മുളങ്കുന്നത്തുകാവ്: പതിവായി ഇരുചക്ര വാഹനങ്ങൾ മോഷണം പോയിരുന്ന ഗവ. മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തു മോഷ്ടാക്കൾ പുതിയ രീതിയിലേക്കു മാറി.
ഇപ്പോൾ ഇരുചക്ര വാഹനങ്ങൾ അവിടെത്തന്നെയുണ്ടാകും. ഉടമകൾ എത്തി ഓടിച്ചുകൊണ്ടുപോകാൻ നോക്കുന്പോഴാണ് പലതിനും ടയറില്ലെന്നിയുന്നത്..! ഇരുചക്ര വാഹനങ്ങളുടെ ടയറുകൾ അഴിച്ചുകൊണ്ടുപോകുന്നത് ഇവിടെ പതിവായിരിക്കയാണ്.
തീക്കട്ടയിൽ ഉറുന്പരിക്കുമോ എന്നു ചോദിക്കുന്നതുപോലെ, മെഡിക്കൽ കോളജ് സെക്യൂരിറ്റി സൂപ്പർവൈസറുടെ പുതിയ സ് കൂട്ടറിന്റെ ടയറുകൾവരെ മോഷണം പോയി. അതും പട്ടാപ്പകൽ.
രാവിലെ മോഷ്ടാവ് ടയർ അഴിച്ചുകൊണ്ടുപോകുന്ന ദൃശ്യം സിസിടിവി കാമറയിൽ പരിശോധിച്ചപ്പോൾ കണ്ടെത്തി. നൂറുകണക്കിനാളുകളുടെ മുന്പിലൂടെയാണു മോഷ്ടാക്കൾ ടയറുമായി പോകുന്നത്.
ടയർ അഴിക്കുന്പോൾ പഞ്ചറായ ടയർ അഴിച്ചു കൊണ്ടുപോകുന്നതാണെന്നാണ് എല്ലാവരും കരുതുന്നത്. അതിനാൽ ആരും ഇതു ശ്രദ്ധിക്കില്ല. ഈ സാഹചര്യം മുതലാക്കിയാണ് ടയർ മോഷ്ടാക്കൾ പുതിയ രീതി അവലംബിച്ചിരിക്കുന്നത്.
കോളജ് കാന്പസിൽ ഇരുചക്ര വാഹനങ്ങളുടെ മോഷണം പതിവായിരുന്നു. സുരക്ഷാജീവനക്കാരും പോലീസും സുരക്ഷ കർശനമാക്കുകയും സിസിടിവികൾ സ്ഥാപിക്കുകയും ചെയ്തതോടെ വാഹനങ്ങൾ മോഷ്ടിക്കുന്നതു കുറഞ്ഞിരുന്നു.
എന്നാൽ, ഇപ്പോൾ ടയർ മോഷണത്തിലേക്കാണ് മോഷ്ടാക്കൾ തിരിഞ്ഞിരിക്കുന്നത്. പുതിയ ടയറുകൾക്കും വീലിനുമടക്കം ഏഴായിരം രൂപയോളം വിലവരും.