ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ എല്ലാമെല്ലാമായിരുന്ന നടിയായിരുന്നു ഷക്കീല. കിന്നാരത്തുമ്പികള്‍ എന്ന ഒരൊറ്റ ചിത്രത്തിലൂടെ മലയാളി യുവാക്കളുടെയെല്ലാം ആരാധന പിടിച്ചു പറ്റാന്‍ ഷക്കീലയ്ക്കായി. സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ എട്ടുനിലയില്‍ പൊട്ടുമ്പോള്‍ വരിവരിയായി ഷക്കീലപ്പടങ്ങള്‍ ഹിറ്റാവുന്നത് കണ്ട് സിനിമാ നിരൂപകര്‍ പോലും അന്തിച്ചു നിന്നിട്ടുണ്ട്.
ഇതോടെ മുഖ്യധാരയിലുള്ള സംവിധായകരും നിര്‍മാതാക്കളും പോലും ഷക്കീലയുടെ ഡേറ്റ് കിട്ടാനായി മത്സരിച്ചു. ഷക്കീലയ്ക്കു പിന്നാലെ വേറെയും ബി ഗ്രേഡ് നായികമാര്‍ എത്തിയെങ്കിലും അവര്‍ക്കാര്‍ക്കും ഷക്കീലയ്‌ക്കൊപ്പമെത്താനായില്ല.
എന്നാല്‍ മൊബൈല്‍ ഫോണിന്റെ വരവോടെ ഷക്കീല പടങ്ങള്‍ക്ക് ഡിമാന്‍ഡ് കുറഞ്ഞു. അങ്ങനെ ഒരു കാലത്തെ സൂപ്പര്‍നായിക ഫീല്‍ഡ് ഔട്ടായി എന്നു തന്നെ വേണമെങ്കില്‍ പറയാം.
എന്നിരുന്നാലും വിവാദങ്ങളും തുറന്നു പറച്ചിലുകളുമായി ഷക്കീല സജീവമായിരുന്നു. ഇപ്പോള്‍ മുഖ്യധാര സിനിമകളില്‍ സജീവമാണ് താരം. എന്നാല്‍ കഴിഞ്ഞ കാലത്തിന്റെ ഓര്‍മകള്‍ അയവിറക്കുന്ന ഷക്കീലയുടെ പുതിയ ചിത്രം ഒടിടി റിലീസിംഗിനൊരുങ്ങുകയാണ്.
ഷക്കീല തന്നെ നിര്‍മിക്കുന്ന ‘ലേഡീസ് നോട്ട് അലൗഡ്’ എന്ന ചിത്രം ഇന്ന് രാത്രി 8 മണിക്ക് ഒ.ടി.ടി റിലീസായെത്തുകയാണ്. മുതിര്‍ന്നവര്‍ക്കുള്ള കോമഡി ചിത്രമാണ് ലേഡീസ് നോട്ട് അലൗഡ്. ടിക്കറ്റ് നിരക്ക് 50 രൂപയാണ്. അതേസമയം സ്ത്രീകള്‍ ദയവായി ഈ സിനിമ കാണരുതെന്ന അപേക്ഷയും ഷക്കീല നടത്തിയിട്ടുണ്ട്.
തന്റെ എല്ലാ സ്വത്തുക്കളും ലേഡീസ് നോട്ട് അലൗഡ് എന്ന ചിത്രത്തിന് വേണ്ടി മുടക്കിയെന്നും ഒരുപാട് ബുദ്ധിമുട്ടുകളും സഹിച്ചാണ് ഇപ്പോള്‍ സിനിമ ഓണ്‍ലൈനില്‍ എത്തിക്കുന്നതെന്നും ഷക്കീല പറഞ്ഞു. ലേഡീസ് നോട്ട് അലൗഡി’ന്റെ ചിത്രീകരണം കഴിഞ്ഞിട്ട് രണ്ടു വര്‍ഷമായി. സെന്‍സറിങ്ങുമായി ബന്ധപ്പെട്ട് ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടായി.
സെന്‍സര്‍ഷിപ്പിനായി ഹൈദരാബാദ്, ചെന്നൈ, ബോംബെ, ദില്ലി എന്നിവിടങ്ങളിലേക്ക് പോകേണ്ടിവന്നു. എന്നാല്‍ സിനിമയ്ക്ക് സെന്‍സര്‍ഷിപ്പ് ലഭിച്ചില്ല. കോവിഡ് കൂടി വന്നതോടെ പ്രശ്നങ്ങള്‍ ഇരട്ടിയായി. എന്റെ സമ്പാദ്യത്തിന് പുറമേ പലിശ്ക്കും പണമെടുത്ത് സിനിമയ്ക്കായി മുടക്കിയെന്നാണ് വികാരനിര്‍ഭരയായി ഷക്കീല പറയുന്നത്.
സെന്‍സര്‍ഷിപ്പ് ഇല്ലായാണ് ചിത്രം ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുന്നതെന്നും സിനിമ കണ്ടതിനുശേഷം അനുഗ്രഹിക്കണമെന്നും ഷക്കീല പറഞ്ഞു. എല്ലാവരും സിനിമ കാണണമെന്ന് അപേക്ഷിച്ച ഷക്കീല അല്ലാത്തപക്ഷം തനിക്ക് അടുത്ത സിനിമ നിര്‍മിക്കാന്‍ സാധിക്കില്ലെന്നും വിഡിയോയില്‍ പറഞ്ഞു.
സെന്‍സര്‍ ബോര്‍ഡിനെതിരേ ഷക്കീല നേരത്തെ രംഗത്തെത്തിയിരുന്നു. ചിത്രം സെന്‍സര്‍ ചെയ്യാന്‍ ബോര്‍ഡ് കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് ഷക്കീല തുറന്നടിച്ചത്. ചിത്രം രണ്ട് തവണ ആണ് സെന്‍സര്‍ ബോര്‍ഡ് നിരസിച്ചത്.
ഇതൊരു കുടുംബ ചിത്രമല്ല അഡല്‍ട്ട് ചിത്രമാണ്. ഞാന്‍ നിശബ്ദമായിരിക്കാന്‍ ആഗ്രഹിക്കുന്നില്ല. എല്ലാം ഞാന്‍ റെക്കോര്‍ഡ് ചെയ്ത് വച്ചിട്ടുണ്ട്. ഞാന്‍ നിര്‍മ്മാതാവ് ആയതു കൊണ്ട് മാത്രമാണ് സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതെന്നും ഷക്കീല പരിതപിക്കുന്നു.
എല്ലാവരും കൈയ്യൊഴിഞ്ഞതിനു ശേഷമാണ് ചിത്രം ഡിജിറ്റലൈസ് ചെയ്ത് ഓണ്‍ലൈനില്‍ റിലീസ് ചെയ്യാമെന്ന് ഷക്കീല അറിയുന്നത്. സെന്‍സര്‍ഷിപ്പ് ഇല്ലാതെ ഈ ചിത്രം ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ വരുമ്പോള്‍ ആളുകളുടെ ഇടിയായിരിക്കുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ.
സംവിധായകന്‍ സായ് റാം ദസാരിയാണ്. കവാലി രമേഷിനും വിക്രാന്ത് റെഡ്ഡിക്കുമൊപ്പം ചേര്‍ന്നാണ് ഷക്കീല ചിത്രം നിര്‍മിച്ചിരിക്കുന്നത്. സംഗീതം ശ്രീ മിത്ര. ഛായാഗ്രഹണം തരുണ്‍ കരന്തോഡ്. തെലുങ്കിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.