കൊറോണ വൈറസിന്റെ വ്യാപനത്തെക്കുറിച്ചുള്ള പുതിയ പഠനം ഞെട്ടിക്കുന്നത്.ശ്വാസകോശത്തില്‍ നിന്ന് ദിവസങ്ങള്‍ക്കകം ഹൃദയത്തിലേക്കും തലച്ചോറിലേക്കും മറ്റ് പല പ്രധാനപ്പെട്ട അവയവങ്ങളിലേക്കും വൈറസിന് വ്യാപിക്കാനാവുമെന്നാണ് പഠനത്തില്‍ പറയുന്നത്.
ഇത്തരത്തില്‍ പടരുന്ന വൈറസ് മാസങ്ങളോളം ഇവിടെ തുടരുമെന്നും പഠനം. ദീര്‍ഘകാല കോവിഡ് അടക്കമുള്ള വിഷങ്ങള്‍ക്ക് വ്യക്തമായ വിശദീകരണം നല്കുന്ന ഈ കണ്ടെത്തല്‍ നടത്തിയത് അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിലെ ഗവേഷകരാണ്.
ശ്വാസകോശത്തിന് പുറത്തും പെരുകാന്‍ വൈറസിന് സാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. എന്നാല്‍ ശ്വാസകോശത്തിനുള്ളില്‍ നടക്കുന്ന അത്രയും കാര്യക്ഷമമായ പ്രതിരോധ പ്രതികരണം തലച്ചോര്‍, ഹൃദയം അടക്കമുള്ള അവയവങ്ങളില്‍ വൈറസിനെതിരെ നടക്കുന്നില്ല. ഇതാകാം മാസങ്ങളോളം വൈറസ് ഇവിടങ്ങളില്‍ തുടരാന്‍ കാരണം.
കോവിഡ് മൂലം മരണമടഞ്ഞ 44 രോഗികളുടെ മൃതദേഹ പരിശോധന സമയത്ത് ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച കോശ സംയുക്തങ്ങള്‍ ഗവേഷണത്തിന്റെ ഭാഗമായി പഠനവിധേയമാക്കി.
രോഗികള്‍ മരണപ്പെട്ട് ഒരു ദിവസത്തിനുള്ളിലാണ് ഇവ ശേഖരിച്ചത്. ശ്വാസകോശം, ഹൃദയം, അഡ്രിനല്‍ ഗ്രന്ഥി, ചെറുകുടല്‍ എന്നിങ്ങനെ പല ഇടങ്ങളില്‍ നിന്നായി ശേഖരിച്ച കോശങ്ങളെ സംരക്ഷിക്കാന്‍ വിവിധ മാര്‍ഗങ്ങളും ഗവേഷകര്‍ അവലംബിച്ചു.
230 ദിവസം വരെയൊക്കെ തലച്ചോര്‍ ഉള്‍പ്പെടെ ശരീരത്തിന്റെ പല ഭാഗങ്ങളിലും വൈറസ് ആര്‍എന്‍എയുടെ സാന്നിധ്യം കണ്ടെത്തിയതായി ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു.
വൈറസിന്റെ ദീര്‍ഘകാലമുള്ള ശരീരത്തിലെ സാന്നിധ്യമാകാം ബ്രെയിന്‍ ഫോഗ് പോലുള്ള ദീര്‍ഘകാല കോവിഡ് ലക്ഷണങ്ങളിലേക്ക് നയിക്കുന്നതെന്ന് ഗവേഷകര്‍ അനുമാനിക്കുന്നു.
സാര്‍സ് കോവ്-2 വൈറസ് നേരിട്ട് ഹൃദയ കോശങ്ങളെ ആക്രമിച്ച് നശിപ്പിക്കുമെന്ന മുന്‍ പഠനഫലങ്ങളെയും പുതിയ കണ്ടെത്തലുകള്‍ സാധൂകരിക്കുന്നു.
ഇത് മൂലമാണ് കോവിഡ് രോഗമുക്തി നേടിയവരിലും പിന്നീട് ഹൃദ്രോഗ സംബന്ധമായ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
മിതമായ ലക്ഷണങ്ങളോടു കൂടി കോവിഡ് വന്നവരിലും വൈറസ് രക്തത്തില്‍ കലര്‍ന്ന് പല അവയവങ്ങളിലേക്കും എത്താമെന്നും പിന്നീട് ദീര്‍ഘകാല കോവിഡ് സങ്കീര്‍ണതകള്‍ ഉണ്ടാക്കാമെന്നും പഠനത്തില്‍ പറയുന്നു.