അമിതവണ്ണം ഉണ്ടായാലും വ്യായാമത്തിലൂടെ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നു കരുതുന്നവരാണ് അധികവും. എന്നാല്‍ ശാരീരിക അധ്വാനം കൊണ്ടുമാത്രം അമിതവണ്ണം മൂലമുള്ള ഹൃദ്രോഗ പ്രശ്നങ്ങളെ അകറ്റാനാകില്ലെന്നാണ് പുതിയ പഠനം പറയുന്നത്.
അമിതവണ്ണം ഉണ്ടായിരിക്കെ ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ ഒരാള്‍ക്കാകില്ലെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. സ്പെയിനിലെ യൂറോപ്യന്‍ സര്‍വകലാശാലയിലെ ഡോ. അലജാന്ദ്രോയും സംഘവുമാണ് പഠനം നടത്തിയത്.
അമിത ശരീരഭാരം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സ്ഥിരമായി വ്യായാമം ചെയ്യുന്നത് വഴി കഴിയില്ലെന്ന് ചൂണ്ടിക്കാട്ടാന്‍ രാജ്യവ്യാപകമായി നടത്തിയ ആദ്യ പഠനമാണ് ഇതെന്നാണ് സംഘം അവകാശപ്പെടുന്നത്.
അമിതഭാരം, പൊണ്ണത്തടി എന്നീ പ്രശ്നങ്ങള്‍ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് സ്ഥിരവ്യായാമം കൊണ്ട് തടയിടാമെന്ന ധാരണയെ ആദ്യമായി തള്ളിക്കളയുകയാണ് പഠനം. വ്യായാമം, ശരീരഭാരം, ഹൃദയാരോഗ്യം എന്നിവ തമ്മിലുള്ള ബന്ധം വിശദീകരിക്കുന്നതാണ് പഠനം.
42 വയസ് പ്രായമുള്ള അഞ്ച് ലക്ഷത്തിലധികം ആളുകളിലാണ് പഠനം നടത്തിയത്. സ്വാഭാവിക ശരീരഭാരം, അമിതഭാരം എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളായി പഠനത്തില്‍ പങ്കെടുത്തവരെ തിരിച്ചു. ഇതിനുപുറമെ സ്ഥിരമായി വ്യായാമത്തില്‍ ഏര്‍പ്പെടുന്നവര്‍, ഇടയ്ക്കിടയ്ക്ക് വ്യായാമം ചെയ്യുന്നവര്‍, വ്യായാമം ചെയ്യാത്തവര്‍ എന്ന തരത്തിലും ആളികളെ തരംതിരിച്ചു.
പങ്കെടുത്തവരില്‍ 48ശതമാനം ആളുകളും സാധാരണ ശരീരഭാരം ഉള്ളവരാണ്, 41 ശതമാനം പേര്‍ അമിതഭാരക്കാരായിരുന്നു, മറ്റൊരു 18 ശതമാനം പേര്‍ക്ക് പൊണ്ണതടിയും. കൂടുതല്‍ ആളുകളും വ്യായാമത്തില്‍ ഏര്‍പ്പെടാത്തവരാണ്. 63.5 ശതമാനം പേരാണ് വ്യായാമം ചെയ്യാത്തവരായി ഉണ്ടായിരുന്നത്.
രക്തസമ്മര്‍ദ്ദം, പ്രമേഹം, കൊളസ്ട്രേള്‍ തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചപ്പോള്‍ അമിതവണ്ണം ഉണ്ടെങ്കിലും ഇല്ലെങ്കിലും എല്ലാവരും വ്യായാമത്തില്‍ ഏര്‍പ്പെടേണ്ടതിന്റെ ആവശ്യകത ഗവേഷകര്‍ ചൂണ്ടിക്കാട്ടി.
അതേസമയം അമിതഭാരമുള്ളവരും പൊണ്ണത്തടിക്കാരും ഹൃദ്രോഗാവസ്ഥയില്‍ എത്തിപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് പഠനത്തില്‍ കണ്ടെത്തി.
അമിതഭാരമുണ്ടെങ്കില്‍ സ്ത്രീകളായാലും പുരുഷന്മാരായാലും ഹൃദ്രോഗം മൂലമുള്ള ബുദ്ധിമുട്ടുകള്‍ നേരിടുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. നല്ല ജീവിതചര്യയ്‌ക്കൊപ്പം ശരീരഭാരം കുറയ്ക്കുന്നതിനും ശ്രദ്ധ കൊടുക്കണമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.