുതാന്‍ വിദ്യാര്‍ത്ഥികളോട് നിര്‍ദേശിക്കണം.

ഒന്‍പത് മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിദിനം രണ്ട് മണിക്കൂറിലധികം ഹോം വര്‍ക്ക് നല്‍കരുതെന്നും നയത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

മദ്രാസ് ഹൈക്കോടതി 2018ല്‍ സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കാന്‍ ഉള്ള നയം രൂപീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ എന്‍സിഇആര്‍ടിയിലെ പാഠ്യപദ്ധതി വിഭാഗം മേധാവി രഞ്ജന അറോറയുടെ നേതൃത്വത്തില്‍ നയം രൂപീകരിക്കാന്‍ വിദഗ്ത സമിതി രൂപവത്കരിച്ചിരുന്നു.

രാജ്യത്തെ 350ഓളം സ്‌കൂളുകളിലായി 3000 രക്ഷാകര്‍ത്താക്കളിലുംം 3600 വിദ്യാര്‍ത്ഥികളിലും സര്‍വേ നടത്തിയാണ് പുതിയ നയം രൂപീകരിച്ചിരിക്കുന്നത്. നയത്തിന്റെ പകര്‍പ്പ് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ അയച്ചിട്ടുണ്ട്.

Related posts

Leave a Comment