വാക്‌സിനേഷനിലൂടെ കോവിഡിനെ പിടിച്ചു കെട്ടാമെന്ന് വിശ്വസിക്കുന്ന രാജ്യമാണ് ഇസ്രയേല്‍. അതിനാല്‍ തന്നെ വാക്‌സിനുകളുടെ ഗുണമേന്മയെപ്പറ്റി അവര്‍ നടത്തുന്ന ഗവേഷണങ്ങളുടെ കൃത്യതയും കൂടുതലാണ്.
ഫൈസര്‍ വാക്‌സിന്‍ നല്‍കുന്ന സംരക്ഷണ വലയം ഭേദിച്ചു കടക്കാന്‍ ദക്ഷിണാഫ്രിക്കന്‍ ഇനത്തിനാകും എന്നാണ് ഒരു കൂട്ടം ഇസ്രയേലി ഗവേഷകര്‍ കണ്ടെത്തിയത്.
എന്നിരുന്നാലും നിലവിലുള്ള വാക്‌സിനുകളില്‍ ഏറ്റവും ഫലക്ഷമതയുള്ളത് ഫൈസര്‍ വാക്‌സിനാണെന്നും അവര്‍ പറയുന്നു. ഇസ്രയേലില്‍ ദക്ഷിണാഫ്രിക്കന്‍ ഇനത്തിന് കാര്യമായ സാന്നിദ്ധ്യമില്ലാത്തതിനാല്‍, ഫൈസര്‍ വാക്‌സിന്‍ ഏറെ ഫലപ്രദമായി എന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.
ഇസ്രയേലിന്റെ മൊത്തം കോവിഡ് കേസുകളില്‍ ഒരു ശതമാനം മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ ഇനമായ ബി. 1. 351 ഉള്ളതെന്നും അവര്‍ പറയുന്നു.
മെഡ്ക്‌സിവ് എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടിലാണ് അവര്‍ ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്. രണ്ട് ഡോസ് വാക്്‌സിന്‍ ലഭിച്ചവരില്‍ വാക്‌സിന്‍ ലഭിക്കാത്തവരെക്കാള്‍ എട്ടിരട്ടി ഈ ഇനത്തിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നതായും അവര്‍ വെളിപ്പെടുത്തി.
ഇതുതന്നെ ഫൈസര്‍ വാക്‌സിന്‍ ദക്ഷിണാഫ്രിക്കന്‍ ഇനത്തെ തടയുന്നതില്‍ പരാജയപ്പെടുന്നു എന്നതിന്റെ തെളിവാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
ഏപ്രില്‍ 16 ന് പ്രസിദ്ധീകരിച്ച മറ്റൊരു റിപ്പോര്‍ട്ടില്‍ പറയുന്നത് രണ്ട് ഡോസ് വാക്‌സിനുകളും എടുത്ത ഗ്രൂപ്പില്‍ ഉള്‍പ്പെടുന്നവരില്‍, (എട്ടുപേര്‍ ഉണ്ടായിരുന്നു ഈ വിഭാഗത്തില്‍) എല്ലാവര്‍ക്കും ബി.1.351 ബാധിച്ചത് രണ്ടാം ഡോസ് എടുത്തതിനുശേഷം ഒരാഴ്ച്ചയ്ക്കും 13 ദിവസത്തിനും ഇടയിലാണെന്നാണ്.
14 ദിവസം കഴിഞ്ഞവരില്‍ ആരിലും ഇതിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടില്ല. വാക്‌സിന്‍ എടുക്കാത്ത, രോഗബാധിതരായ 400 പേരുടെയും, പൂര്‍ണ്ണമായോ ഭാഗികമായോ വാക്‌സിനേഷന്‍ ചെയ്ത ശേഷം രോഗബാധിതരായ 400 പേരുടെയും സ്ഥിതിവിവരക്കണക്കുകള്‍ താരതമ്യം നടത്തി ടെല്‍അവീവ് യൂണിവേഴ്‌സിറ്റിയാണ് ഈ പഠനം നടത്തിയത്.