
വവ്വാലുകളില്‍ പുതിയ ആറു തരം കൊറോണ വൈറസുകളെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. പ്ലൊസ് വണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. മ്യാന്‍മാറില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
പൊതുജനാരോഗ്യത്തിന് ഭീഷണിയായേക്കാവുന്ന പകര്‍ച്ചവ്യാധികള്‍ കണ്ടെത്തുന്നതിനും തടയുന്നതിനുമുള്ള ആഗോള ശ്രമങ്ങളെ അറിയിക്കാനും ഈ റിപ്പോര്‍ട്ട് സഹായകമാകുമെന്ന് പറയുന്നു.
ഇന്ത്യയില്‍ കേരളമുള്‍പ്പടെയുള്ള നാലു സംസ്ഥാനങ്ങളിലെ വവ്വാലുകളില്‍ നടത്തിയ പഠനത്തില്‍ കൊറോണ വൈറസ് കണ്ടെത്തിയിരുന്നു.
വവ്വാലുകളുടെ തൊണ്ടയില്‍ നിന്നും മലാശയത്തില്‍ നിന്നുമാണ് സ്രവ സാംപിളുകള്‍ സ്വീകരിച്ചത്. വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് അതീവ ജാഗ്രത പാലിക്കണമെന്ന് ഐസിഎംആറിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
വവ്വാലുകളില്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നും വൈറസ് സ്ഥിരീകരിച്ച മേഖലകളില്‍ മനുഷ്യരിലും വളര്‍ത്തുമൃഗങ്ങളിലും ആന്റിബോഡി സര്‍വേ നടത്തണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.
അമേരിക്കയിലെ സ്മിത്സോണിയന്റെ നാഷണല്‍ സൂ ആന്‍ഡ് കണ്‍സര്‍വേഷന്‍ ബയോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ പറയുന്നതനുസരിച്ച്, മനുഷ്യ ആരോഗ്യത്തിന് ഉണ്ടാകുന്ന അപകടസാധ്യതകളെക്കുറിച്ച് നന്നായി മനസ്സിലാക്കാന്‍ ഈ പഠനങ്ങള്‍ക്ക് സാധിക്കും.
കേരളത്തിനു പുറമെ, തമിഴ്നാട്, പുതുച്ചേരി, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ വവ്വാലുകളിലുമാണ് വൈറസിനെ കണ്ടെത്തിയത്. റൂസെറ്റസ്, പെറ്ററോപസ് വവ്വാലുകളിലാണ് പഠനം നടത്തിയത്.
കൊറോണ വൈറസായ കോവിഡ്-19 രോഗബാധിതരുടെ എണ്ണം ഇന്ത്യയില്‍ അരലക്ഷം കടന്നിരിക്കുകയാണ്. മരണസംഖ്യ 1800നടുത്താണ്.