ചിറ്റാരിക്കാല്: അറബിക്കടലിന്റെ തെക്കുകിഴക്കന് മേഖലയില്നിന്ന് മത്സ്യ പരാദങ്ങളുടെ ഗണത്തില്പ്പെടുത്താവുന്ന രണ്ടു പുതിയ ജീവിവര്ഗങ്ങളെ കണ്ടെത്തി.
കേരള സര്വകലാശാലയിലെ അക്വാട്ടിക് ബയോളജി വകുപ്പില് ഗവേഷണാനന്തര പഠനത്തില് ഏര്പ്പെട്ടിരിക്കുന്ന കാസര്ഗോഡ് തയ്യേനി സ്വദേശി ഡോ. പി.ടി. അനീഷ്, ഡോ. എ.കെ. ഹെല്ന, വകുപ്പ് മേധാവി പ്രഫ. എ. ബിജു കുമാര് എന്നിവര് നടത്തിയ ഗവേഷണത്തിലാണ് മത്സ്യങ്ങളെ ആശ്രയിച്ചു ജീവിക്കുന്ന രണ്ടു പരാദ ജീവികളെ കണ്ടെത്തിയത്.
ക്രസ്റ്റേഷ്യന് വിഭാഗത്തില്പ്പെടുന്ന ഈ ജീവികള്ക്ക് അക്കാന്തോകോണ്ഡ്രിയ കൃഷ്ണയ്, കോണ്ട്രക്കാന്തസ് കബാട്ടായ് എന്നീ പേരുകളാണ് നല്കിയിരിക്കുന്നത്.
ഇന്ത്യയിലെ ക്രസ്റ്റേഷ്യന് ജീവികളുടെ വര്ഗീകരണത്തില് നിര്ണായക പങ്കുവഹിച്ചിരുന്ന കേരള സര്വകലാശാല അക്വാട്ടിക് ബയോളജി വിഭാഗം മുന് മേധാവി ഡോ. എന്. കൃഷ്ണപിള്ളയുടെ സ്മരണാർഥമാണ് ആദ്യത്തെ ജീവിവര്ഗത്തിന് പേരു നല്കിയത്.
ഈ വിഭാഗത്തില്പ്പെടുന്ന ഏറ്റവുമധികം ജീവികളെ പുതുതായി കണ്ടെത്തിയതും ഇതില് എണ്ണൂറോളം ജീവികളുടെ വിവരങ്ങള് സുവോളജിക്കല് സര്വേ ഓഫ് ഇന്ത്യ വഴി പുസ്തക രൂപത്തില് പുറത്തിറക്കിയതും അദ്ദേഹമാണ്.
ഡോ. കൃഷ്ണപിള്ളയുടെ സുഹൃത്തും കനേഡിയന് ഗവേഷകനുമായിരുന്ന പ്രഫ. കബാട്ടയുടെ ബഹുമാനാർഥമാണ് രണ്ടാമത്തെ ജീവിവര്ഗത്തിന് പേര് നല്കിയിരിക്കുന്നത്.
ക്രസ്റ്റേഷ്യന് ജീവികളുടെ വര്ഗീകരണവുമായി ബന്ധപ്പെട്ട ബ്രസീലിയന് അന്താരാഷ്ട്ര ഗവേഷണ ജേര്ണലായ “നൗപ്ലിയസി’ന്റെ പുതിയ ലക്കത്തില് മലയാളി ഗവേഷകരുടെ ഗവേഷണഫലങ്ങള് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേരള സര്വകലാശാല അക്വാട്ടിക് ബയോളജി വിഭാഗത്തിനു കീഴില് കൂടുതല് സമുദ്ര ജീവികളെക്കുറിച്ചുള്ള കണ്ടെത്തലുകള് പ്രസിദ്ധീകരണത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്ന് വകുപ്പ് മേധാവി പ്രഫ. എ. ബിജുകുമാര് അറിയിച്ചു.