പെണ്മക്കളെ ഒരു ബാധ്യതയായി കാണുന്ന ധാരാളം ആളുകള്‍ ലോകമെമ്പാടുമുണ്ട്. ഇന്ത്യയുള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങളില്‍ ഒരു സമയത്ത് വന്‍തോതിലുള്ള പെണ്‍ഭ്രൂണ ഹത്യ നടന്നിരുന്നു.
എന്നാല്‍ ഇന്ന് ഇന്ത്യയില്‍ സ്ഥിതി മെച്ചപ്പെട്ടെങ്കിലും മറ്റു പല രാജ്യങ്ങളിലും ഇന്നും ഈ സംഗതി തുടരുകയാണ്. ഈ അവസരത്തില്‍ പെണ്‍കുഞ്ഞുങ്ങളുള്ള അച്ഛന്മാര്ക്ക് സന്തോഷം പകരുന്ന ഒരു വാര്‍ത്തയാണ് പുറത്തു വരുന്നത്.
പെണ്മക്കളുള്ള പിതാക്കന്മാര്ക്ക് ആയുര്‍ദൈര്‍ഘ്യം കൂടുമെന്നാണ് ജാഗിലേണിയന് സര്‍വകലാശാലയിലെ വിദഗ്ധര്‍ നടത്തിയ പഠനത്തിലെ കണ്ടെത്തല്‍.
കുട്ടികളുടെ ജനനവും അമ്മയുടെ ആരോഗ്യവും ധാരാളം ചര്‍ച്ചകള്‍ക്ക് വിഷയമായിട്ടുണ്ടെങ്കിലും അച്ഛന്മാരുടെ ആരോഗ്യവുമായി ഇതിനുള്ള ബന്ധത്തെ പറ്റി ആദ്യമായാണ് പഠനം നടക്കുന്നത്.
ഒരു കുട്ടി ജനിക്കുമ്പോള്‍ പിതാക്കന്മാരുടെ ശരീരവും ആരോഗ്യവും എങ്ങനെ മാറുന്നു എന്നതിനെ പറ്റിയായിരുന്നു ഇവരുടെ പഠനം. 4310 പേരെയാണ് ഇവര്‍ പഠനവിധേയമാക്കിയത്. ഇതില്‍ 2147 അമ്മമാരും 2162 അച്ഛന്മാരുമായിരുന്നു.
ആണ്മക്കളുടെ എണ്ണവും പിതാവിന്റെ ആരോഗ്യവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും എന്നാല്‍ പെണ്കുട്ടികളുണ്ടാവുന്നത് പിതാക്കന്മാരുടെ ആയുര്‍ദൈര്‍ഘ്യത്തെ ബാധിക്കുന്നുണ്ടെന്നുമാണ് കണ്ടെത്തിയത്.
എത്ര പെണ്കുട്ടികളുണ്ടാകുന്നോ അതനുസരിച്ച് 74 ആഴ്ചവരെ പിതാക്കന്മാരുടെ ആയുസ്സ് നീളുന്നതായാണ് പഠനം പറയുന്നത്.
എന്നാല്‍ മകനായാലും മകളായാലും സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യത്തെ മോശമായാണ് ബാധിക്കുന്നതെന്നും പഠനം കണ്ടെത്തിയിട്ടുണ്ട്.
അമ്മമാരുടെ ആരോഗ്യവും ആയുസ്സും ഓരോ പ്രസവത്തോടൊപ്പവും കുറയുന്നു. തനിച്ച് ജീവിക്കുന്ന സ്ത്രീകള്‍ക്കാണ് കൂടുതല്‍ ആയുസ്സെന്നും ഗവേഷകര്‍ പറയുന്നു.
ഇതിനൊപ്പം നടത്തിയ മറ്റൊരു പഠനത്തില്‍, കുട്ടികളുള്ള ദമ്പതികളുടെ ആയുസ്സ് കുട്ടികളില്ലാത്തവരേക്കാള് കൂടുതലാണെന്ന കണ്ടെത്തലും നടത്തിയിട്ടുണ്ട്.