കോവിഡിനെ അതിജീവിച്ചവരില്‍ രോഗം വീണ്ടും വരാനുള്ള സാധ്യത വളരെ കുറവെന്ന് പഠനം. രോഗം ഭേദമായശേഷം ഉണ്ടാകുന്ന സ്വാഭാവിക രോഗപ്രതിരോധശേഷി ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുമെന്നാണ് കോവിഡ് വന്നുപോയ ആയിരത്തിലധികം ആളുകളില്‍ നടത്തിയ പഠനം പറയുന്നത്.
ഒമ്പതു മാസം നീണ്ടു നിന്ന പഠനത്തില്‍ 1081 പേരാണ് പങ്കെടുത്തത്. ഇതില്‍ 13 പേര്‍ മാത്രമാണ് വീണ്ടും കോവിഡ് പോസിറ്റീവായത്. അതായത് കോവിഡ് മുക്തരില്‍ വീണ്ടും രോഗം വരാന്‍ 1.2 ശതമാനം മാത്രമാണ് സാധ്യതയെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.
അതേസമയം 13 പേരിലും നേരിയ തോതില്‍ മാത്രമാണ് രണ്ടാം പ്രാവശ്യം വൈറസ് ബാധ ഉണ്ടായതെന്നും പഠനം വിശദീകരിച്ചു.
അതുകൊണ്ടുതന്നെ കോവിഡ് ഇനിയും ബാധിച്ചിട്ടില്ലാത്ത ആളുകള്‍ക്ക് വാക്സിന്‍ ഉറപ്പാക്കുന്നതുവഴി ആര്‍ജിത പ്രതിരോധശേഷിയിലേക്ക് വളരെപെട്ടെന്ന് എത്താമെന്ന് പഠനം പറയുന്നു.
കോവിഡ് വീണ്ടും വരാനുള്ള സാധ്യത അപൂര്‍വ്വമായതിനാല്‍ തന്നെ വാക്സിനേഷന്‍ പ്രക്രിയയിലെ അവസാനവിഭാഗമായി രോഗം വന്നവരെ കണക്കാക്കിയാല്‍ മതിയെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ സംഘം പറയുന്നത്.
രോഗം വരാത്തവര്‍ക്കായിരിക്കണം ആദ്യ പരിഗണനയെന്നും ഇത് 100 ശതമാനം രോഗപ്രതിരോധ ശേഷി കൈവരിക്കാന്‍ രാജ്യത്തെ സഹായിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ പ്രതീക്ഷിച്ചിരുന്ന കോവിഡ് മൂന്നാം തരംഗം ഈ വര്‍ഷം ഉടനെയുണ്ടാവില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്.